https://janamtv.com/wp-content/uploads/2019/12/dk-sivakumar.jpg

ഞങ്ങള്‍ പരാജയം സമ്മതിക്കുന്നു, ബിജെപിയുടെ വിജയം നിഷേധിക്കുന്നില്ലെന്നും ഡികെ ശിവകുമാര്‍

by

കര്‍ണ്ണാടക; കര്‍ണാടക നിയമസഭാ ഉപതെരഞ്ഞടുപ്പില്‍ ബിജെപി മുന്നേറ്റത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ്.  ഞങ്ങള്‍ പരാജയം സമ്മതിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ പ്രതികരിച്ചു.

കര്‍ണാടകത്തിലെ ജനങ്ങളുടെ താല്‍പര്യം തനിക്കറിയാമെന്നും എപ്പോള്‍ വേണമെങ്കിലും ജനങ്ങളുടെ താല്‍പര്യം മാറുമെന്നും ശിവകുമാര്‍ വ്യക്തമാക്കി. നിലവില്‍ ഭരണകക്ഷിക്ക് ഭൂരിപക്ഷം ലഭിച്ചു. ഇതിനെ നിഷേധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകത്തിലെ സഖ്യസര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസില്‍ നിന്ന് 14 എംഎല്‍എമാരും ജെഡിഎസില്‍ നിന്ന് മൂന്ന് എംഎല്‍എമാരും രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. അത്താനി, ചിക്ബല്ലാപൂര്‍, ഗോകക്, ഹിരെകേരൂര്‍, ഹോസകോട്ടെ, ഹുനസുരു, കാഗ്‌വാഡ്, കെ ആര്‍ പുര, കൃഷ്ണരാഹപേട്ടെ, മഹാലക്ഷ്മി ലേ ഔട്ട്, റാണിബെന്നൂര്‍, ശിവാജിനഗര്‍, വിജയനഗര, യെല്ലാപൂര്‍, യശ്വന്ത്പൂര്‍ എന്നീ 15 മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

ഭരണകക്ഷിയായ ബിജെപി സര്‍ക്കാരിന് നിലനില്‍ക്കണമെങ്കില്‍ ആറ് സീറ്റുകളായിരുന്നു ആവശ്യമായിരുന്നത്. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ബിജെപി വ്യക്തമായ ലീഡ് നിലനിര്‍ത്തി. നിലവില്‍ 12 സീറ്റുകളില്‍ ബിജെപി വിജയിച്ചു. കോണ്‍ഗ്രസ്-ജെഡിഎസ് മുന്‍ എംഎല്‍എമാരെയാണ് 13 മണ്ഡലങ്ങളില്‍ ബിജെപി മത്സരിപ്പിച്ചത്.