https://img-mm.manoramaonline.com/content/dam/mm/mo/sports/cricket/images/2019/12/9/shastri-sanju.jpg
മത്സരത്തിനു തൊട്ടുമുൻപ് ശാസ്ത്രിയും സഞ്ജുവും.

ആർത്തലച്ച് ഫാൻസ്, കയ്യടിച്ച് ബിസിസിഐ, കെട്ടിപ്പിടിച്ച് ശാസ്ത്രി; എന്നിട്ടും സ‍ഞ്ജു ഔട്ട്!

by

തിരുവനന്തപുരം ∙ ‘ഒരു കളിക്കാരൻ പരിശീലനത്തിന് ഇറങ്ങിയപ്പോൾ സ്റ്റേഡിയത്തിലാകെ വലിയ ആരവം. അല്ല, അത് വിരാട് കോലിയല്ല. സഞ്ജു സാംസണാണ്’ – കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യയും വിൻഡീസും തമ്മിൽ കൊമ്പുകോർക്കുന്നതിനു തൊട്ടുമുൻപ് ഹർഷ ഭോഗ്‍ലെ കുറിച്ചിട്ട ഈ വാക്കുകളിലുണ്ട്, സഞ്ജുവിനോടു മലയാളികൾക്കുള്ള ഇഷ്ടം. സഞ്ജു കളിക്കുമെന്ന പ്രതീക്ഷയിൽ ഈ നാളത്രെയും കാത്തിരുന്നതിന്റെ ആവേശവും. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ നിമിഷം മുതൽ മലയാളി ആരാധകർ അക്ഷരാർഥത്തിൽ സഞ്ജുവിനെ ഏറ്റെടുക്കുകയായിരുന്നു.

ഹൈദരാബാദിൽ തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് നടത്തിയതിന്റെ ചൂടാറുംമുൻപേ തിരുവനന്തപുരത്തെത്തിയ സാക്ഷാൽ വിരാട് കോലിക്കു കിട്ടിയതിനേക്കാൾ വലിയ സ്വീകരണമാണ് സ‍ഞ്ജുവിന് ആരാധകർ നൽകിയത്. കോലിക്കു പോലും അസൂയ തോന്നിക്കാണും. അതിന്റെ തുടർച്ചയായിരുന്നു ഭോഗ്‌ലെയെക്കൊണ്ടു ട്വീറ്റ് ചെയ്യിച്ച ഗ്രീൻഫീൽഡിലെ ആരവം.

സഞ്ജു കളിച്ചേക്കും എന്നു തോന്നിപ്പിക്കുന്ന സംഭവങ്ങളാണ് മത്സരത്തിനു മുൻപ് സ്റ്റേഡിയത്തിലുണ്ടായത്. ഇന്ത്യൻ ടീം സ്പോർട്സ് ഹബ് മൈതാനത്തെത്തിയതു മുതൽ പണ്ടത്തെ സച്ചിൻ, സച്ചിൻ മാതൃകയിൽ സഞ്ജു, സഞ്ജു ആർപ്പുവിളികൾ മുഴങ്ങി. വാം അപ്പിനായി സഞ്ജു ഗ്രൗണ്ടിലെത്തിയതോടെ സ്റ്റേഡിയം പ്രകമ്പനം കൊണ്ടു. പിച്ച് പരിശോധിക്കുകയായിരുന്ന കോച്ച് രവി ശാസ്ത്രി പോലും അദ്ഭുതപ്പെട്ടു. ‘ഞാനെന്തു ചെയ്യാനാണ്’ എന്ന മട്ടിൽ സഞ്ജു കൈമലർത്തി.

കാണികളുടെ ആരവത്തിനിടെ സഞ്ജുവിന്റെ അടുത്തെത്തിയ രവി ശാസ്ത്രി കെട്ടിപ്പിടിച്ച് സ്നേഹപൂർവം സഞ്ജുവിനെ ഇടിക്കുന്ന ആംഗ്യം കാണിച്ചു. ഇതോടെ കാണികളും ഹരത്തിലായി. പിന്നീട് തോളിൽ തട്ടി പ്രോൽസാഹിപ്പിച്ച ശാസ്ത്രി സഞ്ജുവിനോട് കീപ്പിങ് പരിശീലിക്കാൻ നിർദേശിച്ചു. ഏറെ നേരം വിക്കറ്റ് കീപ്പിങ് പരിശീലനം നടത്തിയതോടെ സഞ്ജു ടീമിലുണ്ടാകുമെന്നു കാണികളുടെ പ്രതീക്ഷ. സ്ഥിരം വിക്കറ്റ് കീപ്പറായ ഋഷഭ് പന്ത് ആകട്ടെ ബാറ്റിങ് പരിശീലനം മാത്രമേ നടത്തിയുള്ളൂ. സഞ്ജു ടീമിലുണ്ടാകുമെന്ന പ്രതീക്ഷയിൽ അച്ഛനും അമ്മയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും സ്റ്റേഡിയത്തിലുണ്ടായിരുന്നു.

പറഞ്ഞിട്ടെന്ത്, കാര്യത്തോടടുത്തപ്പോൾ കാര്യവട്ടത്തും സഞ്ജു ബെഞ്ചിലായി. ആരാധകർ നിരാശരായി. മത്സരത്തിൽ ടോസ് നേടിയ വിൻഡീസ് നായകൻ കീറോൺ പൊള്ളാർഡ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടമായതിൽ വിരാട് കോലിക്കു തോന്നിയതിലും നിരാശയാണ് തൊട്ടുപിന്നാലെ കോലി മലയാളി ആരാധകർക്കു സമ്മാനിച്ചത്. കഴിഞ്ഞ മത്സരത്തിലെ ടീമിനെ അതേപടി നിലനിർത്തുന്നതായി കോലി അറിയിച്ചതോടെ സ്റ്റേഡിയം തിങ്ങിനിറഞ്ഞെത്തിയ ആരാധകർ നിശബ്ദരായി. പിന്നെ കൂവലോടെ പ്രതികരിച്ചു. മത്സരത്തിനിടെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ഭുവനേശ്വർ കുമാറിന്റെ പന്തിൽ വിൻഡീസ് ഓപ്പണർ എവിൻ ലൂയിസിനെ കൈവിട്ടപ്പോഴും ‘സഞ്ജു, സഞ്ജു’ വിളികൾ ഉച്ചത്തിലായി.

മത്സരത്തിനു തൊട്ടുമുൻപ് മൈതാനത്ത് സഞ്ജുവിനെ കെട്ടിപ്പിടിച്ച പരിശീലകൻ രവി ശാസ്ത്രി, താരം കളിച്ചേക്കുമെന്ന സൂചനയാണ് നൽകിയതെന്ന് വിലയിരുത്തിയവർക്കു തെറ്റി. ഒരിക്കൽക്കൂടി അവസരം നിഷേധിക്കപ്പെട്ട സഞ്ജുവിനുള്ള ഇന്ത്യൻ ടീമിന്റെ ‘സമ്മാന’മായിരുന്നു പരിശീലകൻ രവി ശാസ്ത്രിയുടെ കെട്ടിപ്പിടുത്തം. കളിക്കാൻ അവസരം ലഭിക്കാതിരുന്നതിന്റെ നിരാശ ആ ആശ്ലേഷത്തിലും സ്റ്റേഡിയത്തിലെ നാൽപ്പതിനായിരത്തോളം വരുന്ന കാണികളുടെ പിന്തുണയിലും സഞ്ജു മറന്നിട്ടുണ്ടാകും!

ഇന്ത്യ‌‌ ജയിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ആരാധകരെ അത്രയൊന്നും ഏശാതെ പോകുമായിരുന്ന സ‍ഞ്ജുവിന്റെ അസാന്നിധ്യം, കൂറ്റൻ തോൽവിയോടെ ഇരട്ടിയായി അലട്ടിയെന്നതാണ് സത്യം. സഞ്ജുവിന് അവസരം നല്‍കാതെ ടീം തോറ്റതിൽ അത്രയൊന്നും സങ്കടമില്ലെന്ന് സമൂഹമാധ്യമങ്ങളിൽ കുറിച്ചിട്ടവർ പോലുമുണ്ട്. പിന്നീട് പന്ത്രണ്ടാമനായി കളിക്കാർക്ക് ഗ്ലവ്വും ഹെൽമറ്റുമായി സഞ്ജു ഗ്രൗണ്ടിലെത്തിയപ്പോഴൊക്കെ സ്റ്റേഡിയം ആരവങ്ങളോടെ പിന്തുണയേകി. ഞങ്ങളുണ്ട് കൂടെയെന്ന ഉറപ്പോടെ...

English Summary: Thiruvananthapuram cheers for local boy Sanju Samson bu he again benched