https://img-mm.manoramaonline.com/content/dam/mm/mo/homestyle/first-shot/images/2019/11/29/solar-plant-converter.jpg
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം

കടൽവെള്ളം കുടിവെള്ളമാക്കുന്ന സോളർ പ്ലാന്റ്! ഇത് ലോകത്തെ മാറ്റിമറിക്കുന്ന കണ്ടുപിടിത്തമാകുമോ?

by

ലോകത്താകമാനം 2.2 ബില്യന്‍ ആളുകള്‍ ശുദ്ധജലം ലഭിക്കാതെ വലയുന്നുണ്ട് എന്നാണു കണക്കുകള്‍ പറയുന്നത്. യഥാര്‍ഥസംഖ്യ ഇതിലും അധികമാകാം. ആഫ്രിക്കൻ രാജ്യങ്ങളിലാണ് സ്ഥിതി രൂക്ഷം. എന്നാല്‍ ഇതിനൊരു പരിഹാരവുമായി വന്നിരിക്കുകയാണ് കെനിയയിലെ ഒരു എന്‍ജിഒ. കടല്‍ ജലം കുടിവെള്ളമാക്കി മാറ്റുന്ന ഒരു സോളർ പവര്‍ പ്ലാന്റ് ആണ് ഇവര്‍ സ്ഥാപിച്ചത്. ഇതുവഴി ദിവസവും 25,000 ആളുകള്‍ക്കും പ്രയോജനം ലഭിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റ്‌ മാസത്തിലാണ് ഈ വാട്ടര്‍ ട്രാന്‍സ്ഫോമിങ് പ്ലാന്റ് വിജയകരമായി ഉപയോഗിക്കാന്‍ തുടങ്ങിയത്. ഗൾഫ് രാജ്യങ്ങളിലും മറ്റും ഉപ്പ് വെള്ളത്തെ ശുദ്ധജലം ആക്കുന്ന പ്രക്രിയ ധാരാളം ചെലവേറിയ ഒന്നാണ്. അതിനാല്‍ സോളര്‍ പവര്‍ ഉപയോഗിച്ചാല്‍ ഈ ചെലവ് കുറയ്ക്കാന്‍ സാധിക്കുമെന്ന് ഇവര്‍ പറയുന്നു. 

'ഗീവ് പവര്‍' എന്നാണ് ഈ എന്‍ജിഒയുടെ പേര്. കെനിയയിലെ കിയുങ്ക എന്ന ചെറിയ ഗ്രാമത്തിലാണ് ഈ പ്ലാന്റ് ഇവര്‍ സ്ഥാപിച്ചത്. 50 വാട്ട് വൈദ്യുതി കൊണ്ട് 24 മണിക്കൂറും ഉപ്പുവെള്ളം ശുദ്ധജലമാക്കി മാറ്റിനൽകാൻ ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ഈ സാങ്കേതികവിദ്യ വിജയകരമായതോടെ കെനിയയിലെ വീടുകളിലും ഇതിന്റെ ചെറിയ മോഡലുകൾ ഇവർ നിർമിച്ചു നൽകിത്തുടങ്ങി.

https://img-mm.manoramaonline.com/content/dam/mm/mo/homestyle/first-shot/images/2019/11/29/solar-plant-converter-house.jpg

ലോകമെങ്ങും സൗരോർജത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു തുടങ്ങുകയാണ്. ആഫ്രിക്കയിലെ നിരവധി ഗ്രാമങ്ങളും വീടുകളും ഇപ്പോൾ സോളർ പാനൽ ഉപയോഗിക്കുന്നു. ഈ കണ്ടുപിടിത്തത്തോടെ വൈദ്യുതി ഉത്പാദിപ്പിക്കാനും വെള്ളം ചൂടാക്കാനും മാത്രമല്ല ഉപ്പുവെള്ളം കുടിവെള്ളമാക്കാനും സോളറിനെ കൂട്ടുപിടിക്കാം എന്ന് തെളിഞ്ഞിരിക്കുകയാണ്.

കെനിയയിലെ മൂന്നിലൊന്നു ആളുകള്‍ക്കും കുടിക്കാന്‍ ശുദ്ധജലം ഇല്ലാത്ത അവസ്ഥയുണ്ട്. പലരും മണിക്കൂറുകൾ നടന്നാണ് ശുദ്ധജലം ശേഖരിക്കുന്നത്. ഉപ്പ് വെള്ളത്തില്‍ കുളിക്കുകയും തുണികള്‍ കഴുകുകയും ചെയ്യുന്നതിനാല്‍ ത്വക്ക് രോഗങ്ങളും ഇവരെ അലട്ടാറുണ്ട്. എന്തായാലും ആയിരക്കണക്കിന് ആളുകള്‍ക്കാണ് ഈ പദ്ധതി മൂലം കുടിവെള്ളക്ഷാമം മാറികിട്ടിയത്.ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഇത്തരം സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് ഇവര്‍ പറയുന്നത്. കൊളംബിയ, ഹൈത്തി തുടങ്ങി സ്ഥലങ്ങളിലും ഈ പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ഈ എന്‍ജിഒ. 

Content Summary- Solar Plant that Transforms Salt Water to Drinking Water