https://img.manoramanews.com/content/dam/mm/mnews/news/entertainment/images/2019/11/29/vijaymenon-interview.jpg

'കഞ്ചാവാണോ?' ഞാൻ കേട്ടു മടുത്ത ചോദ്യം; പുതിയ വിവാദത്തിൽ വിജയ് മേനോന് പറയാനുള്ളത്

by

ഒരു കാലത്ത് മലയാളസിനിമയിലെ സൈക്കോ കഥാപാത്രങ്ങളും കഞ്ചാവിന് അടിമയായ കഥാപാത്രങ്ങളും മാത്രം ചെയ്യാൻ വിധിക്കപ്പെട്ട നടനാണ് വിജയ് മേനോൻ. ചെയ്ത കഥാപാത്രങ്ങൾ കാരണം ഏറെ തെറ്റിധരിക്കപ്പെട്ട നടൻ കൂടിയാണ് അദ്ദേഹം. ആ കാലഘട്ടത്തിൽ വിജയ് മേനോൻ യാഥാർഥത്തിൽ കഞ്ചാവിന് അടിമയാണെന്ന് പോലും ആളുകൾ പറഞ്ഞിട്ടുണ്ട്. പുതിയ കാലത്ത് യുവതാരങ്ങൾ ലഹരിക്ക് അടിമയാണെന്ന് നിർമാതാക്കൾ തുറന്നടിച്ചത് വലിയ വിവാദത്തിനാണ് വഴിതെളിച്ചിരിക്കുന്നത്. ഇതിനെക്കുറിച്ച് വിജയ് മേനോൻ മനോരമ ന്യൂസ് ഡോട്ട്കോമിനോട് പ്രതികരിക്കുന്നു.

ഷെയിൻ ചെയ്ത പ്രവൃത്തി ന്യായീകരണം അർഹിക്കുന്നതല്ല. എന്നാൽ അതിന്റെ പേരിൽ നിർമാതാക്കൾ ന്യൂജനറേഷൻ മുഴുവൻ കഞ്ചാവാണ്, എൽ.എസ്.ജിയാണെന്ന് പറയുന്നത് ശരിയല്ല. പണം നഷ്ടമായതിന്റെ വിഷമം നിർമാതാവിനുണ്ടാകുന്നത് സ്വാഭാവികമാണ്. അതിന്റെ പേരിലുള്ള വൈകാരിക പ്രതികരണം കൂടിയാണ് ഇന്നലെ നടന്ന പത്രസമ്മേളനം. സെറ്റിൽ പൊലീസ് വന്ന് രാവിലെയും ഉച്ചയ്ക്കുമൊക്കെ പരിശോധിക്കണമെന്ന് പറയുന്നത് എന്ത് വിരോധാഭാസമാണ്. പൊലീസിന്റെ നടുവിൽ നിന്ന് ചെയ്യേണ്ട ഒരു ജോലിയാണോ അഭിനയം. ക്രിയേറ്റീവ് വർക്കല്ലേ? അതെങ്ങനെയാണ് ഈ സമർദ്ദത്തിന്റെ നടുവിൽ നിന്നുകൊണ്ട് ചെയ്യാൻ സാധിക്കുന്നത്. നിങ്ങളുടെ ജോലിയുടെ ഇടയ്ക്ക് പൊലീസ് വന്ന് പരിശോധിച്ചാൽ നിങ്ങൾക്ക് എത്രമാത്രം ബുദ്ധിമുട്ട് തോന്നും. എന്ത് സാധനം ഉപയോഗിച്ചാലും അത് ജോലിയെ ബാധിച്ചാൽ ബുദ്ധിമുട്ടാണ്. ജോലിയെ ബാധിക്കാത്തിടത്തോളം തികച്ചും വ്യക്തിപരമായ വിഷയമാണത്.

ഷെയിനിന്റേത് പക്വതയില്ലാത്ത പെരുമാറ്റായിപ്പോയി. ഷെയിനിന്റെ അച്ഛൻ അബി എന്റെ അടുത്ത സുഹൃത്ത് കൂടിയാണ്. അബിയുടെ എത്രയോ ഷോകൾ ഞാൻ കണ്ടിരിക്കുന്നു. നമുക്കൊരിക്കലും മറക്കാനാകാത്ത ഒരു വ്യക്തിയാണ് അബി. അബിയോടുള്ള സ്നേഹം മലയാളികൾക്കും ഷെയിനോടുണ്ട്. ആ സ്നേഹമാണ് ഇപ്പോൾ നഷ്ടപ്പെടുത്തിയിരിക്കുന്നത്. ഷെയിനിപ്പോൾ കഞ്ചാവ് അല്ലെങ്കിലും പോലും സാധാരണക്കാരായ പൊതുസമൂഹത്തിന്റെ മുന്നിൽ അത്തരമൊരു ഇമേജ് വന്നുകഴിഞ്ഞു. ഷെയിനിനെ ഇനി സിനിമയിൽ സഹകരിപ്പിക്കാനാണെങ്കിലും രണ്ടാമതൊന്ന് ആലോചിക്കും. 

അവസര ദൗർലഭ്യമുള്ള മേഖലയാണ് സിനിമ. എനിക്ക് എന്റെ കരിയറിന്റെ തുടക്കകാലത്ത് അവതരിപ്പിക്കേണ്ടി വന്നതെല്ലാം സൈക്കോയോ കഞ്ചാവോ ആയിട്ടുള്ള കഥാപാത്രങ്ങളാണ്. ആ റോൾ ഒരു സിനിമയിൽ ഭംഗിയായിട്ട് ചെയ്തപ്പോൾ പിന്നീട് വന്ന അവസരങ്ങളെല്ലാം അങ്ങനെയുള്ളതായി. അത്തരം കഥാപാത്രങ്ങൾ സിനിമയിൽ കുറഞ്ഞതോടെ എനിക്കും അവസരങ്ങൾ കുറഞ്ഞു. എന്റെ ആദ്യ സിനിമ ഭരതൻ സാറിനൊപ്പമുള്ള നിദ്രയായിരുന്നു. അതിൽ ഒരു വട്ടൻ കഥാപാത്രമായിരുന്നു. അതുകഴിഞ്ഞ് ഇറങ്ങിയ ഒരു ചിത്രമാണ് രചന. അതിലും കുറച്ച് സൈക്കോയായിരുന്നു. അതിനുശേഷം വന്ന മിക്ക സിനിമകളിലും ഒന്നുങ്കിൽ കഞ്ചാവ് അല്ലെങ്കിൽ സൈക്കോ കഥാപാത്രങ്ങളായിരുന്നു. അതോടെ ആളുകൾക്കും എന്നെക്കുറിച്ച് അത്തരമൊരു ഇമേജായിരുന്നു. 

റോഡിലൊക്കെ ഇറങ്ങി നടക്കുമ്പോൾ ആളുകൾ വന്നിട്ട് നിങ്ങൾ ശരിക്കും കഞ്ചാവാണോ എന്നൊക്കെ ചോദിച്ചിട്ടുണ്ട്. ചോദിച്ചവരോടെല്ലാം കഞ്ചാവ് അടിച്ചുകൊണ്ട് എനിക്ക് എങ്ങനെ അഭിനയിക്കാൻ സാധിക്കുമെന്ന് പറഞ്ഞ് മടുത്തിട്ടുണ്ട്. സിനിമയിൽ മദ്യപിക്കുന്ന രംഗങ്ങളിൽ അഭിനയിക്കുന്നവരോട് ആരും കള്ളുകുടിച്ചിട്ടാണോ അഭിനയിക്കുന്നതെന്ന് ചോദിക്കാറില്ലല്ലോ. അത്തരം കഥാപാത്രങ്ങൾ ചെയ്തപ്പോൾ പോലും ജനങ്ങളുടെ ഇടയിലെ ഇമേജ് ഈ രീതിയിലായി. അപ്പോൾ പിന്നെ ന്യൂജനറേഷനെല്ലാം കഞ്ചാവാണെന്ന് പറഞ്ഞാലുള്ള സ്ഥിയെന്താണ്. ഒരാൾ ഒരു തെറ്റ് ചെയ്താൽ എല്ലാവരെയും അതിലേക്ക് വലിച്ചിടുന്ന രീതി ശരിയല്ല. 

മഹാസുബൈറിനുമായുള്ള ഷെയിനിന്റെ ഫോൺ സംഭാഷണം കേട്ടിരുന്നു. അതൊക്കെ ഒരുതരം ഈഗോ പോലെയാണ് തോന്നിയത്. മൂഢില്ലെങ്കിൽ അഭിനയിക്കില്ല എന്നൊക്കെ പറയുന്നത് അഹംഭാവം നിറഞ്ഞ രീതിയായിട്ടാണ് തോന്നിയത്. ഒരു താരത്തെ വിശ്വസിച്ചാണ് പടം തുടങ്ങുന്നത്. 10 മണിക്കാണ് ഷൂട്ടിങ്ങ് എങ്കിൽ 9.55ന് എങ്കിലും സെറ്റിലുണ്ടാകേണ്ടതാണ് മര്യാദ. അഭിനയിക്കുക എന്നുള്ളതാണ് ഒരു അഭിനേതാവിന്റെ ജോലി. ആ മേഖലയിലേക്ക് വരുന്നത് തന്നെ അഭിനയത്തോടുള്ള സ്നേഹം കൊണ്ടായിരിക്കില്ലേ. എല്ലാവർക്കും തെറ്റ് പറ്റും. എന്നാൽ ഒരു നടൻ അത്യാവശ്യം വേണ്ട ഒരു ഗുണമാണ് മാനുഷികമര്യാദ. എത്രവലിയ കലാകാരനാണെങ്കിലും അതില്ലെങ്കിൽ കാര്യമില്ല. ഈ മര്യാദ ഷെയിനിന് കുറവുള്ളത് പോലെ തോന്നി. അബിയുടെ മകൻ തെറ്റ് മനസിലാക്കിയാൽ വീണ്ടും ശോഭനമായ ഭാവിയുണ്ടാകുമെന്ന് പ്രത്യാശിക്കുന്നു.