https://img-mm.manoramaonline.com/content/dam/mm/mo/news/india/images/2019/11/10/onion.jpg

മോദി സര്‍ക്കാരിനെ ആശങ്കയിലാക്കി ഉള്ളി വില; അഡ്ജസ്റ്റ്മെന്റ് പാചകത്തിൽ ഹോട്ടലുകാർ

by

ന്യൂഡൽഹി ∙ ഉയരുന്ന ഉള്ളി വില പൗരന്മാരുടെ മാത്രമല്ല, കേന്ദ്രസർക്കാരിന്റെയും കണ്ണുനനയ്ക്കുന്നു. സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് വിമർശം നേരിടുമ്പോഴാണ് ദിനംപ്രതി വർധിക്കുന്ന ഉള്ളിവിലയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെ ആശങ്കയിലാക്കുന്നത്. രാജ്യമൊട്ടാകെയുള്ള മൊത്ത, ചെറുകിട വിപണികളിൽനിന്നു വരുന്ന റിപ്പോർട്ടുകൾ പ്രകാരം 2019 ലെ സ്ഥിതി വളരെ മോശമാണ്. മാത്രമല്ല, ഉള്ളിയുടെ വില ഗണ്യമായി ഉയർന്നതിനാൽ വീടുകളും റസ്റ്ററന്റുകളും സമ്മർദത്തിലാണ്. കൊൽക്കത്ത, ചെന്നൈ, മുംബൈ, ഒഡീഷ, പുണെ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഉള്ളിയുടെ ചില്ലറ വിൽപനവില കിലോഗ്രാമിന് 90–100 രൂപയിലെത്തി.

∙ അടുക്കളയിൽനിന്ന് ‘കടക്ക് പുറത്ത്’!

ഉള്ളി വിലയിലുണ്ടായ വർധന വീട്ടുബജറ്റിനെ പിടിച്ചുലയ്ക്കുന്നെന്നു മാത്രമല്ല, ഹോട്ടലുകളെയും ബാധിച്ചു. ഉള്ളി ഉപയോഗം ആളുകൾ വെട്ടിക്കുറച്ചതിനാൽ വ്യാപാരികളെയും മൊത്തക്കച്ചവടക്കാരെയും കർഷകരെയും ഒരുപോലെ ബാധിച്ചിട്ടുണ്ട്. ഉള്ളിക്കു പകരക്കാരായി വിലകുറഞ്ഞ കാബേജ്, റാഡിഷ് എന്നിവ ഉപയോഗിച്ച് അഡ്ജസ്റ്റ്മെന്റ് പാചകത്തിലാണ് പലരും.

∙ മഴ ചതിച്ചാശാനേ...

രാജ്യത്ത് ഏറ്റവുമധികം ഉള്ളി കൃഷിചെയ്യുന്ന കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ സെപ്റ്റംബർ–ഒക്ടോബർ മാസങ്ങളിൽ കാലം തെറ്റി പെയ്ത മഴ വിളകൾക്ക് കനത്ത നാശമുണ്ടാക്കി. ഇത് വിപണിയിൽ സവാളയുടെ ലഭ്യത കുറയ്ക്കുകയും വിലയിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. മഹാരാഷ്ട്രയിൽ കാലംതെറ്റിയുള്ള മഴ മൂലം 54 ലക്ഷം ഹെക്ടർ വിള നശിച്ചിരുന്നു. 

∙ സർക്കാരും ആശങ്കയിൽ, കർഷകനോ ഉപഭോക്താവോ?

സവാള വില ഉയരുന്നത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ്. ഈ വർഷമാദ്യം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർഷികരുടെ വരുമാനം വർധിപ്പിക്കുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഭക്ഷ്യവിലക്കയറ്റവും നിയന്ത്രിക്കേണ്ടതുണ്ട്. സർക്കാരിന്റെ കർഷക സൗഹാർദ അജൻഡയെ കൂടുതൽ അപകടത്തിലാക്കുന്നതിനാൽ സവാള വില കുറയ്ക്കാനുള്ള ഏതു നീക്കവും പ്രഖ്യാപിക്കുന്നത് ബുദ്ധിമുട്ടാണെന്ന് വിദഗ്ധർ പറയുന്നു. മാത്രമല്ല, ഉപയോക്താക്കൾക്ക് കൂടുതൽ സബ്‌സിഡിയോ വിലക്കുറവോ നൽകിയാൽ അത് ഉള്ളി കർഷകരുടെ വരുമാനത്തെയും ബാധിക്കും.

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2019/11/28/Onion-delhi.jpg
രാജേന്ദ്ര പ്രസാദ് മാർഗിലെ കൃഷിഭവനു മുന്നിൽ ദേശീയ ഉപഭോക്തൃ സഹകരണ ഫെഡറേഷന്റെ നേതൃത്വത്തിൽ കുറഞ്ഞ വിലയ്ക്കു നൽകുന്ന സവാള വാങ്ങാൻ ക്യൂ നിൽക്കുന്നവർ

∙ കയറ്റുമതി നിരോധിച്ചെങ്കിലും

കയറ്റുമതി നിരോധിക്കുകയും വ്യാപാരികൾക്ക് സ്റ്റോക്ക് പരിധി ഏർപ്പെടുത്തുകയും ചെയ്തതിനു ശേഷം ഇത് രണ്ടാം തവണയാണ് ഉള്ളി വില വർധിക്കുന്നത്. ഉള്ളിയുടെ മിനിമം കയറ്റുമതി വില ടണ്ണിന് 850 ഡോളറായി ഉയർത്തിയിരുന്നു. കയറ്റുമതി സംബന്ധിച്ച സർക്കാർ ഉത്തരവിനെതിരെ ചില പ്രദേശങ്ങളിലെ കർഷകരും വ്യാപാരികളും ഇതിനകംതന്നെ പ്രതിഷേധം ആരംഭിച്ചതിനാൽ, ഉള്ളിവില കുറയ്ക്കുന്നതിനുള്ള മറ്റേതെങ്കിലും നീക്കം നടത്തേണ്ടിയിരിക്കുന്നു.

∙ കച്ചവടക്കാരുടെ പൂഴ്ത്തിവയ്പ്

നിലവിൽ, ചില്ലറ വ്യാപാരികൾക്ക് 100 ക്വിന്റൽ വരെ മാത്രമേ ഉള്ളി സംഭരിക്കാൻ കഴിയൂ. മൊത്ത വ്യാപാരികൾക്ക് 500 ക്വിന്റൽ വരെ സൂക്ഷിക്കാൻ അനുവാദമുണ്ട്. പക്ഷേ, സർക്കാർ ഉത്തരവുകൾ അവഗണിച്ച് മൊത്തക്കച്ചവടക്കാരും വ്യാപാരികളും പൂഴ്ത്തിവയ്പ്പു തുടരുകയാണ്.

∙ ഈജിപ്തിൽനിന്ന് ഇറക്കുമതി

പ്രതിസന്ധിയെ നേരിടാൻ ഈജിപ്തിൽ നിന്ന് 6,090 ടൺ ഉള്ളി ഇറക്കുമതി ചെയ്യാൻ കേന്ദ്രസർക്കാർ ഉത്തരവ് നൽകിയിട്ടുണ്ട്. പൊതുമേഖലാ വ്യാപാര സ്ഥാപനമായ എംഎംടിസിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. ഡിസംബറിൽ ചരക്കുകൾ ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷ. ഇറക്കുമതി ചെയ്ത ഉള്ളി സംസ്ഥാനങ്ങൾക്ക് 52–55 രൂപ നിരക്കിൽ വിതരണം ചെയ്യുമെന്ന് ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി എ.കെ. ശ്രീവാസ്തവ അറിയിച്ചിരുന്നു.

∙ ഇന്ത്യയിലെ ഉള്ളി രാഷ്ട്രീയം

വർധിച്ചുവരുന്ന സവാള വില നിയന്ത്രിക്കുന്നത് പരാജയപ്പെട്ടതിന്റെ പേരിൽ നരേന്ദ്ര മോദി സർക്കാർ വിമർശനങ്ങൾ നേരിടുന്നുണ്ടെങ്കിലും ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത്തരം സംഭവങ്ങൾ മുമ്പുമുണ്ടായിട്ടുണ്ട്. 2013–ൽ സവാളയുടെ ചില്ലറ വില കിലോയ്ക്ക് 100 രൂപയിലെത്തിയത് പിറ്റേ വർഷം കേന്ദ്രത്തിൽ അധികാരം മാറുന്നതിന്റെ പ്രധാനകാരണങ്ങളിലൊന്നായി. 2010 ലും 2013 ലും, ഉള്ളി ഉൽപാദിപ്പിക്കുന്ന പ്രദേശങ്ങളിലെ കനത്തമഴ, യുപിഎ സർക്കാരിന്റെ പതനത്തിനു കാരണമായി.

2010 ൽ, മഹാരാഷ്ട്രയിലെ കാലാനുസൃതമല്ലാത്ത മഴയിലും വെള്ളപ്പൊക്കത്തിലും മിക്ക വിളകളും നശിച്ചു. ഇത് വിപണിയിൽ ആവശ്യത്തിന് ഉള്ളി വിതരണം ചെയ്യുന്നതിൽ പരാജയപ്പെട്ടു. ഉള്ളി വില കിലോഗ്രാമിന് 90 രൂപയിലെത്തി. വർദ്ധിച്ചുവരുന്ന പ്രതിസന്ധി നിയന്ത്രിക്കാൻ യുപിഎ സർക്കാർ ഉള്ളി കയറ്റുമതി നിരോധിക്കുകയും ഇറക്കുമതി നികുതി കുറയ്ക്കുകയും പാക്കിസ്ഥാനിൽനിന്ന് ഉള്ളി ഇറക്കുമതി ചെയ്യുകയും ചെയ്തു. തുടർന്ന് ഉള്ളി വില കിലോയ്ക്ക് 50 രൂപയായി കുറഞ്ഞു. അന്ന് പ്രതിപക്ഷത്തായിരുന്ന ബിജെപി, കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷമായി രംഗത്തെത്തിയിരുന്നു. ഉള്ളി പ്രതിസന്ധിക്ക് കയറ്റുമതിയും ഇറക്കുമതിയും സംബന്ധിച്ച നയപരമായ തീരുമാനങ്ങളെയാണ് അവർ കുറ്റപ്പെടുത്തിയത്.

2013 ലും ഉള്ളി പ്രതിസന്ധിയുടെ ആവർത്തനത്തിന് സാക്ഷ്യം വഹിച്ചു. യുപിഎ ഭരണകൂടത്തിനെതിരെ ബിജെപി വീണ്ടും രംഗത്തിറങ്ങി. ഒരു വർഷത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പിൽ യുപിഎ സർക്കാരിന് അധികാരം നഷ്ടമായി.

1998 ൽ ഉള്ളി വില ഉയർന്നത് ഡൽഹിയിലെയും രാജസ്ഥാനിലെയും തിരഞ്ഞെടുപ്പ് ഫലങ്ങളെയും സ്വാധീനിച്ചു. ഡൽഹിയിൽ, അന്തരിച്ച സുഷമ സ്വരാജിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനോട് പരാജയപ്പെട്ടിരുന്നു.

ഉള്ളി വില ഉയർന്നത് അനുഗ്രഹമായവരും ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ട്. 1980 ലെ പൊതുതെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെ അധികാരത്തിൽ തിരിച്ചെത്താൻ ഇത് സഹായിച്ചു. പിന്നീട് ‘സവാള തിരഞ്ഞെടുപ്പ്’ എന്ന് വിളിക്കപ്പെട്ട 1977ലെ തിരഞ്ഞെടുപ്പിൽ, ജനതാ സർക്കാരിനെതിരെ ഭക്ഷ്യവിലക്കയറ്റം ആയുധമാക്കികൊണ്ടാണ് ഇന്ദിരാഗാന്ധി ആഞ്ഞടിച്ചത്.

∙ പുതിയ വിളവെടുപ്പുഫലം വിപണിയിലെത്തുന്ന ഡിസംബറിൽ സ്ഥിതി സാധാരണ നിലയിലാകുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. എന്നിരുന്നാലും, ഉള്ളി വില കുറഞ്ഞില്ലെങ്കിൽ, അത് സർക്കാരിനെ കണ്ണീരിലാഴ്ത്താം.

English Summary: Looming onion crisis leaves Indians in tears, govt in jitters