അതിക്രമിച്ചു വീട് കയറി ആക്രമണം; പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തു
by Janam TV Web Deskതിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകയുടെ വീട്ടില്‍ രാത്രി അതിക്രമിച്ച് കയറി ആക്രമിക്കാന്‍ ശ്രമിച്ച പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തു. സെക്രട്ടറി ചുമതലയുള്ള ജോയിന്റ് സെക്രട്ടറിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
സദാചാര ഗുണ്ടായിസം നടത്തിയ രാധാകൃഷ്ണനെതിരെ നടപടി ആവശ്യപ്പെട്ട് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ പരാതിയില്‍ രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പ്രസ്‌ക്ലബ് രാധാകൃഷ്ണനെ സംരക്ഷിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം.
ശനിയാഴ്ച രാത്രി പത്തുമണിയോടെ യുവതിയുടെ സഹപ്രവര്‍ത്തകന്‍ വീട്ടിലെത്തിയതിനെ ചോദ്യം ചെയ്താണ് രാധാകൃഷ്ണനും സംഘവും മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയത്. സംഭവത്തെ ചോദ്യം ചെയ്യുകയും മാധ്യമ പ്രവര്‍ത്തകയ്ക്കു നേരെ ദേഹോപദ്രവം നടത്തുകയും ചെയ്തതെന്നാണ് പരാതി.
സ്ത്രീത്വത്തെ അപമാനിക്കുക, മര്‍ദ്ദിക്കുക, തടഞ്ഞുവെക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പ്രസ് ക്ലബ് സെക്രട്ടറിയെ കൂടാതെ പേട്ട സ്വദേശികളായ അശ്വിന്‍, അഡ്വക്കേറ്റ് രാധികാ ദേവി, ഹരി, അനീഷ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.