https://img.manoramanews.com/content/dam/mm/mnews/news/india/images/2019/12/9/tiger-journey.jpg

മഹാരാഷ്ട്രയില്‍ നിന്നും തെലങ്കാനയിലേക്ക്; 1300 കി.മീ നടന്ന് കടുവ: കാരണം

by

ലോകത്തെ തന്നെ അമ്പരപ്പിക്കുകയാണ് ഇൗ കടുവയുടെ യാത്ര. ഇത് വരെ ഒരു കടുവയും ഒറ്റതവണ കൊണ്ടു നടന്നു തീര്‍ക്കാത്ത ദൂരമാണ് സി 1 എന്ന് വിളിക്കുന്ന മഹാരാഷ്ട്രയിലെ കടുവ നടന്നുതീര്‍ത്തത്. മഹാരാഷ്ട്രയില്‍ നിന്ന് തെലങ്കാനയില്‍ കയറി അവിടെ നിന്ന് തിരിച്ച് മഹാരാഷ്ട്രയിലേക്കുമായി  1300 കിലോമീറ്ററാണ് കടുവ നടന്നത്. കൗതുകവും അദ്ഭുതവും നിറഞ്ഞ ഇൗ യാത്രയ്ക്ക് പിന്നിലെ കാരണമെന്തെന്ന് കണ്ടെത്തിയിരിക്കുകയാണ് അധികൃതര്‍.

ഇരകളെ ലഭിക്കാനുള്ള ബുദ്ധിമുട്ടും യോജിച്ച ഇണയെ കണ്ടെത്താനുള്ള അന്വേഷണവുമാണ് കടുവയെ 1300 കിലോമീറ്റര്‍ നടത്തിച്ചതെന്നാണ് ഇപ്പോഴത്തെ നിഗമനം. ഏതാണ്ട് അഞ്ച് മാസം കൊണ്ടാണ് 1300 കിലോമീറ്റര്‍ നടത്തം കടുവ പൂര്‍ത്തിയാക്കിയത്. മഹാരാഷ്ട്രയിലെ ത്രിപേശ്വര്‍ വന്യജീവി സങ്കേതത്തില്‍ നിന്നാണ് രണ്ടര വയസ്സുള്ള കടുവ യാത്ര തുടങ്ങിയത്. 1300 കലോമീറ്റര്‍ നീണ്ട യാത്രയ്ക്കിടയില്‍ നഗരങ്ങളും ഗ്രാമങ്ങളും ദേശീയപാതകളുമെല്ലാം കടന്നാണ് സി1 കടുവ തന്‍റെ സഞ്ചാരം നടത്തിയതെന്നതും കൗതുകകരമായ കാര്യമാണ്.

രാജ്യത്തെ കടുവകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. അതേസമയം തന്നെ വനമേഖലയില്‍ ഈ വർധനവുണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ പുതിയതായി കൗമാരത്തിലേക്ക് കടന്ന കടുവകള്‍ക്ക് ഇണയ്ക്കും വേട്ടയാടാനുള്ള പ്രദേശത്തിനുമായി മറ്റ് കടുവകളോട് കടുത്ത മത്സരം തന്നെ നടത്തേണ്ടി വരും. ഈ പ്രതിസന്ധി തന്നെയാകണം സി1 കടുവയെ ഇത്രയധികം ദൂരം നടക്കാന്‍ പ്രേരിപ്പിച്ചതും. റേഡിയോ കോളര്‍ ഘടിപ്പിച്ചിരുന്നതിനാലാണ് ഈ കടുവയുടെ സഞ്ചാരം അധികൃതര്‍ക്ക് നിരീക്ഷിക്കാനായത്.