അലഞ്ഞു തിരയുന്ന കന്നുകാലികള്‍ക്കളുടെ പരിപാലനത്തിനായി യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ 'പശു സഫാരി'

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2019/12/356889/cattle.jpg

ലക്‌നൗ : അലഞ്ഞു തിരയുന്ന കന്നുകാലികള്‍ക്കളുടെ പരിപാലനത്തിനായി സംസ്ഥാനത്ത് 'പശു സഫാരി' സ്ഥാപിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പശു സംരക്ഷണത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും അവയെ സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും യുപി മൃഗ സംരക്ഷണ മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി വ്യക്തമാക്കി.

'ബരാബങ്കി, മഹാരാജ് ഗഞ്ച് എന്നിവിടങ്ങളില്‍ വലിയ ഫാമുകള്‍ ഉണ്ടെന്നും 15,000 മുതല്‍ 25,000 വരെ പശുക്കളെ വളര്‍ത്താന്‍ കഴിയുന്ന ഒരു സഫാരി സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നു. സഫാരികള്‍ക്കൊപ്പം ബയോ ഗ്യാസ് പ്ലാന്റുകളും പശുമാലിന്യത്തില്‍ നിന്ന് വസ്തുക്കള്‍ നിര്‍മിക്കാനുളള യൂണിറ്റുകളും സ്ഥാപിക്കും. ടൂറിസത്തിനായി ഇത് വികസിപ്പിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. വിനോദസഞ്ചാരികള്‍ക്ക് പശു സഫാരികള്‍ സന്ദര്‍ശിക്കാനും അനുവാദമുണ്ടാകും' അദ്ദേഹം വ്യക്തമാക്കി.

ഈ വര്‍ഷം ഓഗസ്റ്റില്‍ സര്‍ക്കാര്‍ 'മുഖ്യമന്ത്രി നിരാശ്രിത് ബെസഹാര ഗോവംശ് സഹ്ഭാഗിത യോജന ' എന്ന പദ്ധതിയ്ക്ക് രൂപം കൊടുത്തിരുന്നു. പ്രതിദിനം ഒരു പശുവിന് 30 രൂപ വീതം നല്‍കി വഴിതെറ്റിയ കന്നുകാലികളെ സംരക്ഷിക്കുന്നതില്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതാണ് പദ്ധതി. നേരത്തെ, സംസ്ഥാന ബജറ്റിലും പശു സംരക്ഷണത്തിന് പ്രധാന്യം നല്‍കിയിരുന്നു. അലഞ്ഞുനടക്കുന്ന കന്നുകാലികള്‍ക്കായി പശു അഭയകേന്ദ്രങ്ങള്‍ ക്രമീകരിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ക്കും മുനിസിപ്പല്‍ കോപ്പറേഷനുകള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.