കിമ്മിന്റെ പരീക്ഷണം യുഎസിനുള്ള ക്രിസ്മസ് സമ്മാനമോ? നഷ്ടപ്പെടാൻ ഏറെയെന്ന് ട്രംപ്
by മനോരമ ലേഖകൻസോൾ/വാഷിങ്ടൻ∙ ആണവ മിസൈൽ പരീക്ഷണങ്ങൾ നിർത്തിവയ്ക്കുന്നതിന്റെ കാലാവധി സിസംബർ 31 അവസാനിക്കാനിരിക്കെ യുഎസിനു മേൽ സമ്മർദ്ദ തന്ത്രങ്ങളുമായി ഉത്തര കൊറിയ. സോഹെയ് ഉപഗ്രഹ വിക്ഷേപണകേന്ദ്രത്തിൽനിന്ന് സുപ്രധാന പരീക്ഷണം നടത്തിയതായി ഉത്തര കൊറിയ അവകാശവാദം ഉന്നയിച്ചു രംഗത്തെത്തി. ഉത്തര കൊറിയയുടെ ഔദ്യോഗിക ഏജന്‍സിയായ കെസിഎന്‍എയാണ് വാർത്ത പുറത്തു വിട്ടത്.
എന്നാൽ എന്തു തരത്തിലുള്ള പരീക്ഷണമാണ് നടത്തിയതെന്ന് വ്യക്തമാക്കിയില്ല. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണമോ ഉപഗ്രഹ വിക്ഷേപണത്തിനുള്ള പരീക്ഷണമോ ആയിരിക്കാമെന്നാണു നിഗമനം. സമീപ ഭാവിയില്‍ ഉത്തര കൊറിയയുടെ തന്ത്രപ്രധാനമേഖലകളില്‍ മാറ്റം വരുത്താൻ തക്കവണ്ണം സുപ്രധാനമായ പരീക്ഷണമാണു നടന്നതെന്നും വിജയകരമായിരുന്നുവെന്നും കെസിഎന്‍എ ഞായറാഴ്ച പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു.
സുപ്രധാന പരീക്ഷണം നടത്തിയെന്ന ഉത്തരകൊറിയൻ ഭരണാധികാരി കിങ് ജോങ് ഉന്നിന്റെ പ്രസ്താവനയ്ക്കു പിന്നാലെ ഉത്തര കൊറിയയ്ക്കു മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. കിങ് ജോങ് മിടുക്കനാണ് അയാൾക്കു നഷ്ടപ്പെടാൻ ഒരുപാട് ഉണ്ട്. ശത്രുപക്ഷത്ത് നിൽക്കാനാണ് അയാൾ ആഗ്രഹിക്കുന്നതെങ്കിൽ അമേരിക്കയുമായുള്ള നല്ല ബന്ധം അയാൾക്കു ഉപേക്ഷിക്കേണ്ടി വരും– ട്രംപ് പറഞ്ഞു.
മിസൈൽ പരീക്ഷണങ്ങൾ നിർത്തിവയ്ക്കുന്നതിന്റെ കാലാവധി സിസംബർ 31 നാണ് അവസാനിക്കുന്നതെങ്കിലും ഉത്തര കൊറിയയ്ക്കെതിരെ ഏർപ്പെടുത്തിയ ഉപരോധം യുഎസ് ഇപ്പോഴും തുടരുന്നതിൽ ഉത്തരകൊറിയയ്ക്കു കടുത്ത അമർഷം ഉണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ ഹനോയിയിൽ ഇരുനേതാക്കളും പങ്കെടുത്ത ഉച്ചകോടി പരാജയപ്പെട്ടതിനെ തുടർന്നു പ്രശ്നപരിഹാരത്തിനു ഇരുരാജ്യങ്ങളിൽ നിന്ന് ശ്രമമുണ്ടായില്ല. എകപക്ഷീയമായ നിലപാടുകളുമായി യുഎസ് ചർച്ചയ്ക്കായി വരേണ്ടതില്ലെന്നായിരുന്നു കിങ് ജോങ് ഉന്നിന്റെ നിലപാട്.
സോഹെയ് ഉപഗ്രഹ വിക്ഷേപണകേന്ദ്രത്തിൽ നിന്നുള്ള പരീക്ഷണത്തോടെ യുഎസുമായുള്ള ആണവ ചർച്ച പുനരാംരംഭിക്കാനുള്ള സാധ്യതകൾ ഉത്തര കൊറിയ അടച്ചു കളഞ്ഞതായാണ് പൊതുവെയുള്ള വിലയിരുത്തൽ. ഹനോയ് ഉച്ചക്കോടിക്കു ശേഷം യുഎന്നിന്റേതടക്കമുള്ള വിലക്കുകൾ കാറ്റിൽ പറത്തി ഉത്തരകൊറിയ മിസൈൽ പരീക്ഷണങ്ങൾ നടത്തിയത് യുഎസിനെ െചാടിപ്പിച്ചിരുന്നു. തങ്ങളുടെ സൈനിക ശക്തിയിൽ ഊറ്റംകൊള്ളാനാണ് യുഎസ് ശ്രമിക്കുന്നതെങ്കിൽ ഇത്തവണ യുഎസിന് അർഹിക്കുന്ന ക്രിസ്മസ് സമ്മാനം നൽകുമെന്നു കിങ് ജോങ് ഉൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകിയിരുന്നു.
ഉത്തര കൊറിയയോട് യുഎസ് ശത്രുതാ മനോഭാവമാണ് പുലർത്തുന്നതെന്നും യുഎസുമായുള്ള ദീർഘമായ ചർച്ചകൾ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ഉത്തര കൊറിയയുടെ യുഎൻ അംബാസിഡർ കിം സോങ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആണവ നിരായുധീകരണം ചർച്ചയ്ക്ക് പുറത്താണെന്നു കൂടെകൂടെ ഉത്തര കൊറിയ ആവർത്തിക്കുന്നുണ്ടെങ്കിലും ഉത്തര കൊറിയയുമായി ആണവ നിർവ്യാപനകരാർ ഒപ്പിടാൻ കഴിയുമെന്നു തന്നെയാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് കഴിഞ്ഞ ശനിയാഴ്ച ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ട്രംപിന്റെ പ്രസ്താവന പുറത്തു വന്നതിന്റെ പിറ്റെദിവസം തന്നെ സുപ്രധാന പരീക്ഷണം നടത്തിയതായി അവകാശവാദം ഉന്നയിച്ച് ഉത്തരകൊറിയ രംഗത്തെത്തുകയും ചെയ്തു.
ചൈനയോടു ചേർന്നു സ്ഥിതിചെയ്യുന്ന കൊറിയയിലെ വിശുദ്ധ പർവതമായ പക്‌തുവിൽ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് വെള്ളക്കുതിരയിൽ സവാരി നടത്തിയത് യുഎസിനുളള ‘ക്രിസ്മസ് സമ്മാനം’ വരുന്നുണ്ടെന്ന ദുഃസൂചനയായി തന്നെയാണ് ലോകം വിലയിരുത്തിയിരുന്നത്. ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണത്തെ കുറിച്ച് നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ (നാറ്റോ) ഉച്ചകോടിയിൽ മാധ്യമപ്രവർത്തകർ ട്രംപിനോട് ചോദിച്ചപ്പോൾ പരിഹാസമായിരുന്നു മറുപടി. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു ‘റോക്കറ്റ്മാൻ’ എന്ന് അധിക്ഷേപ ചുവയോടെ ട്രംപ് വിശേഷിപ്പിച്ചത് കിം ജോങ് ഉന്നിനെ വല്ലാതെ മുറിവേൽപ്പിച്ചെന്ന് കൊറിയൻ പീപ്പീൾസ് ആർമി ചീഫ് ഓഫ് സ്റ്റാഫ് പാക് ജോങ് ചോൻ വെളിപ്പെടുത്തിയിരുന്നു.
2017 ജൂലൈയിൽ യുഎസ് അധീനതയിലുള്ള ഹവായ് ദ്വീപ് വരെ എത്താൻ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തോടെയാണു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും ശത്രുപക്ഷത്ത് അണിനിരന്നത്. 2017ൽ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ ആദ്യ പരീക്ഷണം ഉത്തര കൊറിയ നടത്തിയതു യുഎസിനുള്ള സമ്മാനമെന്നു വിശേഷിപ്പിച്ചായിരുന്നു. ക്രിസ്മസ് സമ്മാനം ഉടൻ തന്നെയെന്നു ഉത്തര കൊറിയ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയതോടെ വിനാശകരമായ എന്തോ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
English Summary: Trump warns Kim could lose 'special relationship' after North Korea claims 'important' test at missile site