https://images.assettype.com/mediaone%2F2019-11%2Fff9506ae-35d4-45ad-bc72-b02ca5355878%2Fimages__2_.jpg?w=640&auto=format%2Ccompress&fit=max

ഐ.ഐ.ടികളില്‍ കോടികളുടെ മഴക്ക് സാധ്യത

കഴിഞ്ഞ വര്‍ഷം മൈക്രോസോഫ്റ്റും ഊബറും മാത്രമാണ് കോടിക്ക് മുകളില്‍ ശമ്പളം വാഗ്ദാനം ചെയ്തതെങ്കില്‍ ഇക്കുറി സെയില്‍സ്‌ഫോഴ്‌സ്, മൈക്രോസോഫ്റ്റ്, കോഹെസിറ്റി, ഊബര്‍... എന്നിങ്ങനെ പട്ടിക നീളുകയാണ്.

by

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികളിലെ പ്രതിഭകളില്‍ പലരും ഈ ഞായറാഴ്ച്ച ഒറ്റ ദിവസം കൊണ്ട് കോടിപതികളാകും. ഇന്ത്യയിലെ എഞ്ചിനീയറിംങ് പ്രതിഭകളെ റാഞ്ചിയെടുക്കാന്‍ അന്താരാഷ്ട്ര കമ്പനികള്‍ വരി നില്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷം മൈക്രോസോഫ്റ്റും ഊബറും മാത്രമാണ് കോടിക്ക് മുകളില്‍ ശമ്പളം വാഗ്ദാനം ചെയ്തതെങ്കില്‍ ഇക്കുറി സെയില്‍സ്‌ഫോഴ്‌സ്, മൈക്രോസോഫ്റ്റ്, കോഹെസിറ്റി, ഊബര്‍... എന്നിങ്ങനെ പട്ടിക നീളുകയാണ്.

കഴിഞ്ഞ മൂന്ന് വര്‍ഷവും ഇന്ത്യന്‍ ഐ.ഐ.ടികളില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാഗ്ദാനം ചെയ്ത കമ്പനി മൈക്രോസോഫ്റ്റായിരുന്നു. ഇക്കുറി അതിന് മാറ്റമുണ്ട്

2020ലെ ഏറ്റവും മികച്ച ശമ്പള വാഗ്ദാനവുമായാണ് സെയില്‍സ്‌ഫോഴ്‌സിന്റെ വരവ്. സോഫ്റ്റ്‌വെയര്‍ രംഗത്തെ പ്രതിഭകള്‍ക്ക് 1.8 കോടി രൂപവരെയാണ് ഇവരുടെ വാഗ്ദാനം. ശമ്പളത്തിനൊപ്പം കമ്പനിയുടെ ഓഹരിയിലെ പങ്കാളിത്തമെന്ന വാഗ്ദാനവുമുണ്ട്. ഐ.ഐ.ടി മദ്രാസിലേയും ഐ.ഐ.ടി ബോംബെയിലേയും മിടുക്കരെയാണ് ഈ അമേരിക്കന്‍ കമ്പനി ചൂണ്ടയിട്ടിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷവും ഇന്ത്യന്‍ ഐ.ഐ.ടികളില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാഗ്ദാനം ചെയ്ത കമ്പനി മൈക്രോസോഫ്റ്റായിരുന്നു. ഇക്കുറി അവര്‍ അമേരിക്കയിലെ ജോലിക്ക് 1.54 കോടി രൂപയാണ്(2,14,600 ഡോളര്‍) ശമ്പളം വാഗ്ദാനം ചെയ്യുന്നത്. അടിസ്ഥാന ശമ്പളം 1,08,000 ഡോളറും പെര്‍ഫോമെന്‍സ് ബോണസായി 21600 ഡോളറും ജോയിനിംങ് ബോണസായി 15000 ഡോളറും ഓഹരിയിനത്തില്‍ 70000 ഡോളറുമാണ് നല്‍കുക. വിദേശത്തും ഇന്ത്യയിലും മൈക്രോസോഫ്റ്റ് ഐ.ഐ.ടിയില്‍ നിന്നും ആളെ എടുക്കുന്നുണ്ട്.

സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.ടി കമ്പനി കൊഹിസിറ്റിയും ഊബറും ഒരു കോടിയിലേറെ രൂപ ശമ്പളം വാഗ്ദാനം ചെയ്യുന്നുണ്ട്. ആദ്യമായി ഇന്ത്യന്‍ ഐ.ഐ.ടികളില്‍ നിന്നും കാമ്പസ് അഭിമുഖത്തിനെത്തുന്ന സ്റ്റാര്‍ട്ട് അപ്പ് ക്ലൂമിയോ 89.5 ലക്ഷമാണ് ശമ്പളമായി വാഗ്ദാനം ചെയ്യുന്നത്.

മിക്കവാറും കമ്പനികളും സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാരെയാണ് ഇന്ത്യന്‍ ഐ.ഐ.ടികളില്‍ നിന്നും നേടുന്നത്. ഡിസംബര്‍ ഒന്നിന് ആരാകും ഐ.ഐ.ടികളിലെ കോടിപതികളെന്ന് അറിയാനാകും.