https://www.doolnews.com/assets/2019/05/balan-399x227.jpg

'ജീവപര്യന്തം തടവ് ലഭിക്കേണ്ട ക്രൈമാണ് ഇതെല്ലാം'; സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം പരിശോധിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍

by

തിരുവനന്തപുരം: സിനിമാ സെറ്റുകളില്‍ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന നിര്‍മാതാക്കളുടെ ആരോപണത്തില്‍ പ്രതികരണവുമായി സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍.

നിര്‍മാതാക്കളുടെ പ്രതികരണം ഗൗരവമുള്ളതാണെന്നും സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കുമെന്നും എ.കെ ബാലന്‍ പറഞ്ഞു. ആരോപണത്തെ കുറിച്ച് തെളിവ് നല്‍കാന്‍ നിര്‍മാതാക്കള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിനിമ മേഖലയില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരും. ഇതിനായി നിയമനിര്‍മാണം നടത്തുമെന്നും എ.കെ ബാലന്‍ പറഞ്ഞു.

പണ്ടൊക്കെ ഇങ്ങനെ കാര്യങ്ങള്‍ പറയുമെന്നല്ലാതെ ഗൗരവത്തോടെ ഉയര്‍ന്നുവന്നിരുന്നില്ല. ഒരു പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് അതീവ ഗൗരവമായ ഈയൊരു പ്രശ്‌നം സമൂഹത്തിന് മുന്‍പില്‍ അവര്‍ കൊണ്ടുവന്നത്.

മയക്കുമരുന്നിന്റേയും കഞ്ചാവിന്റേയും കേന്ദ്രമാണ് സിനിമാ മേഖലയെന്ന് അവര്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഞങ്ങളുടെ യൂണിറ്റില്‍ മാത്രമല്ല എല്ലാ യൂണിറ്റുകളും പരിശോധിക്കേണ്ടതാണെന്ന് കൂടി അവര്‍ പറഞ്ഞു. അതേ രൂപത്തില്‍ തന്നെ ഇത് പരിശോധിക്കും. നടപടിയെടുക്കും.

ഈ രൂപത്തിലുള്ള ആരോപണം ഉയര്‍ന്നുവന്നതിനാല്‍ തന്നെ അത് നിസാരമായി തള്ളിക്കളയാന്‍ ആവില്ല. എന്നാല്‍ ഏതെങ്കിലും ഒരു പ്രത്യേക വിഷയവുമായി ബന്ധപ്പെട്ടായിരുന്നില്ല ഇത്തരമൊരു പരാതി ഉയര്‍ന്നുവരേണ്ടിയിരുന്നത്. ഒരു നടന്റെ പ്രശ്‌നത്തിന് പിന്നാലെയാണ് ഇത് ഉയര്‍ന്നുവന്നത്.

ഒരു പൊതു സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നം അവര്‍ നേരത്തെ തന്നെ പറയേണ്ടിയിരുന്നു. ഇതിലും അവര്‍ വിശദീകരണം നല്‍കണം. അവര്‍ക്ക് നിശബ്ദമായി നോക്കിനില്‍ക്കേണ്ടി വന്നതാണോ എന്ന കാര്യമുള്‍പ്പെടെ. അറിവുണ്ടായിട്ടും അത് മറച്ചുവെക്കുകയെന്നത് കുറ്റകരമാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജീവപര്യന്തം തടവ് ലഭിക്കേണ്ട ക്രൈമാണ് ഇതെല്ലാം. അത്രയും വലിയ ക്രൈമുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചിട്ടും അപ്പോള്‍ അത് പറയാതെ ഇവരുമായി ബന്ധപ്പെട്ട പ്രശ്‌നം വന്നപ്പോള്‍ ഉന്നയിച്ചത് അന്വേഷിക്കും.

പരാതിയില്‍ നിന്ന് അവര്‍ പിന്‍മാറാന്‍ പാടില്ല. വ്യക്തമായ പരാതിയും തെളിവുകളും സര്‍ക്കാരിന് മുന്‍പില്‍ ഹാജരാക്കണം. അത് ഇത് പറഞ്ഞവരുടെ ബാധ്യതയാണ്.

ഈ രംഗവുമായി ബന്ധപ്പെട്ട് അപ്രിയ സത്യങ്ങള്‍ നിരവധി കേള്‍ക്കുന്നുണ്ട്. നിലവിലെ പ്രശ്‌നത്തിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ല. നടന് പറയാനുണ്ടാകുമല്ലോ അത് ഞാന്‍ കേട്ടിട്ടില്ല. ഇതില്‍ അവര്‍ പരാതി തരണം. കഞ്ചാവിന്റേയും മാഫിയ സംഘത്തിന്റേയും പിടിയിലാണ് എന്ന ആരോപണത്തെ ഗൗരവത്തോടെ എടുക്കുകയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സിനിമാ സെറ്റില്‍ നിലവില്‍ പെരുമാറ്റച്ചട്ടം ഇല്ല എന്ന പ്രശ്‌നം ഉണ്ട്. അതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ഒരു കമ്മിറ്റി ഉണ്ടായിട്ടുണ്ട്. അതിന്റെ തെളിവെടുപ്പ് അവസാനിപ്പിക്കാന്‍ പോകുകയാണ്.

ഇതിന് പിന്നാലെ തന്നെ നിയമനിര്‍മാണത്തിന് രൂപം കൊടുക്കും. സിനിമാ മേഖലയിലെ അംഗീകരിക്കാനാവാത്ത പ്രവണതകള്‍ തുടച്ചുമാറ്റുമെന്നും മന്ത്രി പറഞ്ഞു.