ബൈക്ക് യാത്രക്കാരനെ ലാത്തികൊണ്ട് എറിഞ്ഞിട്ടില്ല, ചൂരല്‍ വീശുകയായിരുന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ട്

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2019/11/354507/accident.jpg

കൊല്ലം : കടയ്ക്കലില്‍ ഹെല്‍മറ്റ് പരിശോധനയ്ക്കിടെ യുവാവിന്റെ ബൈക്ക് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ പോലീസുകാരുടേത് കുറ്റകരമായ അനാസ്ഥയെന്ന് റിപ്പോര്‍ട്ട്. ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ട് കൊല്ലം റൂറല്‍ എസ്പിയ്ക്ക് കൈമാറി.

ലാത്തികൊണ്ട് എറിഞ്ഞു വീഴ്ത്തിയെന്ന ആരോപണം തെറ്റെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലാത്തികൊണ്ട് എറിഞ്ഞിട്ടില്ല. കയ്യിലിരുന്ന ചൂരല്‍ വീശുകയാണ് ചെയ്തത്. പരിശോധനയ്ക്ക് ചൂരല്‍ ഉപയോഗിച്ചത് ഗുരുതരമായ തെറ്റെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹെല്‍മെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചെത്തിയതു കണ്ടപ്പോള്‍ വാഹനം നിര്‍ത്താനായി സിപിഒ ചന്ദ്രമോഹന്‍ റോഡില്‍ കയറി നിന്ന് ചൂരല്‍ വീശുകയായിരുന്നു. അപ്രതീക്ഷിതമായ പോലീസ് നീക്കത്തില്‍ ഭയന്ന യുവാവ് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് കാറില്‍ ഇടിക്കുകയായിരുന്നു. ചൂരല്‍ പ്രയോഗിക്കുന്നത് കണ്ടിട്ടും നേതൃത്വം നല്‍കിയ എസ്‌ഐ തടഞ്ഞില്ലെന്നും ഇത് കുറ്റകരമായ അനാസ്ഥയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.