പകിട്ട് കുറഞ്ഞ് ഒാഹരി വിപണി; കാത്തിരിപ്പിലാണ് ഉണർവിന്റെ സൂചകങ്ങൾക്കായി
by മനോരമ ലേഖകൻജിഡിപി തളർച്ചയ്ക്കൊപ്പം വാഹന വിൽപന ശോഷിച്ചതും വിദേശ നിക്ഷേപകർ വിൽപനക്കാരായതും ഇന്ത്യൻ വിപണിയുടെ പകിട്ട് കുറച്ചു. വ്യാപാരയുദ്ധം അടുത്ത ഘട്ടത്തിലേക്ക് ‘ട്രംപ്’ മുറുക്കുന്നത് രാജ്യാന്തര വിപണിയെ വിറളി പിടിപ്പിച്ചതും ഇന്ത്യൻ വിപണിയുടെ ആത്മവിശ്വാസം കവർന്നു. വിപണി വളരെ പ്രതീക്ഷിച്ചിരുന്ന റീപോ നിരക്കിളവ് ഇത്തവണ ആർബിഐ നിരസിച്ചതു ഫിനാൻഷ്യൽ സെക്ടറിന് തിരിച്ചടിയായി. 5749 കോടി രൂപയാണ് കഴിഞ്ഞ ആറ് പ്രവർത്തിദിവസങ്ങളിലായി വിദേശനിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്നു വലിച്ചത്. ഓഹരി വിപണിയിലെ കഴിഞ്ഞയാഴ്ചത്തെ പ്രകടനങ്ങളും പുതിയ ആഴ്ചയുടെ പ്രതീക്ഷകളും വിലയിരുത്തുകയാണ് ബഡ്ഡിങ് പോർട്ഫോളിയൊ ഇൻവെസ്റ്റ്മെന്റ് കൺസൽട്ടന്റ് അഭിലാഷ് പുറവൻ തുരുത്തിൽ.
അടുത്ത ബജറ്റിൽ വരുമാന നികുതിയിളവ് പ്രഖ്യാപിക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം തലക്കെട്ടിന്വേണ്ടി മാത്രമുള്ളതാണെന്ന് വിപണി കരുതുന്നു. ബജറ്റ് വരുമാനത്തിന് വേണ്ടി നികുതികളേക്കാൾ കൂടുതലായി വായ്പകളെയും വിറ്റഴിക്കലിനെയും രാജ്യം ആശ്രയിക്കുന്ന സാമ്പത്തിക വർഷമായിരിക്കും വരുന്നതെന്ന് ഏറെക്കുറെ ഉറപ്പാണ്.
സമ്പദ്‍വ്യവസ്ഥയുടെ ശോഷണവും റെക്കോർഡ് ബജറ്റ് കമ്മിയും അടുത്ത കാലത്തെ ഏറ്റവും മോശം ജിഡിപി വളർച്ചാ നിരക്കും അവശ്യ വസ്‌തുക്കളുടെ വിലക്കയറ്റവും പണലഭ്യതക്കുറവുമെല്ലാമാണ് 2020ൽ വിപണിയെ കാത്തിരിക്കുന്നത്. ഇതിനിടയിലും മുന്നേറ്റം നടത്തിയേക്കാവുന്ന മുൻനിര ഓഹരികളിൽ ഫണ്ടുകൾക്കൊപ്പം സഞ്ചരിക്കുകയാണ് ചെയ്യേണ്ടത്. എസ്&പി ഇന്ത്യയുടെ റേറ്റിങ് കുറയ്ക്കാതെ വിട്ടത് ഇന്ത്യൻ വിപണിക്കും കമ്പനികൾക്കും സർക്കാരിനും ആശ്വാസകരമാണ്.
ട്രംപിന്റെ കളികൾ
മാന്യതയ്ക്കല്ല തന്ത്രങ്ങൾക്കാണ് കച്ചവടത്തിൽ പ്രാമുഖ്യമെന്ന് വീണ്ടും തെളിയിക്കാനാണ് ട്രംപിന്റെ ഒരുക്കമെന്ന് രാജ്യാന്തര സമൂഹം വിലയിരുത്തുന്നു. ഹോങ്കോങ്ങിലെ ‘കലാപകാരികൾ’ എന്ന് ചൈന വിളിക്കുന്നവരെ പിന്തുണയ്ക്കാൻ ട്രംപ് തിരഞ്ഞെടുത്ത സമയം വളരെ തന്ത്രപരമായി വിപണിയെ കബളിപ്പിച്ചു. ഡിസംബർ 15ന് മുൻപ് വ്യാപാര ഉടമ്പടി ഒപ്പു വച്ചില്ലെങ്കിൽ ട്രംപ് ചൈനയുടെ മേൽ ചുമത്തിയ നികുതികൾ നിലവിൽ വരികയും ചെയ്യും. അതിനാൽ ഡിസംബർ പതിനഞ്ചിന് തന്നെ വ്യാപാര ഉടമ്പടിയുടെ ആദ്യഘട്ടം ഒപ്പിടുമെന്ന് തന്നെയാണ് ഇരുഭാഗത്തെയും നെഗോഷിയേറ്റർമാർ തരുന്ന സൂചന.
എങ്കിലും, ബ്രസീലിൽ നിന്നും അർജന്റീനയിൽ നിന്നുമുള്ള അലൂമിനിയം, സ്റ്റീൽ ഇറക്കുമതിക്കുമേൽ ചുമത്താനിരിക്കുന്ന അധികനികുതികൾ ട്രംപ് പുതിയ വ്യാപാരയുദ്ധമുഖം തുറക്കുന്നതിന്റെ സൂചനയായാണ് വിപണി കാണുന്നത്. അടുത്ത നവംബർ മൂന്നിന് നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പ് വരെ വ്യാപാരയുദ്ധം സജീവമാക്കി നിർത്തുകയും അമേരിക്കയുടെ വിജയം പ്രഖ്യാപിച്ച് വോട്ട് നേടുകയും ചെയ്യുക എന്ന ട്രംപിന്റെ ലളിതമായ തന്ത്രത്തിന് അമേരിക്കയിൽ വലിയ സ്വീകാര്യതയില്ല.
അമേരിക്കൻ ജോബ് ഡാറ്റ
വിപണിയുടെ പ്രതീക്ഷകൾക്കപ്പുറമെത്തിയ അമേരിക്കൻ ജോബ് ഡാറ്റ; വിപണിക്ക് പുതിയ പ്രതീക്ഷയാവുകയാണ്. അമേരിക്കയിൽ നവംബർ മാസത്തിൽ കാർഷിക മേഖലയ്ക്ക് പുറത്ത് 266000 പുതിയ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. ഒക്ടോബറിൽ ഉൽപാദന മേഖലയിൽ മാത്രം 43000 തോഴിലുകൾ നഷ്ടമായിടത്താണിത്. ദിശാബോധം നഷ്ടമായിരുന്ന അമേരിക്കൻ വിപണിക്ക് ജോബ് ഡാറ്റ ഈ ആഴ്ചയിൽ കരുത്ത് പകരുമെന്ന് പ്രത്യാശിക്കുന്നത്.
മികച്ച ജോബ്ഡാറ്റയുടെ അമിത ആത്മവിശ്വാസത്തിൽ അമേരിക്ക ചൈനയുമായുള്ള വ്യാപാര ചർച്ച മതിയാക്കി പിൻവാങ്ങിയേക്കുമെന്നും വിപണി ഭയക്കുന്നുണ്ട്. ചൈനയിൽ അമേരിക്കൻ കമ്പനികൾ സൃഷ്‌ടിച്ച തൊഴിലവസരങ്ങളാണ് തിരികെ വന്നു തുടങ്ങിയത് എന്ന പ്രചാരണം ട്രംപിന്റെ ക്യാമ്പിൽ ശക്തമാണ്.
എണ്ണ വില
അമേരിക്കയുടെ ഓയിൽ റിഗ്ഗുകളുടെ എണ്ണം കഴിഞ്ഞ വാരത്തിലും ക്രമാതീതമായി കുറഞ്ഞതിനൊപ്പം സൗദിഅറേബ്യയുടെ നേതൃത്വത്തിൽ ഒപെക് രാഷ്ട്രങ്ങൾ ദിവസേന അഞ്ചു ലക്ഷം ബാരലിന്റെ കൂടി ഉത്പാദനം കുറയ്ക്കാൻ ധാരണയായത് എണ്ണവില വീണ്ടും ഉയരുന്നതിന് കാരണമായി. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാർ എണ്ണയുടെ ഉപഭോഗവും വിലയും വർധിപ്പിക്കുമെന്ന പ്രതീക്ഷക്ക് മങ്ങലേറ്റതാണ് ഒപെകിന്റെ നടപടിക്കാധാരം.
1973ന് ശേഷം ഇതാദ്യമായി ഈ സെപ്റ്റംബറിൽ യുഎസ് 89000 ബാരൽ ക്രൂഡ്ഓയിൽ കയറ്റുമതി ചെയ്തു. പത്തു കൊല്ലം മുൻപ് ദിവസേന ഒരു കോടി ബാരൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്ത സ്ഥാനത്താണിത്. കൂടാതെ ഇറാനും ഒപെകിന്റെ ഉല്പാദന നിയന്ത്രണത്തോട് സഹകരിക്കില്ല എന്ന് പ്രഖ്യാപിച്ചതും വിപണി പ്രതീക്ഷയോടെ കാണുന്നു. വ്യാപാരക്കരാർ ഒപ്പ് വച്ചില്ലെങ്കിൽ എണ്ണവില സ്ഥിരപ്പെടാനാണ് സാധ്യത.
നവംബർ ഓട്ടോ വില്പന
∙ 2018 നവംബർ മാസത്തിൽ 153539 കാറുകൾ വിറ്റ മാരുതിക്ക് കഴിഞ്ഞ നവംബർ മാസത്തിൽ 139133 കാറുകൾ വിൽക്കാനെ സാധിച്ചുള്ളൂ. എന്നാൽ ഒക്ടോബർ വിൽപനയിൽ നിന്നും 2.3% വിൽപന വളർച്ച നേടിയത് വിപണി പ്രതീക്ഷയോടെ കാണുന്നു.
∙ കഴിഞ്ഞ നവംബറിൽ 50470 കാറുകൾ ഇന്ത്യയിൽ വിറ്റഴിച്ച ടാറ്റക്ക് ഈ നവമ്പറിൽ 38057 കാറുകൾമാത്രമാണ് വിൽക്കാനായത്. വില്പനയിൽ 25 ശതമാനത്തിന്റെ വീഴ്ച.
∙ മഹീന്ദ്രയുടെ മൊത്ത വാഹന വിൽപന കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇതേ കാലയളവിൽ 368544 എണ്ണമായിരുന്നെങ്കിൽ നടപ്പു സാമ്പത്തിക വർഷത്തിലിതുവരെ 321288 യൂണിറ്റുകൾ മാത്രമാണ് വിൽപന നടന്നത്. വിപണി ഇത് പ്രതീക്ഷിച്ചിരുന്നു. മഹീന്ദ്രക്ക് നോമുറ 704 രൂപ ലക്ഷ്യം കാണുന്നു.
∙ വാഹന വിൽപന കുറയുന്ന സാഹചര്യത്തിൽ, കിയയും എംജിയുമടക്കമുള്ള പുത്തൻ ബ്രാൻഡുകളും മോഡലുകളും ഇന്ത്യൻ കമ്പനികളുടെ വിപണി വിഹിതം പങ്കിടുക മാത്രമാണ് ചെയ്യുന്നത്.
∙ ഐഷർ മോട്ടോർസിന് 2018 നവമ്പറിൽ നിന്നും 5000 ബൈക്കുകളുടെ കുറവാണ് ഈ വർഷമുണ്ടായത്. വിപണി ഇതിലും വലിയ വ്യത്യാസമാണ് പ്രതീക്ഷിച്ചത്. ഓഹരി നിക്ഷേപയോഗ്യമാണ്.
∙ ബജാജിന്റെ നവംബർ വിൽപനയിൽ മുൻവർഷത്തിൽ നിന്നും 12% വീഴ്‌ചയുണ്ടായെങ്കിലും കമ്പനിയുടെ ബൈക്ക് കയറ്റുമതി ചരിത്രത്തിലെ ഏറ്റവും മികച്ച സംഖ്യയാണ് നവംബറിലേത്. 176337 ബൈക്കുകളാണ് കമ്പനി കഴിഞ്ഞ മാസത്തിൽ വിറ്റഴിച്ചത്. കഴിഞ്ഞ വർഷമിത് 205259 എന്നുമായിരുന്നു.
∙ ടിവിഎസ്സിന്റെ വിൽപനയിൽ മുൻവർഷത്തിൽനിന്നു 26.5% കുറവാണ് വന്നിരിക്കുന്നത്.
∙ എന്നാൽ വിൽപന കുറയുമ്പോഴും ജനുവരി ഒന്ന്മുതൽ മാരുതിയും, ടാറ്റയും, മഹീന്ദ്രയും എല്ലാ മോഡലുകൾക്കും വില ഉയർത്തുന്നത് കമ്പനികളുടെ ബാലൻസ് ഷീറ്റുകൾ മെച്ചപ്പെടുത്തും. മാരുതി, ഐഷർ, ടിവിഎസ് എന്നിവ ദീർഘകാല നിക്ഷേപത്തിനായി പരിഗണിക്കാം.
ഓഹരികളും സെക്ടറുകളും
∙ വളരെ ഭീമമായ ബജറ്റ് കമ്മി പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ സർക്കാർ ഓഹരി വിൽപന ലക്ഷ്യം മുമ്പ് പ്രഖ്യാപിച്ച ഒരുലക്ഷത്തി അയ്യായിരത്തിൽ നിന്ന് ഉയർത്തുന്ന പ്രഖ്യാപനം വിപണി പ്രതീക്ഷിക്കുന്നു. നാൽകോ, ഭെൽ, ഹിന്ദ് സിങ്ക്, ഗെയിൽ എന്നിവ വിറ്റഴിക്കുന്നവയിൽപെടുന്നു. പൊതുമേഖലാ ഓഹരികൾ വളരെ ആകർഷകമാണ്.
∙ മാരുതി 37വർഷക്കാലം കൊണ്ട് രണ്ടു കോടി വാഹനങ്ങളാണ് വിറ്റഴിച്ചത്. ഓഹരിക്ക് ജെപി മോർഗൻ 7900 രൂപ ലക്ഷ്യം കാണുന്നു.
∙ ജെഎസ്ഡബ്ലിയു സിമെന്റിന്റെ ഐപിഒ അടുത്ത പാദത്തിൽ പ്രതീക്ഷിക്കുന്നു.
∙ ജെഎസ്ഡബ്ലിയു സ്റ്റീൽ മികച്ച നിക്ഷേപവാസരം തന്നെയാണ്. അടുത്ത വർഷം കമ്പനി 150000 ടൺ മെട്രോ റെയിൽ ബാറുകളാണ് വിതരണം ചെയ്യുക. ഈ വർഷ കമ്പനി 30000 ടൺ മെട്രോ റെയിൽ ബാറുകൾ മാത്രമാണ് വിതരണം ചെയ്‌തിട്ടുള്ളത്. യുബിഎസ് ഓഹരിക്ക് 315 രൂപ ലക്ഷ്യമിടുന്നു.
∙ ദിലീപ് ബിൽഡ്‌കോണിന് 1360 കോടിയുടെ കോൺട്രാക്ടാണ് കഴിഞ്ഞ വാരത്തിൽ ലഭ്യമായത്. ഓഹരി നിക്ഷേപ യോഗ്യമാണ്.
∙ ടെലികോം കമ്പനികൾ കാർട്ടൽ രൂപീകരിച്ച് അനാവശ്യ മത്സരമൊഴിവാക്കി നിരക്കുയർത്തുന്നത് സെക്ടറിന് ഗുണകരമാണ്. എയർടെലിന് മോർഗൻ സ്റ്റാൻലി 530 രൂപയും, സിഎൽഎസ്എ 560 രൂപയും ലക്ഷ്യം കാണുന്നു.
∙ ബാങ്ക് ഓഫ് ബറോഡ മൂലധന സമാഹരണം നടത്തുന്നത് ഓഹരിക്ക് ഗുണകരമാണ്.
∙ എൽ&ടി ടെക്കിന് എയർബസിന്റെ ഏവിയോനിക്‌സ് കോൺട്രാക്ട് ലഭിച്ചത് കമ്പനിക്ക് ദീര്ഘകാല നേട്ടം കൊണ്ട് വരും. ഓഹരി ദീർഘകാല നിക്ഷേപത്തിനായി പരിഗണിക്കാം.
∙ നവംബറിലെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ മുൻ മാസത്തെ 50.6 ൽ നിന്നും 51.2 പോയിന്റായി ഉയർന്നു. കമ്പനികളുടെ ഉത്പാദനം ഉയരുമെന്ന് ഉറപ്പിക്കാം.
∙ 2020ൽ ഏഷ്യയിലെ ഉരുക്കു കമ്പനികളുടെ വരുമാനത്തിൽ 5% ഇടിവാണ് മൂഡീസ് പ്രവചിക്കുന്നത്. യുബിഎസ് ടാറ്റാ സ്റ്റീലിന് 360 രൂപ ഡിസ്‌കൗണ്ട് വില പ്രവചിക്കുന്നു.
∙ 2000 കോടി രൂപ വിപണി മൂല്യമുള്ള ഇരുമ്പയിര് ഒറീസ സർക്കാരുമായുള്ള റോയൽറ്റി തർക്കത്തിൽതട്ടി വിറ്റഴിക്കാനോ, ഉപയോഗിക്കാനോ കഴിയാതെ കോടതി മുമ്പാകെയിരിക്കുന്നത് വിൽക്കാനുള്ള അപേക്ഷ കോടതി തള്ളിയത് ജിൻഡാൽ സ്റ്റീലിന് ക്ഷീണമാണ്. ഓഹരി ദീർഘകാല നിക്ഷേപത്തിന് അടുത്ത ഇടിവിൽ പരിഗണിക്കുക.
∙ ഐസിഐസിഐ ബാങ്കിന് മക്വിർ 615 രൂപയും മോർഗൻസ്റ്റാൻലി 775 രൂപയും ലക്ഷ്യം കാണുന്നു.
∙ എൽ&ടീയുടെ വില ആകർഷകമാണ്. ഓഹരി നിക്ഷേപത്തിന് പരിഗണിക്കുക. ബാങ്ക് ഓഫ് അമേരിക്ക ലക്‌ഷ്യം 1595 രൂപയിൽ നിന്നും 1505 രൂപയായി കുറച്ചു.
∙ ടയർ ഇറക്കുമതിയിൽമേൽ ആന്റി ഡംപിങ് ഡ്യൂട്ടി ഏർപ്പെടുത്തുന്നത് ടയർ ഓഹരികൾക്ക് കുതിപ്പു നൽകും.
∙ കോൾ ഇന്ത്യക്ക് സിറ്റി 270 രൂപയാണ് ലക്‌ഷ്യം കാണുന്നത്..
∙ ബിർള കോർപിന് മധ്യപ്രദേശിൽ അഞ്ചു ഖനികൾ ലഭിച്ചത് ഓഹരിക്ക് മുന്നേറ്റംനൽകും. വേദാന്തക്കും പ്രകാശ് ഇൻഡസ്ട്രീസിനും ഓരോ ഖനികൾ ലഭിച്ചു.
∙ റിലയൻസിന് നോമുറ 2020 രൂപ ലക്ഷ്യം കാണുന്നു. ഗോൾഡ്‌മാൻ സാക്‌സ് 1855 രൂപയും, മോർഗൻ സ്റ്റാൻലി 1753 രൂപയും ലക്ഷ്യം കാണുന്നു.
∙ ബയോകോണിന് മോർഗൻ സ്റ്റാൻലിയും സിഎൽഎസ്എ യും 350 രൂപ ലക്‌ഷ്യം ഉറപ്പിച്ചു. ഓഹരി പരിഗണിക്കുക.
വിപണി ഈയാഴ്ച്ച
മികച്ച ജോബ് ഡാറ്റയുടെ മികവിൽ അമേരിക്കൻ വിപണി നേട്ടം കൈവരിക്കുന്നത് ഏഷ്യൻ, വികസ്വര സൂചികകൾക്കും മുന്നേറ്റം നൽകുമെന്ന് വിപണി പ്രത്യാശിക്കുന്നു. ഡോളറിനൊപ്പം എണ്ണ വില ക്രമപ്പെടുന്നതും ഇന്ത്യൻ സർക്കാർ കൂടുതൽ വിപണി രക്ഷാ നടപടികൾ വിഭാവനം ചെയ്യുന്നതും വിപണിക്ക് ഗുണകരമാണ്. ഡിസംബർ പതിനഞ്ചിന് മുൻപായി വ്യാപാര ഉടമ്പടിയുടെ ആദ്യഘട്ടത്തിൽ മഷി പുരണ്ടേക്കാവുന്നത് ആഗോള വിപണിക്ക് പുതിയ കുതിപ്പ് നൽകുമെന്നും വിപണി ഇപ്പോഴും പ്രതീക്ഷിക്കുന്നു.
ഇമെയിൽ: abhipkurian@gmail.com