തിരുവനന്തപുരം∙ ഹൈദരാബാദിൽ നടന്ന ഒന്നാം ട്വന്റി20യിൽ വിൻഡീസ് ബോളർ കെസറിക് വില്യംസിനെ പരിഹസിച്ച് ഇന്ത്യൻ നായകൻ വിരാട് കോലി നടത്തിയ ‘നോട്ട്ബുക് ആഘോഷം’ ശ്രദ്ധ നേടിയിരുന്നു. വില്യംസിനെതിരെ തകർപ്പനൊരു സിക്സർ നേടിയതിനു തൊട്ടുപിന്നാലെയായിരുന്നു കോലിയുടെ ‘നോട്ട്ബുക് ആഘോഷം’. രണ്ടു വർഷം മുൻപ് ജമൈക്കയിൽ തന്നെ പുറത്താക്കി വില്യംസ് നടത്തിയ സമാനമായ ആഘോഷത്തിനുള്ള മറുപടിയെന്നായിരുന്നു മത്സരശേഷം ഇതേക്കുറിച്ച് കോലിയുടെ വിശദീകരണം.
ഹൈദരാബാദിൽ കാട്ടിയ ആവേശത്തിനു പക്ഷേ, കോലി വിലകൊടുക്കേണ്ടി വന്നത് തിരുവനന്തപുരത്താണ്. ഇവിടെ നടന്ന രണ്ടാം ട്വന്റി20യിൽ കോലിയെ പുറത്താക്കിയത് ഇതേ വില്യംസ് തന്നെ! 17 പന്തിൽ രണ്ടു ഫോറുകൾ സഹിതം 19 റൺസെടുത്ത കോലിയെ വില്യംസിന്റെ പന്തിൽ ലെൻഡ്ൽ സിമ്മൺസാണ് ക്യാച്ചെടുത്തു മടക്കിയത്. വിക്കറ്റ് നേട്ടത്തിനു പിന്നാലെ മറ്റൊരു ‘നോട്ട്ബുക് ആഘോഷ’വുമായി തക്ക മറുപടി പ്രതീക്ഷിച്ച ആരാധകരെ ഞെട്ടിച്ച് തികച്ചും വ്യത്യസ്തമായാണ് വില്യംസ് ഇക്കുറി പ്രതികരിച്ചത്.
വിക്കറ്റ് ആഘോഷിക്കാനെത്തിയ സഹതാരങ്ങളെ സാക്ഷിനിർത്തി ചുണ്ടിൽ വിരൽ ചേർത്ത് ‘മിണ്ടരുത്’ എന്ന് ആംഗ്യം കാട്ടിയായിരുന്നു അത്. എന്തായാലും വില്യംസിന്റെ ഈ അപ്രതീക്ഷിത പ്രതികരണവും സമൂഹമാധ്യമങ്ങളിൽ വൈറലായി. പിന്നീട് രവീന്ദ്ര ജഡേജയെ ക്ലീൻ ബൗൾഡാക്കി രണ്ടാം വിക്കറ്റ് നേടിയപ്പോഴും സമാനമായ രീതിയിലാണ് വില്യംസ് ആഘോഷിച്ചത്. ഹൈദരാബാദിൽ കോലിയുടെ ആവേശം ഇത്തിരി കൂടിപ്പോയെന്ന് അഭിപ്രായപ്പെട്ടവർക്കും സന്തോഷം. അതേസമയം, നോട്ട്ബുക് ആഘോഷം ആവർത്തിച്ച് ‘ഉറങ്ങുന്ന സിംഹ’ത്തെ വില്യംസ് ഉണർത്താതിരുന്നത് നന്നായി എന്നായിരുന്നു കമന്ററി ബോക്സിൽ ഇയാൻ ബിഷപ്പിന്റെ പ്രതികരണം.
∙ വില്യംസും ‘നോട്ട്ബുക് ആഘോഷവും’
ഹൈദരാബാദ് ട്വന്റി20യിൽ ഇന്ത്യൻ ഇന്നിങ്സിലെ 16–ാം ഓവറിലാണ് കോലി നോട്ട്ബുക് ആഘോഷം നടത്തിയത്. വില്യംസിനെ സിക്സറിനു പറത്തിയ കോലി നോട്ബുക്കിൽ കുറിപ്പ് എഴുതുന്നതുപോലെ ആംഗ്യം കാണിച്ചു. കരീബിയൻ പ്രീമിയർ ലീഗിൽ ചാഡ‍്‌വിക് വാൾട്ടൻ എന്ന താരത്തെ പുറത്താക്കിയശേഷം വില്യംസ് നടത്തിയ കുറിപ്പെഴുതുന്നതുപോലെയുള്ള ആഹ്ലാദപ്രകടനമായിരുന്നു കോലിയുടെ മനസ്സിലെന്നാണ് എല്ലാവരും ധരിച്ചത്. എന്നാൽ, രണ്ടു വർഷം മുൻപ് തന്നെ പുറത്താക്കിയപ്പോഴും വില്യംസ് സമാനമായ ആഘോഷം നടത്തിയിട്ടുണ്ടെന്നും അതിനുള്ള മറുപടിയാണ് കൊടുത്തതെന്നും മത്സരശേഷം കോലി വെളിപ്പെടുത്തി.
Team IndiaYou do not mess with the Skip! 🔥🔥 #TeamIndia #INDvWI @paytm
2017 ജൂലൈ 7നു ജമൈക്കയിൽ നടന്ന ഇന്ത്യ–വെസ്റ്റിൻഡീസ് ട്വന്റി20 മത്സരത്തിൽ വില്യംസിന്റെ പന്തിലായിരുന്നു കോലി ഔട്ടായത്. വിക്കറ്റ് നേട്ടം വില്യംസ് തന്റെ സ്വതസിദ്ധമായ നോട്ടുബുക് സ്റ്റൈലിൽ (ഒരു ബാറ്റ്സ്മാന്റെ വിക്കറ്റ് ആദ്യമായി നേടുമ്പോൾ വില്യംസ് അതു തന്റെ സാങ്കൽപിക നോട്ടുബുക്കിൽ കുറിച്ചിടും) ആഘോഷിച്ചു. ഹൈദരാബാദിൽ വില്യംസ് എറിഞ്ഞ 16–ാം ഓവറിലെ ആദ്യ രണ്ടു പന്തുകളും ബൗണ്ടറി കടത്തിയ കോലി സ്വന്തം നോട്ടുബുക്കിൽ വില്യംസിന്റെ പേരും എഴുതിച്ചേർത്തു.
ഇതാദ്യമായല്ല വില്യംസിന്റെ നോട്ടുബുക്ക് ‘കീറുന്നത്’. മുൻപു സിപിഎല്ലിൽ (കരീബിയൻ പ്രീമിയർ ലീഗ്) കെഡ്രിക് വാൽട്ടൻ എന്ന ബാറ്റ്സ്മാനും വില്യംസിനെ കീറിയൊട്ടിച്ചിട്ടുണ്ട്. എങ്കിലും തന്റെ ആഘോഷങ്ങൾക്കു മാറ്റം വരുത്താൻ തയാറായിരുന്നില്ല. ഇപ്പോഴിതാ, കോലിയെ പുറത്താക്കി സമാനമായ ആഘോഷത്തിന് അവസരമൊരുങ്ങിയപ്പോൾ പുതിയൊരു ശൈലിയുമായി വില്യംസ് ‘ഞെട്ടിച്ചിരിക്കുന്നു’.
English Summary: Kesrick Williams signals teammates to not make noise after Kohli's dismissal