https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2019/12/9/telangana-encounter-court.jpg
തെലങ്കാനയിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പ്രതിക്കു സമീപം അന്വേഷണ ഉദ്യോഗസ്ഥർ. ചിത്രം: എഎഫ്‌പി

ഏറ്റുമുട്ടലിന്റെ സാഹചര്യം എന്ത്? ഹർജികളിൽ തെലങ്കാന ഹൈക്കോടതി വിധി ഇന്ന്

by

ഹൈദരാബാദ് ∙ തെലങ്കാനയിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ചോദ്യം ചെയ്തുള്ള ഹർജികളിൽ ഹൈക്കോടതി വിധി ഇന്ന്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ സംബന്ധിച്ച അന്വേഷണം സിബിഐയ്ക്ക് വിടണമെന്നതടക്കം ഒൻപതു ഹർജികളിലാണ് തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവിക്കുക. ഇതു സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീംകോടതി മറ്റന്നാള്‍ പരിഗണിക്കും. ഏറ്റുമുട്ടൽ കൊലയെക്കുറിച്ച് അനേഷിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക സംഘം രൂപീകരിച്ചു. 

വ്യാജ ഏറ്റമുട്ടലാണ് നടന്നതെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് വിശദമായ അന്വേഷണം ആവശ്യപ്പെടുന്ന ഹർജികളിൽ ഹൈക്കോടതി വിധി പറയുന്നത്. കേസ് സിബിഐയ്ക്ക് വിടുക, ആന്ധ്രപ്രദേശിനും തെലങ്കാനയ്ക്കും പുറത്തുനിന്നുള്ള ഫൊറന്‍സിക് വിദഗ്ധരെ കൊണ്ടു വീണ്ടും പോസ്റ്റ്മോർട്ടം നടത്തുക, പൊലീസുകാരല്ലാത്തവരെ കൊണ്ടു പോസ്റ്റ്മോർട്ടം നടപടികള്‍ ക്യാമറയില്‍ ചിത്രീകരിക്കുക എന്നിവയാണ് ഹർജികളിലെ ആവശ്യങ്ങൾ. ഹർജികൾ തീർപ്പാക്കുന്നത് വരെ മൃതദേഹങ്ങള്‍ സംസ്കരിക്കരുതെന്ന് വെള്ളിയാഴ്ച തന്നെ കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു.

ഞായറാഴ്ച വൈകിട്ടാണ് സുപ്രീം കോടതി ഉത്തരവ് അനുസരിച്ചുള്ള പ്രത്യേക അനേഷണ സംഘം രൂപീകരിച്ചു സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. കമ്മിഷണർ മഹേഷ്‌ എം.ഭഗവതിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ 7 മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ഉണ്ട്‌. ഡോക്ടർ ദിശയുടെ ഘാതകരുടെ ഏറ്റുമുട്ടൽ കൊലയുമായി റജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും ഇനി ഈ സംഘമാണ് അനേഷിക്കുക. വ്യാജ ഏറ്റുമുട്ടലാണ് ഉണ്ടായതെന്ന ആരോപണം ഉയർന്നതോടെ ഡിജിപി പ്രത്യേക അനേഷ്വണ സംഘം രൂപീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു .

ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ കർശന നിർദേശം നൽകിയതിനു ശേഷമാണ് സൈറാബാദ് പൊലീസ് കേസെടുക്കാന്‍ പോലും തയാറായത്. എസിപി സുന്ദര റെഡ്ഡിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊലപാതകശ്രമത്തിനും കസ്റ്റഡിമരണത്തിനും ആയുധനിയമപ്രകാരവുമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്

ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് ഫൊറൻസിക് വിഭാഗം രണ്ടാമത് നടത്തിയ പരിശോധനയിൽ രണ്ടുതോക്കുകളും 15 തിരകളുടെ കവറുകളും കണ്ടെത്തി. പൊലീസ് വെടിവയ്ക്കാൻ ഉപയോഗിച്ച തോക്കുകൾ ഫൊറന്‍സിക് വിഭാഗം പരിശോധനയ്ക്കായി കണ്ടുകെട്ടുകയും ചെയ്തു. പോസ്റ്റ്മോർട്ടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും പുറത്തുവന്നു. നാലുപേരുടെയും ശരീരത്തില്‍ നിന്ന്11 ബുള്ളറ്റുകൾ കണ്ടെടുത്തു. മരിച്ച മുഹമ്മദ് ആരിഫിനും ചിന്നകേശവലുനും വളരെ അടുത്തു നിന്നാണ് വെടിയേറ്റതെന്നും സൂചനയുണ്ട്.

English Summary: Telangana Encounter, High Court Verdict