https://janamtv.com/wp-content/uploads/2019/12/nirbaya.jpg

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഉടന്‍; തൂക്കിലേറ്റുന്നത് നിര്‍ഭയാ ദിനത്തിലെന്ന് സൂചന

by

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ അടുത്ത ആഴ്ച നടപ്പാക്കിയേക്കും. തിങ്കളാഴ്ച രാവിലെ അഞ്ചു മണിയോടെ പ്രതികളെ തൂക്കിലേറ്റുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി പെണ്‍കുട്ടി ക്രൂരമാനഭംഗത്തിന് ഇരയായിട്ട് ഏഴ് വര്‍ഷം തികയുന്ന ദിനമാണ് തിങ്കളാഴ്ച.

പ്രതി വിനയ് ശര്‍മ്മ സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി തള്ളും. നിര്‍ഭയ കേസില്‍ സമര്‍പ്പിച്ച ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരുന്നു. വധ ശിക്ഷ കാത്തു കഴിയുന്ന നാലു പേരില്‍ ഒരാള്‍ മാത്രമാണ് ദയാ ഹര്‍ജി സമര്‍പ്പിച്ചത്. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് മാപ്പിന് അര്‍ഹതയില്ലെന്ന് രാഷ്ട്രപതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പോക്‌സോ കേസുകളിലെ ദയാഹര്‍ജികള്‍ ഒഴിവാക്കണം. പാര്‍ലമെന്റ് ഇത് പരിശോധിക്കണമെന്നും രാഷ്ട്രപതി സൂചിപ്പിച്ചിരുന്നു.

അതേസമയം, തന്റെ അനുമതിയില്ലാതെ അയച്ചതാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ച പ്രതികളിലൊരാളായ വിനയ് ശര്‍മ്മ ദയാഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയെ സമീപിച്ചിരുന്നു. കേസില്‍ വധ ശിക്ഷ കാത്ത് കഴിയുന്ന നാല് പ്രതികള്‍ നിലവില്‍ തിഹാര്‍ ജയിലിലാണുള്ളത്.

തെലങ്കാനയില്‍ മൃഗഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ നിര്‍ഭയ കേസിലെ പ്രതികളെ ഉടന്‍ തൂക്കിലേറ്റണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നുയര്‍ന്നിരുന്നു. മുകേഷ് സിങ്, അക്ഷയ് ഠാക്കൂര്‍, വിനയ് ശര്‍മ്മ, പവന്‍ ഗുപത് എന്നിവരാണ് വധ ശിക്ഷ കാത്ത് കഴിയുന്ന പ്രതികള്‍.