https://www.doolnews.com/assets/2019/11/dileep-1-399x227.jpg

നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കു സമയപരിധി; ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി

by

ന്യൂദല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കു സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി. വിചാരണ ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നാണ് ജസ്റ്റിസ് എ.എം ഖന്‍വില്‍കര്‍ അധ്യക്ഷനായ രണ്ടംഗബെഞ്ച് വെള്ളിയാഴ്ച വിധിച്ചത്.

മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ രേഖയാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചതിനെത്തുടര്‍ന്ന് പ്രതിയായ നടന്‍ ദിലീപിനു ദൃശ്യങ്ങള്‍ കൈമാറണ്ട എന്നു കോടതി തീരുമാനിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ കൈമാറാത്തതു നടിയുടെ സ്വകാര്യത കണക്കിലെടുത്താണെന്നു കോടതി വ്യക്തമാക്കിയിരുന്നു.

ദിലീപിനോ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ക്കോ ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രോസിക്യൂഷന്റെ കൈയിലുള്ള മെമ്മറി കാര്‍ഡിലെ ഉള്ളടക്കം ലഭിക്കാനായാണ് ദിലീപ് ഹരജി സമര്‍പ്പിച്ചത്. ഈയാവശ്യത്തെ സംസ്ഥാന സര്‍ക്കാരും നടിയും കോടതിയില്‍ എതിര്‍ത്തു.

മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണെങ്കിലും ഉള്ളടക്കം രേഖയാണെന്നും അതിനാല്‍ അത് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ദിലീപ് സമര്‍പ്പിച്ച ഹരജിയില്‍ നേരത്തെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിരുന്നു.

വാട്ടര്‍മാര്‍ക്കിട്ടാണെങ്കിലും ദൃശ്യങ്ങള്‍ അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. മെമ്മറി കാര്‍ഡിലെ ഉള്ളടക്കം രേഖയാണെങ്കിലും ദൃശ്യങ്ങള്‍ നല്‍കരുതെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. ഇതിന് പുറമെ ഹരജിയെ എതിര്‍ത്ത് നടിയും കോടതിയെ സമീപിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കാര്‍ഡിലെ ഉള്ളടക്കം അനുവദിക്കുന്നത് തന്റെ സ്വകാര്യതക്ക് മേലുള്ള കൈയേറ്റമാണെന്ന് കാണിച്ചാണ് നടി കോടതിയെ സമീപിച്ചിരുന്നത്. പ്രതിയെന്ന നിലയില്‍ ദൃശ്യങ്ങള്‍ കാണണമെങ്കില്‍ വിചാരണക്കോടതിയുടെ അനുമതിയോടെ കാണാവുന്നതേയുള്ളൂവെന്നും നടി രേഖാമൂലം കോടതിയെ അറിയിച്ചിരുന്നു.