https://img-mm.manoramaonline.com/content/dam/mm/mo/sports/cricket/images/2019/11/29/abhimanyu-midhun.jpg
അഭിമന്യു മിഥുൻ (ഫയൽ ചിത്രം)

6 പന്ത്, 2 റൺസ്, 5 വിക്കറ്റ്; ഹാട്രിക്കും ‘നാണിക്കും’, മിഥുന്റെ പ്രകടനത്തിൽ!

by

സൂറത്ത്∙ ഒരു ഓവറിലെ ആറു പന്തിനിടെ രണ്ടു റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ്! സ്കൂൾ ക്രിക്കറ്റിൽപ്പോലും ഏറെക്കുറെ അസാധ്യമായി കരുതപ്പെടുന്ന ഉജ്വല നേട്ടത്തിലേക്ക് പന്തെറിഞ്ഞ് മുൻ ഇന്ത്യൻ താരം കൂടിയായ കർണാടകയുടെ അഭിമന്യു മിഥുൻ. സയ്യിദ് മുഷ്താഖ് അലി ട്രോഫി സെമിയിൽ ഹരിയാനയ്ക്കെതിരെ കർണാടകയ്ക്കായാണ് ഹാട്രിക് സഹിതം മുപ്പതുകാരനായ അഭിമന്യു മിഥുന്റെ അസാമാന്യ പ്രകടനം. 20–ാം ഓവറിലെ ആദ്യ നാലു പന്തിൽ തുടർച്ചയായി വിക്കറ്റുകൾ കണ്ടെത്തിയ മിഥുൻ, ഒരു പന്തിന്റെ ഇടവേളയ്ക്കുശേഷം അഞ്ചാം വിക്കറ്റും സ്വന്തമാക്കി. മത്സരത്തിലാകെ നാല് ഓവർ ബോൾ ചെയ്ത മിഥുൻ നാല് ഓവറിൽ 39 റൺസ് വഴങ്ങി അഞ്ചു വിക്കറ്റും പിഴുതു! 

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാന ഇതോടെ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 194 റൺസിൽ ഒതുങ്ങുകയും ചെയ്തു. അർധസെഞ്ചുറി നേടിയ ഹിമാൻഷു റാണ (34 പന്തിൽ 61), ചൈതന്യ ബിഷ്ണോയ് (35 പന്തിൽ 55) എന്നിവരുടെ പ്രകടനമാണ് ഹരിയാനയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. കർണാടക പ്രീമിയർ ലീഗുമായി ബന്ധപ്പെട്ട ഒത്തുകളി വിവാദത്തിൽ പൊലീസ് മിഥുനെ ചോദ്യം ചെയ്തേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സൂറത്തിലെ ലാൽഭായ് കോണ്‍ട്രാക്ടർ സ്റ്റേഡിയത്തിൽ റെക്കോർഡ് പ്രകടനവുമായി താരം കളംപിടിച്ചത്.

ഇതോടെ ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ട്വന്റി20 മത്സരങ്ങളിൽ ഹാട്രിക് നേട്ടമെന്ന അതുല്യ റെക്കോർഡ് മിഥുന് സ്വന്തം. 2009ൽ ഉത്തർ പ്രദേശിനെതിരെ രഞ്ജി ട്രോഫിയിലാണ് മിഥുൻ ആദ്യമായി ഹാട്രിക് നേടിയത്. ഈ വർഷം വിജയ് ഹസാരെ ട്രോഫിയിൽ തമിഴ്നാടിനെതിരെ രണ്ടാം ഹാട്രിക്. ഇപ്പോഴിതാ ഹരിയാനയ്ക്കെതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ മറ്റൊരു ഹാട്രിക്! രഞ്ജി ട്രോഫി, വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരങ്ങളിൽ ഹാട്രിക് നേടുന്ന ആദ്യ ബോളറുമായി മിഥുൻ. ഇന്ത്യയ്ക്കായി നാല് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.

19–ാം ഓവർ അവസാനിക്കുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 193 റൺസുമായി ശക്തമായ നിലയിലായിരുന്നു ഹരിയാന. മൂന്ന് ഓവറിൽനിന്ന് 37 റൺസ് വഴങ്ങിയ അഭിമന്യു മിഥുൻ അവസാന ഓവർ ബോൾ ചെയ്യാനെത്തുമ്പോൾ ക്രീസിൽ അവരുടെ ടോപ് സ്കോറർ ഹിമാൻഷു റാണയും (61), നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ തകർത്തടിച്ച് മുന്നേറിക്കൊണ്ടിരുന്ന രാഹുൽ തെവാട്ടിയയും (32). മൂന്നാം വിക്കറ്റിൽ ഹരിയാനയ്ക്കായി 80 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ട് തീർത്തതിനു പിന്നാലെയാണ് ഇവരുടെ ‘നേതൃത്വത്തിൽ’ ഹരിയാന താരങ്ങൾ കൂട്ടത്തോടെ കൂടാരം കയറിയത്. ഹരിയാന 220 റൺസ് പോലും കടന്നേക്കുമെന്ന സ്ഥിതിയിലാണ് അവസാന ഓവറിലെ കൂട്ടപ്പൊരിച്ചിലിൽ കർണാടക തകർന്നടിഞ്ഞത്. നാടകീയമായ ഈ ഓവറിലെ സംഭവവികാസങ്ങളെ ഇങ്ങനെ ചുരുക്കാം:

1-ാം പന്ത്: ഹിമാൻഷു റാണയുടേതായിരുന്നു ആദ്യ ഊഴം. 33 പന്തിൽ ആറു ഫോറും രണ്ടു സിക്സും സഹിതം 61 റൺസുമായി ഹരിയാന സ്കോർ 200 കടത്താനുറച്ച് റാണ ക്രീസിൽ. എന്നാൽ മിഥുന്റെ വേഗം കുറഞ്ഞ ഷോർട് ബോൾ റാണയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. പന്ത് ഡീപ് മിഡ്‌വിക്കറ്റിൽ മായങ്ക് അഗർവാളിന്റെ കൈകളിൽ. സ്കോർ നാലിന് 192 റൺസ്.

 2–ാം പന്ത്: റാണയ്ക്കൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ടിൽ പങ്കാളിയായ രാഹുൽ തെവാട്ടിയയുടേതായിരുന്നു അടുത്ത ഊഴം. ഓഫ്സൈഡിനു പുറത്ത് ഇക്കുറി ലെങ്ത് ഡെലിവറി. പന്തിൽ ബാറ്റുവച്ച തെവാട്ടിയയ്ക്കു പിഴച്ചു. ലോങ് ഓഫിൽ നേരെ കരുൺ നായരുടെ കൈകളിൽ. 20 പന്തിൽ ആറു ഫോറുകൾ സഹിതം 32 റൺസുമായി മിഥുന് മടക്കം.

3–ാം പന്ത്: മിഥുന് ഹാട്രിക് വിക്കറ്റ് സമ്മാനിക്കാനുള്ള ‘നിയോഗം’ സുമിത് കുമാറിന്. സ്ലോ ബോളുമായി വീണ്ടും മിഥുന്റെ മറ്റൊരു പരീക്ഷണം. സ്വീപ് ഷോട്ടിനുള്ള സുമിത് കുമാറിന്റെ ശ്രമം ബാക്‌വാർഡ് സ്ക്വയർ ലെഗ്ഗിൽ റോഹൻ കദത്തിന്റെ കൈകളിൽ. സുമിത് ഗോൾഡൻ ഡക്ക്. മിഥുന് ‘ഗോൾഡൻ ഹാട്രിക്’.

4–ാം പന്ത്: ഹാട്രിക് നേട്ടത്തോടെ മിഥുന്റെ വിക്കറ്റ് വേട്ടയ്ക്കു വിരാമമായെന്നു കരുതിയവരെ ഞെട്ടിച്ചാണ് നാലാം പന്തിലും താരം ആഞ്ഞടിച്ചത്. ഇക്കുറി ഇരയായത് ഇന്ത്യൻ ജഴ്സിയിൽ ഒട്ടേറെ മത്സരങ്ങൾ കളിച്ചിട്ടുള്ള അമിത് മിശ്ര. വീണ്ടുമൊരു സ്ലോ ഷോർട്ട് ബോളിലാണ് മിഥുൻ നാലാം ഇരയെ കണ്ടെത്തിയത്. പന്തിലേക്ക് ഫ്ലാറ്റായി ബാറ്റുവീശിയ മിശ്ര എക്ട്രാ കവറിൽ കൃഷ്ണപ്പ ഗൗതത്തിന്റെ കൈകളിൽ. മിശ്രയും ഗോൾഡൻ ഡക്ക്. മിഥുന് നാലു പന്തിൽ നാല് വിക്കറ്റ്.

5–ാം പന്ത്: അദ്ഭുതങ്ങളൊന്നുമില്ലാത്ത ഏക പന്ത്. ആദ്യ പന്ത് വൈഡായി. ഹരിയായ്ക്ക് ഒരു റൺ. പിന്നാലെ മിഥുൻ ഓഫ്സൈഡിനു പുറത്തെറിഞ്ഞ പന്ത് ജിതേഷ് സറോഹ ഡീപ് കവറിലേക്ക് തട്ടിയിട്ടു. ഹരിയാനയ്ക്ക് ഒരു റൺ കൂടി. 19.5 ഓവറിൽ ഏഴിന് 194 റൺസ്.

6-ാം പന്ത്: ഇല്ല. അദ്ഭുതങ്ങൾ അവസാനിക്കുന്നില്ല. ഓവറിലെ അവസാന പന്തിലും വിക്കറ്റ് കണ്ടെത്തി മിഥുന്റെ മറ്റൊരു അവതാരം. ഇക്കുറി ഇരയായത് ഇന്ത്യൻ ജഴ്സിയിൽ കളിച്ചിട്ടുള്ള മറ്റൊരു ഹരിയാന താരം ജയന്ത് യാദവ്. സ്റ്റംപിനു നേരെ എത്തിയ സ്ലോ ബോളിൽ ബാറ്റുവച്ച ജയന്ത് യാദവ് കെ.എൽ. രാഹുലിന്റെ കൈകളിൽ! മിഥുന് ആറു പന്തിൽ അഞ്ചു വിക്കറ്റ്. റെക്കോർഡ്......!

English Summary: Abhimanyu Mithun picks five wickets in a single over