കാലാവസ്ഥ ഉച്ചകോടിയിൽ കേരളത്തിലെ പ്രളയം; ദുരന്തപട്ടികയിൽ ഇന്ത്യ അഞ്ചാമത്
by https://www.facebook.com/manoramaonlineപത്തനംതിട്ട ∙ ലോകത്ത് കാലാവസ്ഥ മാറ്റത്തിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കുന്ന സ്‌ഥലങ്ങളെ സംബന്ധിച്ച ആഗോള പഠന റിപ്പോർട്ടിൽ കേരളത്തെപ്പറ്റി പ്രത്യേക പരാമർശം. സ്‌പെയിൻ തലസ്‌ഥാനമായ മഡ്രിഡിൽ 13 വരെ നടക്കുന്ന യുഎൻ ലോക കാലാവസ്ഥ ഉച്ചകോടി (സിഒപി–25) യിലാണ് ഇന്ത്യയും കേരളവും ഇടംപിടിച്ചത്. കാലാവസ്ഥാമാറ്റം ഏറ്റവുമധികം ബാധിക്കുന്ന ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്‌ഥാനത്താണ്.
ജർമനി ആസ്‌ഥാനമായ ജർമൻ വാച്ച് എന്ന സംഘടന ഉച്ചകോടിയിൽ അവതരിപ്പിച്ച പഠനത്തിൽ, 2018 ൽ ലോകത്ത് കാലാവസ്ഥ ദുരന്തങ്ങൾ മൂലം ഏറ്റവുമധികം മരണം സംഭവിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതും സാമ്പത്തിക നഷ്‌ടത്തിന്റെ കാര്യത്തിൽ രണ്ടാമതുമാണ് ഇന്ത്യ. 2017 ൽ 14–ാം സ്‌ഥാനത്തായിരുന്ന ഇന്ത്യയെ താഴേക്കു വീഴ്‌ത്തിയതിൽ കേരളത്തിലെ പ്രളയത്തിനും പങ്കുണ്ടെന്ന് പഠനം തയാറാക്കിയ വിദഗ്‌ധർ പറയുന്നു.
ഇത്തരം രാജ്യങ്ങൾക്ക് സാമ്പത്തിക സഹായമെത്തിക്കാനുള്ള വ്യവസ്‌ഥകളിൽ ഒപ്പിടാൻ വികസിത രാജ്യങ്ങൾ നിർബന്ധിതമാകുമെന്നതാണ് ലോക കാലാവസ്ഥ ഉച്ചകോടിയുടെ ഈ സമ്മേളനത്തെ ശ്രദ്ധേയമാക്കുന്നത്. 2020 ൽ പാരിസ് കരാർ പ്രാബല്യത്തിൽ വരുന്നതിനൊപ്പം ഈ ക്ലൈമറ്റ് നിധി രൂപീകരിക്കണം.
∙ ഡേവിഡ് എക്‌സ്‌ടെയിൻ, ക്ലൈമറ്റ് ഫിനാൻസ് ആൻഡ് പോളിസി ഉപദേശകൻ, ജർമൻ വാച്
‘‘കഴിഞ്ഞ 100 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ പ്രളയത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. സമൂഹവും അധികൃതരും ഉണർന്നു പ്രവർത്തിച്ച് മരണസംഖ്യ കുറച്ചെങ്കിലും മേഖലയെ ഇതു സാമ്പത്തികമായി തളർത്തി.’’
∙ ഹിമാൻഷു താക്കർ, ജലവിഭവ വിദഗ്‌ധൻ
‘‘കേരളത്തിൽ 324 പേർക്ക് മരണം സംഭവിച്ചെന്നും ഇരുപതിനായിരം വീടു തകർന്നുവെന്നും 19000 കോടി രൂപയുടെ നഷ്‌ടമുണ്ടായെന്നുമാണ് റിപ്പോർട്ട്. ഇത്തരമൊരു വാർഷിക റിപ്പോർട്ട് എന്തുകൊണ്ട് ഇന്ത്യയോ കേരളമോ ഇനിയും പുറത്തിറക്കുന്നില്ല? കേരളത്തിലെ 80 ഡാമുകൾ തകർന്നുവെന്ന ഗുരുതരമായ പിശകും റിപ്പോർട്ടിൽ കടന്നുകൂടി’’
2018 ൽ ലോകത്ത് ഏറ്റവുമധികം പ്രകൃതി ദുരന്തങ്ങൾ നേരിട്ട 10 രാജ്യങ്ങൾ
ജപ്പാൻ, ഫിലിപ്പീൻസ്, ജർമനി, മഡഗാസ്കർ, ഇന്ത്യ, ശ്രീലങ്ക, കെനിയ, റുവാണ്ട, കാനഡ, ഫിജി.
English Summary : India ranks 5th in Global Climate Risk Index