നാഗ്പൂരില്‍ അഞ്ചു വയസുകാരിയെ ബലാത്സംഗ ശ്രമത്തിനിടെ കൊലപ്പെടുത്തി: 37 കാരന്‍ അറസ്റ്റില്‍

മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ അഞ്ചു വയസുകാരിയെ ബലാത്സംഗ ശ്രമത്തിനിടെ കൊലപ്പെടുത്തി. നാഗ്പൂരില്‍ കല്‍മേശ്വറില്‍ ഉണ്ടായ കണ്ണില്ലാത്ത ക്രൂരതയ്ക്ക് 37 കാരന്‍ അറസ്റ്റിലായി. വെള്ളിയാഴ്ച കാണാതായ കുഞ്ഞിനെ വീടിന് സമീപത്തുള്ള പാടത്ത് നിന്ന് ഞായറാഴ്ച വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്.
മുത്തശ്ശിയുടെ വീട്ടിലേയക്കെന്ന് പറഞ്ഞാണ് കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. പിന്നാലെ കുട്ടിയെ കാണാതാകുകയായിരുന്നു. നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പിന്നാലെ പോലീസ് എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു ശേഷം മാത്രമേ ഔദ്യോഗിക സ്ഥിരീകരണം നടത്താനാകൂ. ഉന്നാവോ, ഹൈദരാബാദ് സംഭവങ്ങള്‍ക്കു പിന്നാലെ വീണ്ടും രാജ്യ മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് കൊടുംക്രൂരതകളാണ് വീണ്ടും ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്.