പൗരത്വ ഭേദഗതി ബില്ലിനെതിരെ അക്കാദമിക് വിദഗ്ദരുടെയും ശാസ്ത്രജ്ഞരുടെയും സംയുക്ത പ്രസ്താവന
by Web Deskപൗരത്വ ഭേദഗതി ബില്ലിനെതിരെ ഇന്ത്യക്കകത്തും പുറത്തുമുള്ള അക്കാദമിക് വിദഗ്ദരുടെയും ശാസ്ത്രജ്ഞരുടെയും സംയുക്ത പ്രസ്താവന. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്‍ലിംകള്‍ ഒഴികെയുള്ള അഭയാര്‍ത്ഥികള്‍ക്ക് പൗരത്വത്തിന് വ്യവസ്ഥ ചെയ്യുന്ന അമിത് ഷാ അവതരിപ്പിക്കാനിരിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെയാണ് അക്കാദമിക രംഗത്തെ പ്രമുഖര്‍ പ്രതിഷേധവുമായി രംഗത്തു വന്നത്.
ഇന്ത്യൻ ഭരണ ഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം നിയമത്തിനു മുമ്പിൽ സമത്വമോ തുല്യമായ നിയമ സംരക്ഷണമോ ഉറപ്പ് നല്‍കുന്ന അവകാശത്തിനെതിരാണ് പുതിയ പൗരത്വ ഭേദഗതി ബില്ലെന്ന് പ്രസ്താവനയില്‍ ഒപ്പുവെച്ചവര്‍ വ്യക്തമാക്കി. രാജ്യത്തെ 750 ന് മുകളില്‍ പേര്‍ ഒപ്പുവെച്ച പ്രസ്താവനയില്‍ മൂന്ന് പ്രശസ്ത ഗവേഷണ സ്ഥാപനങ്ങളുടെ തലവന്‍മാരുമുണ്ടെന്നത് ശ്രദ്ധേയമാണ്. സന്ദീപ് തിവാരി (ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്) , രാജേഷ് ഗോപകുമാര്‍ (ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സസ്, ബെന്‍ഗളൂരു), ആതിഷ് ദബോല്‍ക്കര്‍ (ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ ഫിസിക്സ്, ഇറ്റലി) എന്നിവരാണ് ഈ പ്രസ്താവനയില്‍ ഒപ്പുവെച്ച പ്രമുഖര്‍. കേന്ദ്ര സര്‍ക്കാര്‍ സഭയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന ബില്‍ പിന്‍വലിക്കണമെന്നും ഇതിന് പകരമായി അഭയാര്‍ത്ഥികളെയും ന്യൂനപക്ഷങ്ങളെയും പരിഗണിക്കുന്ന രീതിയില്‍ മതിയായ നിയമനിര്‍മാണം കൊണ്ടുവരണമെന്നും പ്രമുഖര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.