മീരാ നന്ദനെ ഞെട്ടിച്ച സർപ്രൈസ്; താരങ്ങളെ അതിസുന്ദരികളാക്കുന്ന മാന്ത്രികന്റെ ഉലക സഞ്ചാരം
by പൊന്നു ടോമിദിലീപിൻറെ വധുവായി കാവ്യാ അണിഞ്ഞൊരുങ്ങി വന്നു നിന്നപ്പോൾ ആരും മനസ്സിൽ ഒന്ന് ചോദിച്ചിട്ട് ഉണ്ടാവും, ആരാണ് കാവ്യയെ ഇത്ര സുന്ദരിയാക്കിയത്. ഉത്തരം ഉണ്ണി എന്നാണ്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ ഇന്ന് മലയാളത്തിന് ഏറെ പ്രിയപ്പെട്ട ഒരാൾ ആണ് ഉണ്ണി. മലയാളത്തിന്റെ താരസുന്ദരിമാരിൽ ഭൂരിഭാഗം പേരെയും അണിയിച്ചൊരുക്കുന്നത് ഉണ്ണിയാണ്. തന്റെ പ്രൊഫഷൻ കഴിഞ്ഞാൽ ഉണ്ണിക്ക് ഏറെ ഇഷ്ടം യാത്രകൾ തന്നെ. കൂടുതലും ജോലിസംബന്ധമായിട്ടാണ് ഉണ്ണിയുടെ യാത്രകൾ ഒക്കെയും എങ്കിലും സമയം കിട്ടുമ്പോൾ തന്റെതായ ഇഷ്ട സഞ്ചാരങ്ങളും നടത്താറുണ്ട്.
ഒരു പ്രമുഖ വാർത്താ ചാനലിലെ മേക്കപ്പ്മാൻ ആയിട്ടായിരുന്നു ഉണ്ണിയുടെ തുടക്കം. പക്ഷേ അന്നും സിനിമ തന്നെയായിരുന്നു ഉണ്ണിയുടെ സ്വപ്നം.വർഷങ്ങൾക്കിപ്പുറം ഇന്ന് മലയാള സിനിമ ഇൻഡസ്ട്രിയിൽ അറിയപ്പെടുന്ന ഒരു മേക്കപ്പ് ആർട്ടിസ്റ്റ് ആയി മാറാൻ ഉണ്ണിക്ക് സാധിച്ചു. മഞ്ജു വാര്യർ, ഭാവന, റിമി ടോമി, നവ്യാ നായർ മീരാനന്ദൻ, ഐശ്വര്യലക്ഷ്മി, ശ്രീൻദ്ധ, തുടങ്ങി നിരവധി താരങ്ങളെ ഇന്ന് തൻറെ മാന്ത്രിക കരവിരുതാൽ ഉണ്ണി അതിസുന്ദരികളായി മാറ്റുന്നു. മലയാളത്തിന്റെ സൂപ്പർ ലേഡി മഞ്ജു വാര്യരുടെ പ്രിയ മേക്കപ്പ് ആർട്ടിസ്റ്റാണ് ഉണ്ണി. തന്റെ മെഹന്തി ആഘോഷത്തിനായി ഭാവനയെ ഒരുക്കിയതും മറ്റാരുമല്ല.
ഏറ്റവുമൊടുവിലായി ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയേയും തൻറെ വിവാഹത്തിന് ഒരുക്കിയത് ഉണ്ണി തന്നെയായിരുന്നു. വിവാഹദിനം അതിസുന്ദരിയായി നിന്ന ശ്രീലക്ഷ്മി തന്നെ ഒരുക്കിയ ഉണ്ണിയ്ക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
ഒരു ലണ്ടൻ അപാരത
ഉണ്ണിയുടെ യാത്രകൾ മിക്കതും ജോലിസംബന്ധമായിട്ടാണ് സംഭവിക്കുന്നത്. എങ്കിലും അത്തരം യാത്രകൾ നടത്തുമ്പോൾ അവിടെ നിന്ന് ചെറിയൊരു ഒളിച്ചോട്ടം പുള്ളി നടത്തും. കിട്ടുന്ന കുറച്ചു സമയത്തിനുള്ളിൽ ആ സ്ഥലങ്ങളൊക്കെ കണ്ടു തീർക്കാൻ ആണ് ഉണ്ണിക്കിഷ്ടം. അങ്ങനെയാണ് മാഞ്ചസ്റ്ററിൽ ജോലിസംബന്ധമായി പോയ ഉണ്ണി അവിടെ നിന്നും മുങ്ങി ലണ്ടനിൽ പൊങ്ങിയത്. ലണ്ടൻ നഗരത്തിന്റെ അവർണനീയമായ സൗന്ദര്യമാണ് തന്നെ അവിടേക്ക് എത്തിച്ചത് എന്നാണ് ഉണ്ണി പറയുന്നത്.
മാഞ്ചസ്റ്ററിൽ ഒരു സ്റ്റേജ് ഷോയ്ക്ക് വേണ്ടിയാണ് യാത്ര ആരംഭിച്ചത്. അവിടെ എത്തിയപ്പോൾ ലണ്ടൻ കാണാൻ ഒരു മോഹം. അങ്ങനെ അടുത്ത വിമാനം പിടിച്ച് ലണ്ടനിലേക്ക് പറന്നു. ഉണ്ണിയുടെ സഹോദരിയും കുടുംബവും അവിടെ ഉണ്ടായിരുന്നതുകൊണ്ട് അവർക്കൊപ്പം അവധി ദിനങ്ങൾ ചിലവഴിക്കാൻ തീരുമാനിച്ചു. കിട്ടിയ സമയം കൊണ്ട് ലണ്ടൻ നഗരം മുഴുവൻ കറങ്ങി എന്ന് ഉണ്ണി.മാഡം ട്യുസ്യാദ് വാക്സ് മ്യൂസിയം, ലണ്ടൻ ഐ, ലണ്ടൻ ബ്രിഡ്ജ്, ബിഗ് ബെൻ തുടങ്ങി ആ നഗരം മുഴുവനും കണ്ടു തീർത്തു.
ലണ്ടൻ ശരിക്കുമൊരു കാഴ്ച്ച ചെപ്പാണ്
ലണ്ടണിൽ സ്ഥിതി ചെയ്യുന്ന മെഴുകുപ്രതിമ മ്യൂസിയമാണ് മാഡം ട്യുസ്യാദ് വാക്സ് മ്യൂസിയം. ലോകത്തിലെ പ്രശസ്തരായ വ്യക്തികളുടെ മെഴുകുപ്രതിമകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. 1835-ൽ മാരീ ട്യുസോ എന്ന ഫ്രഞ്ച് കലാകാരിയാണ് മ്യൂസിയം സ്ഥപിച്ചത്. ഈ മ്യൂസിയത്തിന്റെ ശാഖകൾ ലോകത്തെ പല പ്രമുഖ നഗരങ്ങളിലുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണചക്രമാണ് ലണ്ടൻ ഐ.
ലണ്ടനിൽ തേംസ് നദിയുടെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.ഇംഗ്ലണ്ടിലെ ലണ്ടനിലുള്ള വെസ്റ്റ്മിനിസ്റ്റർ പാലസിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള ഘടികാരത്തിന്റെയും ഘടികാര ടവറിന്റെയും വിളിപ്പേരാണ് ബിഗ് ബെൻ.ആടുത്തിടെ, എലിസബത്ത് രാജ്ഞി ബ്രിട്ടിഷ് ഭരണാധികാരിയായി അറുപതുവർഷം പൂർത്തിയാക്കിയ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി എലിസബത്ത് ടവർ എന്ന് ഇത് പുനർനാമകരണം ചെയ്യപ്പെട്ടു. ഈ പറഞ്ഞതു കൂടാതെ അനേകമനേകം കാഴ്ച്ചകളാൽ സമ്പന്നമാണീ നഗരം.
മീരാ നന്ദനെ ഞെട്ടിച്ച സർപ്രൈസ്
ഈ അടുത്ത സോഷ്യൽ മീഡിയയിൽ ഹിറ്റായ ഒരു വീഡിയോയാണ് മീരാനന്ദൻ ബർത്ത് ഡേ സെലിബ്രേഷൻ തൻറെ ബർത്ത് ഡേ ആഘോഷത്തിനിടെ സർപ്രൈസ് ആയി എത്തുന്ന അതിഥിയെ കണ്ട് ഞെട്ടുന്ന മീരയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. മീരയെ ഞെട്ടിക്കാൻ പിറന്നാൾ ദിനത്തിൽ ദുബായിൽ പറന്നെത്തിയത് ഉണ്ണി ആയിരുന്നു. പിറന്നാൾ ആഘോഷവും കഴിഞ്ഞ് ദുബായ് മുഴുവൻ കറങ്ങിയാണ് താൻ തിരിച്ചെത്തിയതെന്നും ഉണ്ണി.
സൗഹൃദങ്ങൾ പൊന്നു പോലെ സൂക്ഷിക്കുന്ന ആളാണ് ഉണ്ണി. സുഹൃത്തുക്കൾക്കൊപ്പം യാത്ര നടത്താനാണ് ഉണ്ണിക്ക് ഏറെ ഇഷ്ടം. ഒറ്റയ്ക്കുള്ള യാത്രയോട് തീരെ താല്പര്യമില്ല. കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു മഞ്ഞു കാണണമെന്നത്. മഞ്ഞുപെയ്യുന്നതും മഞ്ഞു മൂടി കിടക്കുന്ന മലനിരകളും ഒക്കെ ഉണ്ണിയുടെ സ്വപ്നങ്ങളിൽ എന്നും തിളങ്ങി നിന്നു.ആ സ്വപ്നം പൂർത്തീകരിച്ചത് ധരംശാല കണ്ടാണ്. ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് ആ യാത്ര തനിക്ക് സമ്മാനിച്ചതെന്നും ഉണ്ണി പറഞ്ഞു.
പിറന്നാൾ ആഘോഷിക്കാൻ തായ്‌ലൻഡിലേക്ക്
തൻറെ സ്വന്തം പിറന്നാൾ ആഘോഷിക്കാൻ ഉണ്ണി പോയത് തായ്ലൻഡിൽ ആയിരുന്നു. തകർപ്പൻ യാത്രയായിരുന്നു അതെന്നാണ് ഉണ്ണി പറഞ്ഞത്. വ്യത്യസ്ത സംസ്കാരങ്ങളും ജീവിതരീതികളും എല്ലാം പഠിക്കാൻ ഓരോ യാത്രകളും തന്നെ സഹായിക്കാറുണ്ടെന്ന് ഉണ്ണി.
പൈതൃക കെട്ടിടങ്ങൾ, ഊർജ്ജസ്വലമായ മാർക്കറ്റുകൾ,മികച്ച ഷോപ്പിംഗ്, രാത്രി ജീവിതം എന്നിവയുള്ള മനോഹരമായ പട്ടണങ്ങൾ എല്ലാം കൊണ്ടും വ്യത്യസ്തമാർന്നൊരു ഭൂമികയാണ് തായ് ലൻറ്. ഇവിടുത്തെ ഏറ്റവും വലിയ ഹൈലൈറ്റ് എന്താണെന്ന് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല. ഭക്ഷണം തന്നെ. തായ് പാചകരീതി ലോകത്തിലെ ഏറ്റവും മികച്ച ഒന്നാണ്. തായ്ലൻറിൽ ബീച്ചുകൾക്ക് മാത്രമായി ഒരു ലോകമുണ്ടെന്ന് പറയേണ്ടി വരും.
അമേരിക്കയിലേയ്ക്ക് പോകാൻ വിസ കിട്ടിയതും രണ്ട് മാസത്തോളം അവിടെ തങ്ങിയതുമെല്ലാം മറക്കാനാവാത്ത ഓർമ്മകളാണെന്ന് ഉണ്ണി. അമേരിക്കൻ വിസ എളുപ്പം കിട്ടുന്ന ഒന്നല്ല. എനിക്കൊപ്പം ഉണ്ടായിരുന്ന പലരുടേയും വിസാ ആപ്ലിക്കേഷൻ റിജക്റ്റ് ആയിപ്പോവുകയും ചെയ്തു. ഭാഗ്യത്തിനാണ് എനിക്ക് കിട്ടിയത്. രണ്ട് മാസത്തോളം ഉണ്ടായിരുന്നു അവിടെ. ആ യാത്രയിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ന്യൂയോർക്ക് സിറ്റി സന്ദർശിച്ചതാണ്. ഫാഷന്റെ തലസ്ഥാനമായ അവിടം കാണാൻ സാധിച്ചത് എന്റെ ഭാഗ്യമായി കാണുന്നു. ഉണ്ണി പറയുന്നു.
നയാഗ്ര വെള്ളച്ചാട്ടം അടക്കം ഭൂരിഭാഗം അമേരിക്കയും താൻ ചുറ്റിക്കറങ്ങികണ്ടുവെന്നും ഉണ്ണി.
സ്വപ്നമാണ് പാരീസ്
അതെ ഏതൊരു സഞ്ചാരിയുടെയും സ്വപ്നമാണ് പാരിസ് ഉണ്ണിയുടെയും.പ്രണയത്തിന്റേയും കലാസാഹിത്യങ്ങളുടേയും കേന്ദ്രസ്ഥാനമായി അറിയപ്പെടുന്ന പാരിസിലേയ്ക്കുള്ള യാത്രയാണ് ഉണ്ണിയുടെ സ്വപ്നങ്ങളിൽ മുഴുവൻ. ഇന്ന് ലോകത്തിലെ ഒരു പ്രധാന വ്യാപാര, സാംസ്കാരിക കേന്ദ്രമാണ് പാരിസ്. രാഷ്ട്രീയം, വിദ്യാഭ്യാസം, വിനോദം, വാർത്താമാദ്ധ്യമം, ഫാഷൻ, ശാസ്ത്രം എന്നീ രംഗങ്ങളിൽ പാരിസ് ചെലുത്തുന്ന സ്വാധീനം അതിനെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഗോള നഗരങ്ങളിലൊന്നാക്കിയിരിക്കുന്നു.
ആ നഗരവീഥികളിലൂടെ അലസം നടക്കാനാണ് തനിക്കിഷ്ടമെന്ന് പറഞ്ഞ ഉണ്ണി അധികം വൈകാതെ തന്നെ താൻ തന്റെ സ്വപ്നഭൂമിയിലേക്ക് പോകുമെന്നും പറഞ്ഞാണ് അവസാനിപ്പിച്ചത്.
English Summery : makeup artist unni Travel experiences