https://www.doolnews.com/assets/2019/12/brp-baskar-399x227.jpg

വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം; തിരുവനന്തപുരം പ്രസ്‌ക്ലബിലെ ഓണററി അംഗത്വം തിരിച്ചുനല്‍കി ബി.ആര്‍.പി ഭാസ്‌ക്കര്‍

by

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌ക്കര്‍ തിരുവനന്തപുരം പ്രസ്‌ക്ലബിലെ ഓണററി അംഗത്വം തിരിച്ചുനല്‍കുന്നു. വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ നടന്ന സദാചാര ഗുണ്ടായിസത്തില്‍ പ്രസ്‌ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണനോട് ഉന്നത സമിതി രാജി ആവശ്യപ്പെടാത്തതില്‍ പ്രതിഷേധിച്ചാണ് ഓണററി അംഗത്വം തിരികെ നല്‍കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തന്റെ ഓണററി അംഗത്വം ഉപേക്ഷിക്കുകയാണെന്നറിയിച്ചുകൊണ്ട് ഞായറാഴ്ച്ച രാത്രി അദ്ദേഹം പ്രസ് ക്ലബിലേക്ക് ഇമെയില്‍ സന്ദേശം അയക്കുകയായിരുന്നു.

മാധ്യമപ്രവര്‍ത്തകയുടെ പരാതിയെ തുടര്‍ന്നും വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്നും എം. രാധാകൃഷ്ണനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ തൊഴിലെടുക്കുന്ന സ്ഥാപനവും രാധാകൃഷ്ണനെ സസ്‌പെന്റ് ചെയ്തിരുന്നു.

‘രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹിയാണ്. പരാതിയില്‍ ന്യായമായ അന്വേഷണത്തിന് അദ്ദേഹത്തിന് അര്‍ഹതയുണ്ടെന്ന് എനിക്കറിയാം. എന്നാല്‍ ഇതില്‍ നിരപരാദിത്വം തെളിയുന്നത് വരെ അദ്ദേഹത്തോട് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെടുന്നത് കേസന്വേഷണത്തെ ഒരു തരത്തിലും ബാധിക്കില്ല’. ബി.ആര്‍.പി ഭാസ്‌ക്കര്‍ പറയുന്നു.

ആരോഗ്യകരമായ തൊഴില്‍ അന്തരീക്ഷത്തിനായി പോരാടുന്ന വനിതാ മാധ്യമപ്രവര്‍ത്തകരോട് ഐക്യദാഢ്യം പ്രകടിപ്പിച്ച് പ്രസ്‌ക്ലബിലെ ഓണററി അംഗത്വം ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തിലെ വനിതാ മാധ്യമ പ്രവര്‍ത്തകരുടെ ഫേസ്ബുക്ക് ക്യാംപയിനുകളും പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

വനിതാ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറി സദാചാര ഗുണ്ടായിസം നടത്തിയെന്നാണ് രാധാകൃഷ്ണനെതിരായ ആരോപണം. സ്ത്രീത്വത്തെ അപമാനിക്കുക, മര്‍ദ്ദിക്കുക, തടഞ്ഞുവെയ്ക്കുക, അതിക്രമിച്ചു കയറുക എന്നീ കുറ്റങ്ങള്‍ വരുന്ന വകുപ്പുകളാണ് രാധാകൃഷ്ണനെതിരെ ചുമത്തിയിട്ടുള്ളത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ