https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2019/12/9/newzealand.jpg

വൈറ്റ് ഐലന്‍ഡ് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു; നിരവധി പേര്‍ കുടുങ്ങി-വിഡിയോ

by

വെല്ലിങ്ടണ്‍∙ ന്യൂസിലന്‍ഡിലെ വൈറ്റ് ഐലന്‍ഡ് അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് നിരവധി വിനോദ സഞ്ചാരികളെ കാണാതായി. നിരവധി പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. ന്യൂസിലന്‍ഡിന്റെ വടക്കന്‍ തീരത്തുനിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ദ്വീപില്‍ നൂറുകണക്കിനു വിനോദ സഞ്ചാരികള്‍ ഉള്ളപ്പോഴാണ് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചത്. ന്യൂസിലാന്‍ഡിലെ സജീവ അഗ്നിപര്‍വതങ്ങളുടെ പട്ടികയിലുള്ള വൈറ്റ് ഐലന്‍ഡിന്റെ 70 ശതമാനവും കടലിനടയിലാണ്. വക്കാരി അഗ്നിപര്‍വതം എന്നും ഇത് അറിയപ്പെടുന്നുണ്ട്. 

പ്രാദേശിക സമയം ഉച്ചയ്ക്ക് 2.11-നായിരുന്നു സംഭവം. വിനോദസഞ്ചാരികളില്‍ പലരേയും തീരത്തു തിരിച്ചെത്തിച്ചതായി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. തീരത്തെത്തിച്ച ഒരാളുടെ നില ഗുരുതരമാണ്. അഗ്നിപര്‍വതം പൊട്ടുന്നതിനു തൊട്ടുമുമ്പ് വിനോദസഞ്ചാരികള്‍ അതിനു തൊട്ടടുത്ത് നില്‍ക്കുന്നതു കണ്ടതായി രക്ഷപ്പെട്ടവര്‍ പറഞ്ഞു.

നിരവധി ഹെലികോപ്ടറുകള്‍ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സ്‌ഫോടനത്തിനു തൊട്ടുമുമ്പ് ഒരു ഹെലികോപ്ടറില്‍ നാലു വിനോദസഞ്ചാരികള്‍ ദ്വീപില്‍ ലാന്‍ഡ് ചെയ്തതായി അധികൃതര്‍ പറഞ്ഞു. പിന്നീട് ഇവരെക്കുറിച്ച് വിവരമില്ല. പ്രതിവര്‍ഷം 10000 വിനോദസഞ്ചാരികളാണ് അഗ്നിപര്‍വതം കാണാനായി ദ്വീപില്‍ എത്തുന്നത്. 2016-ലും അഗ്നിപര്‍വതം പൊട്ടിയിരുന്നു. സ്‌ഫോടനമുണ്ടായാല്‍ താല്‍ക്കാലിക സുരക്ഷാകേന്ദ്രമൊരുക്കാന്‍ 2016 ഓഗസ്റ്റില്‍ 2.4 ടണ്‍ ഷിപ്പിങ് കണ്ടെയ്‌നര്‍ വ്യോമസേന ദ്വീപില്‍ എത്തിച്ചിരുന്നു.

English Summary: New Zealand volcano: tourists injured and missing after eruption on White Island