പ്രജ്ഞ ഭീകരവാദി, മാപ്പുപറയില്ല,പ്രത്യാഘാങ്ങള്‍ നേരിടും :രാഹുല്‍ഗാന്ധി

by
http://www.evartha.in/wp-content/uploads/2019/11/rahul-gandi-prangya-sing-1024x536.jpg

ദില്ലി: സംഘപരിവാര്‍ നേതാവും ലോക്സഭാ എംപിയുമായ പ്രജ്ഞാസിങ് ഠാക്കൂറിനെതിരായ ‘ഭീകരവാദി’ പ്രസ്താവന മാറ്റിപ്പറയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഇതിനെതുടര്‍ന്ന് എന്ത് പ്രത്യാഘാതങ്ങള്‍ ഉണ്ടായാലും അത് നേരിടാന്‍ താന്‍ തയ്യാറാണെന്നും രാഹുല്‍ഗാന്ധി പ്രതികരിച്ചു. ഗാന്ധിജിയുടെ കൊലയാളി ഗോഡ്സെയെ ദേശസ്നേഹി എന്ന് ലോക്സഭയില്‍ പ്രജ്ഞാസിങ് ഠാക്കൂര്‍ വിശേഷിപ്പിച്ചതിനെതിരെ ആയിരുന്നു രാഹുല്‍ഗാന്ധിയുടെ രൂക്ഷവിമര്‍ശനം.

ഒരു ഭീകരവാദി മറ്റൊരു ഭീകരവാദിയെ ദേശസ്നേഹിയെന്ന് വിളിക്കുന്നു. ബിജെപിയുടെയും സംഘപരിവാറിന്റെയും മനസിലുള്ളതാണ് അവര്‍ തുറന്നുപറഞ്ഞതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഇതാണ് ബിജെപി നേതാക്കളെചൊടിപ്പിച്ചത്. ഗാന്ധിയ്ക്ക് എതിരായി നടത്തിയ പ്രസ്താവനയില്‍ പ്രജ്ഞ മാപ്പുപറഞ്ഞെന്നും ഇനി രാഹുല്‍ മാപ്പുപറയണമെന്നും ബിജെപിനേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

രാഹുല്‍ ഗാന്ധിയ്ക്ക് എതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെയും പറഞ്ഞു. ഇതിനിടെ പ്രജ്ഞയും രാഹുലിനെതിരെ രംഗത്തെത്തി. സഭയിലെ ഒരംഗം തന്നെ ഭീകരവാദിയെന്ന് വിളിച്ചു. അത് തന്റെ അന്തസ്സിനെ ബാധിക്കുന്നതാണ്. തനിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടിട്ടില്ല. അയാള്‍ തന്നെ അപമാനിച്ചുവെന്നും പ്രജ്ഞാസിങ് ഠാക്കൂര്‍ പറഞ്ഞു. മലേഗാവ് സ്ഫോടനക്കേസില്‍ പ്രതിയായ പ്രജ്ഞാസിങ് ഠാക്കൂറിനെ ഗാന്ധിജിയെ കുറിച്ചുള്ള പരാമര്‍ശത്തെ തുടര്‍ന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ ഉപദേശക പാനലില്‍ നിന്ന് പുറത്താക്കിയിരുന്നു.