ബാലഭാസ്‌കറിന്റെ മരണം: കാര്‍ അപകട സമയത്ത് സ്വര്‍ണക്കടത്തുകാരുടെ സാന്നിധ്യം
by https://www.facebook.com/manoramaonlineതിരുവനന്തപുരം∙ വയലിനിസ്റ്റ് ബാലഭാസ്കർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുമ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്നവരിൽ ചിലർ സ്വർണക്കടത്തുമായി ബന്ധമുള്ളവരാണെന്ന് ഡിആർഐ സ്ഥിരീകരിച്ചു. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ടു ചില വെളിപ്പെടുത്തലുകൾ നടത്തിയ കലാഭവൻ സോബിയെ വിളിച്ചു വരുത്തിയ ഡിആർഐ, സ്വർണക്കടത്തുമായി ബന്ധമുള്ള 32 പേരുടെ ഫോട്ടോ പരിശോധനയ്ക്കായി നൽകി. വിമാനത്താവളത്തിലൂടെ സ്വർണം കടത്തിയ കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്നവരുടെയും കാരിയർമാരായി പ്രവർത്തിച്ച 10 സ്ത്രീകളുടെയും ഫോട്ടോകൾ കൂട്ടത്തിലുണ്ടായിരുന്നു. അപകടം നടന്ന സ്ഥലത്ത് ഇവരാരെങ്കിലും ഉണ്ടായിരുന്നോ എന്നാണ് ഡിആർഐ ആരാഞ്ഞത്.
ബാലഭാസ്കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്തുകൂടി പോകുകയായിരുന്ന സോബിയോട് വാഹനം നിർത്താതെ പോകാൻ ആക്രോശിച്ച ഒരാളെ ഫോട്ടോയിൽ അദ്ദേഹം തിരിച്ചറിഞ്ഞു. അപകടവുമായി ബന്ധപ്പെട്ട ചില പുതിയ വെളിപ്പെടുത്തലുകളും സോബി നടത്തി. സ്വർണക്കടത്തു കേസുമായി ബന്ധമില്ലാത്ത കാര്യങ്ങളായതിനാൽ ലഭിച്ച വിവരങ്ങൾ അന്വേഷണ ഏജൻസിയായ ക്രൈംബ്രാഞ്ചിന് കൈമാറുമെന്നു ഡിആർഐ ഉദ്യോഗസ്ഥർ പറഞ്ഞു.
ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണമുന്നയിച്ച സാഹചര്യത്തിലാണ് ഡിആർഐ കലാഭവൻ സോബിയെ നോട്ടിസ് അയച്ചു വിളിച്ചു വരുത്തിയത്. തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനുശേഷം മടങ്ങുമ്പോഴാണ് 2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ ബാലഭാസ്കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്ത് നിയന്ത്രണം വിട്ട് റോഡരികിലുള്ള മരത്തിലിടിക്കുന്നത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്കര്‍ ചികിത്സയ്ക്കിടയിലും മരിച്ചു.
ഭാര്യയ്ക്കും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനും പരുക്കേറ്റിരുന്നു. അപകടം നടന്ന് 10 മിനിട്ടിനകം താൻ അതുവഴി കടന്നുപോയെന്നാണ് സോബി ക്രൈംബ്രാഞ്ചിനു നൽകിയ മൊഴി. ബാലഭാസ്കറിന്റെ വണ്ടിയാണ് അപകടത്തിൽപ്പെട്ടതെന്ന് ആ സമയത്ത് അറിയില്ലായിരുന്നു. അപകടസ്ഥലത്ത് നല്ല തിരക്കുണ്ടായിരുന്നു.
തന്റെ വാഹനം മുന്നോട്ടുപോയപ്പോൾ ഇടതു വശത്ത് ഒരാൾ ഓടുന്നതു കണ്ടു. വലതു വശത്ത് ഒരാൾ ബൈക്ക് തള്ളുന്നു. അപകടത്തിൽപ്പെട്ടവരുടെ സ്വന്തക്കാരാണെന്നു കരുതി വാഹനത്തിന്റെ വേഗം കുറച്ചു. അവർ കൈ കാണിച്ചില്ല. അവരെ കണ്ടപ്പോൾ പന്തികേട് തോന്നി. മുന്നോട്ടുപോയപ്പോൾ കുറച്ച് ആളുകൾ വണ്ടിയുടെ ബോണറ്റിൽ അടിച്ച് വണ്ടിയെടുത്ത് മാറ്റാൻ ആക്രോശിച്ചു. ലൈറ്റിന്റെ വെട്ടത്തിൽ അവരുടെ മുഖം വ്യക്തമായി കണ്ടു. അവരെക്കുറിച്ച് സംശയമുണ്ടെന്നും മൊഴിയിലുണ്ട്.
ബാലഭാസ്കറിന്റെ മാനേജരായിരുന്ന പ്രകാശൻ തമ്പി സ്വർണക്കടത്ത് കേസിൽ പ്രതിയായതോടെയാണ് ഡിആർഐ സോബിയുടെ മൊഴി പരിശോധിക്കാൻ തീരുമാനിച്ചതും ഓഫിസിലേക്കു വിളിച്ചുവരുത്തിയതും. സ്വർണക്കടത്തു കേസിൽ അറസ്റ്റിലായവരുടെ കൂട്ടത്തിലില്ലാത്ത ഒരാളെയാണ് സോബി തിരിച്ചറിഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. ബാലഭാസ്കറിന്റെ അപകടമരണക്കേസ് അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചായതിനാൽ ലഭിച്ച വിവരങ്ങൾ അവരെ അറിയിക്കുമെന്നും കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാനാകില്ലെന്നും ഡിആർഐ ഉദ്യോഗസ്ഥർ പറഞ്ഞു.
ബാലഭാസ്കര്‍ സഞ്ചരിച്ച വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജുനാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, അപകടത്തില്‍ ദുരൂഹതകളില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയതു കാറിന്റെ അമിതവേഗം മൂലമുള്ള സ്വാഭാവിക അപകടമെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ നിവേദനം സർക്കാരിന്റെ പരിഗണനയിലാണ്.
വിമാനത്താവളം വഴി 25 കിലോ സ്വർണം കടത്തിയ കേസിൽ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനാണ് ഒന്നാം പ്രതി. സുനിൽകുമാർ, സെറീന, വിഷ്ണു സോമസുന്ദരം, ബിജു, വിനീത, അബ്ദുൾ ഹക്കിം, റഷീദ്, പ്രകാശൻ തമ്പി എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ഇതിൽ ചിലർ കൊഫെപോസ നിയമപ്രകാരം ജയിലിലാണ്. സ്വർണക്കടത്തിനെക്കുറിച്ച് സിബിഐ അന്വേഷണവും നടക്കുകയാണ്.
English Summary: Violinist Balabhaskar's Death Case Investigation