കര്‍ണാടകത്തില്‍ പ്രതിപക്ഷത്തിനു തിരിച്ചടി; രണ്ട് റൗണ്ട് കഴിയുമ്പോള്‍ ബി.ജെ.പിക്ക് ആധിപത്യം; ഹോസ്‌കോട്ടെയില്‍ അട്ടിമറി?
by ന്യൂസ് ഡെസ്ക്ബെംഗളൂരു: കര്‍ണാടകത്തില്‍ 15 മണ്ഡലങ്ങളിലേക്കു നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങി. വോട്ടെണ്ണല്‍ രണ്ട് റൗണ്ട് പിന്നിടുമ്പോള്‍ ബി.ജെ.പി 10 സീറ്റിലും കോണ്‍ഗ്രസും ജെ.ഡി.എസും രണ്ടു വീതം സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.
ആദ്യഘട്ട ട്രെന്‍ഡിങ്ങില്‍ ബി.ജെ.പി പുലര്‍ത്തുന്ന ആധിപത്യം പ്രതിപക്ഷത്തിന് ആശങ്ക നല്‍കുന്നതാണ്. ആറ് സീറ്റാണ് ബി.ജെ.പിക്കു ഭരണം നിലനിര്‍ത്താന്‍ ഏറ്റവും കുറഞ്ഞതു വേണ്ടത്. ഈ സാഹചര്യത്തിലാണ് 10 സീറ്റിലെങ്കിലും അവര്‍ മുന്നില്‍നില്‍ക്കുന്നത്.
യെല്ലാപുര്‍, ചിക്കബല്ലപുര്‍, വിജയനഗര, മഹാലക്ഷ്മി, ഗോകക് തുടങ്ങിയ പ്രമുഖ മണ്ഡലങ്ങളില്‍ ബി.ജെ.പി മുന്നില്‍ നില്‍ക്കുമ്പോള്‍, കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത് ശിവാജിനഗര്‍, ഹുനാസുരു മണ്ഡലങ്ങളിലാണ്. ജെ.ഡി.എസാകട്ടെ, കൃഷ്ണരാജപേട്ടില്‍ ലീഡ് ചെയ്യുന്നുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം ഹോസ്‌കോട്ടെ മണ്ഡലത്തില്‍ പ്രതീക്ഷിച്ച അട്ടിമറിക്ക് അനുകൂലമായാണു കാര്യങ്ങള്‍ സംഭവിക്കുന്നത്.
ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ഥികളെ പിന്നിലാക്കി സ്വതന്ത്രനും മുന്‍ ബി.ജെ.പി നേതാവുമായ ശരത് ബച്ചെഗൗഡയാണ് ഇപ്പോള്‍ 1,700 വോട്ടിന് ലീഡ് ചെയ്യുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുമലതയ്ക്കു വേണ്ടി മാണ്ഡ്യയില്‍ പ്രചാരണം നയിച്ചത് ശരത്താണ്.
13 സീറ്റ് നേടുമെന്നാണ് തങ്ങളുടെ കണക്കുകൂട്ടലെന്ന് ബി.ജെ.പി വക്താവ് വമന്‍ ആചാര്യ പറഞ്ഞു.
എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായിരുന്നെങ്കിലും സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തുമെന്നാണ് കോണ്‍ഗ്രസിന്റേയും ജെ.ഡി.എസിന്റേയും അവകാശവാദം. ഉപതെരഞ്ഞെടുപ്പ് നടന്നതില്‍ പന്ത്രണ്ടെണ്ണം കോണ്‍ഗ്രസിന്റേയും മൂന്നെണ്ണം ജെ.ഡി.എസിന്റേയും സിറ്റിങ് സീറ്റുകളാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പതിനൊന്ന് കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍. പത്ത് മണിയോടെ ഫലം വ്യക്തമാവും. 67.91 ശതമാനമായിരുന്നു പോളിംഗ്.