https://img-mm.manoramaonline.com/content/dam/mm/mo/sports/cricket/images/2019/12/8/duplessis-viljoen-remi-rhynners.jpg
ഫാഫ് ഡുപ്ലേസി, ഹാർദുസ് വിൽജോയനും റെമിയും.

വിൽജോയൻ ഇന്നില്ല, എന്റെ പെങ്ങൾക്കൊപ്പം കിടക്കയിലാണ്: ‘ഞെട്ടിച്ച്’ ഡുപ്ലേസി

by

ജൊഹാനാസ്ബർഗ്∙ എന്നാലും എന്റെ ഡുപ്ലേസീീീീീീ.... ദക്ഷിണാഫ്രിക്കയിലെ ആഭ്യന്തര ട്വന്റി20 ലീഗായ മാൻസി സൂപ്പർ ലീഗിനിടെ ദക്ഷിണാഫ്രിക്കൻ നായകൻ കൂടിയായ ഫാഫ് ഡുപ്ലേസി നടത്തിയൊരു പ്രസ്താവനയാണ് ഇപ്പോൾ ക്രിക്കറ്റ് വൃത്തങ്ങളിലെ ഏറ്റവും വലിയ ചർച്ചാവിഷയം. ലീഗിൽ പാൾ റോക്സിന്റെ നായകനായ ഡുപ്ലേസി, നെൽസൺ മണ്ഡേല ബേ ജയന്റ്സിനെതിരായ മത്സരത്തിനു മുന്നോടിയായി ടോസിങ്ങിനെത്തിയപ്പോഴാണ് രസകരമായ ഈ ‘വൈറൽ പരാമർശം’ നടത്തിയത്.

മത്സരത്തിനു മുന്നോടിയായി ടോസിങ്ങിനായി ഡുപ്ലേസിയും ബേ ജയന്റ്സ് ക്യാപ്റ്റൻ ട്രവർ സ്മുട്സും കളത്തിലെത്തി. ടോസ് നേടിയത് സ്മുട്സ്. ഫീൽഡിങ് തിരഞ്ഞെടുക്കുന്നതായി അറിയിച്ച് സ്മുട്സ് പവലിയനിലേക്കു മടങ്ങി. തുടർന്ന് അവതാരകൻ ഡുപ്ലേസിയുടെ നേർക്ക് മൈക്ക് നീട്ടി. ടീമിൽ എന്തെങ്കിലും മാറ്റമുണ്ടോ എന്ന് ആരാഞ്ഞു. ഡുപ്ലേസിയുടെ മറുപടി ഇങ്ങനെ:

‘ഒരു മാറ്റമുണ്ട്. വിൽജോയൻ ഇന്ന് കളിക്കുന്നില്ല. അദ്ദേഹം എന്റെ പെങ്ങൾക്കൊപ്പം കിടക്കയിലാണ്. അവരുടെ വിവാഹം ഇന്നലെയായിരുന്നു.’

ഡുപ്ലേസിയുടെ മറുപടി കേട്ട് ആദ്യം അമ്പരന്ന അവതാരകൻ പിന്നീട് പൊട്ടിച്ചിരിയോടെയാണ് പ്രതികരിച്ചത്. ഡുപ്ലേസിയുടെ മറുപടി കേട്ട ആരാധകരുടെ കാര്യവും അങ്ങനെ തന്നെ. എന്തായാലും ഡുപ്ലേസിയുടെ മറുപടിയും അതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

ഡുപ്ലേസിയുടെ മറുപടിക്കു പിന്നാലെ പോയ ആരാധകർക്ക് പതിയെ കാര്യങ്ങളുടെ കിടപ്പുവശം പിടികിട്ടി. ദക്ഷിണാഫ്രിക്കൻ താരം ഹാർദുസ് വിൽജോയനും ഡുപ്ലേസിയുടെ സഹോദരി റെമി റൈനേഴ്സും തമ്മിൽ പ്രണയത്തിലായിരുന്നു. അവരുടെ വിവാഹം മേൽപ്പറഞ്ഞ മത്സരത്തിന്റെ തൊട്ടുതലേന്നുമായിരുന്നു. വിവാഹത്തിന്റെ പശ്ചാത്തലത്തിൽ മത്സരത്തിന് വിൽജോയൻ ഉണ്ടാകില്ലെന്നാണ് ഡുപ്ലേസി പറഞ്ഞത്. അത് ‘ഡുപ്ലേസി ശൈലി’യിൽ അവതരിപ്പിച്ചെന്നേ ഉള്ളൂ!

എന്തായാലും മത്സരം ജയിച്ച പാൾ റോക്സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാൾ റോക്സ് നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 168 റൺസാണെടുത്തത്. ബേ ജയന്റ്സിന്റെ മറുപടി ആറു വിക്കറ്റ് നഷ്ടത്തിൽ 156 റൺസിൽ ഒതുങ്ങി. 10 മത്സരങ്ങളിൽനിന്ന് ആറാം ജയം കുറിച്ച പാൾ റോക്സ് 27 പോയിന്റുമായാണ് ഒന്നാമതുള്ളത്. മത്സരം തോറ്റെങ്കിലും 10 മത്സരങ്ങളിൽനിന്ന് 27 പോയിന്റുമായി ബേ ജയന്റ്സ് രണ്ടാമതുണ്ട്.

∙ ഹാർദുസ് വിൽജോയൻ

ഫാഫ് ഡുപ്ലേസിയുടെ ‘നവ അളിയൻ’ ഹാർദുസ് വിൽജോയൻ അത്ര നിസാരനല്ല. 2016ൽ ദക്ഷിണാഫ്രിക്കൻ ജഴ്സിയിൽ അരങ്ങേറ്റം കുറിച്ച ടെസ്റ്റ് മത്സരത്തിൽ ആദ്യ പന്തിൽത്തന്നെ വിക്കറ്റ് വീഴ്ത്തിയ താരമാണ് അദ്ദേഹം. മുൻ ഇംഗ്ലണ്ട് ഓപ്പണർ അലസ്റ്റയർ കുക്കിനെയാണ് അന്ന് വിൽജോയൻ മടക്കിയത്. ഈ നേട്ടം കൈവരിക്കുന്ന 20–ാമത്തെ മാത്രം താരവുമായിരുന്നു. പക്ഷേ, മുപ്പതുകാരനായ വിൽജോയന്റെ രാജ്യാന്തര കരിയറിലെ ഏക വിക്കറ്റ് നേട്ടമായി ഇപ്പോഴും അത് അവശേഷിക്കുന്നു. ആ മത്സരം ഏക രാജ്യാന്തര മത്സരവും!

അതേസമയം, രാജ്യന്തര കരിയറിൽ ഒരേയൊരു മത്സരം മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും ഇന്ത്യൻ ആരാധകർക്ക് സുപരിചിതനാണ് വിൽജോയൻ. ഇന്ത്യൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ സീസണിൽ കിങ്സ് ഇലവൻ പഞ്ചാബിന്റെ പ്രധാന ബോളറായിരുന്നു വിൽജോയൻ. ആറു മത്സരങ്ങൾ കളിച്ച വിൽജോയൻ ഏഴു വിക്കറ്റും വീഴ്ത്തി. ഈ സീസണിൽ ടീം നിലനിർത്തിയ വിദേശ താരങ്ങളിൽ ഒരാളുമാണ് വിൽജോയൻ.

English Summary: Viljoen not playing, he’s lying in bed with my sister: du Plessis's hilarious reply at coin toss