പോലീസ് കൈകാണിച്ചില്ലെന്ന് യുവാവ്; പിന്നില്‍ നിന്നും എറിഞ്ഞു വീഴ്ത്തുകയായിരുന്നു
കൊല്ലം : കടയ്ക്കലില്‍ വാഹന പരിശോധനയ്ക്കിടെ ഹെല്‍മെറ്റ് ധരിച്ചില്ലെന്നും കൈകാണിച്ചിട്ട് വാഹനം നിര്‍ത്തിയില്ലെന്നും പറഞ്ഞ് ബൈക്ക് യാത്രികനെ പോലീസുകാരന്‍ ലാത്തികൊണ്ട് എറിഞ്ഞു വീഴ്ത്തിയ സംഭവത്തില്‍ പോലീസിനെ വെട്ടിലാക്കി യുവാവിന്റെ മൊഴി. ബൈക്ക് നിര്‍ത്താന്‍ തന്നോട് പോലീസ് ആവശ്യപ്പെട്ടില്ലെന്നും കൈകാണിക്കാതെയാണ് ലാത്തി എറിഞ്ഞതെന്നും പരിക്കേറ്റ യുവാവ് പറയുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കിഴക്കുംഭാഗം സ്വദേശി സിദ്ദിക്ക് (19) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് എറിഞ്ഞ ലാത്തി ടയറില്‍ കുടുങ്ങിയാണ് ബൈക്ക് മറിഞ്ഞതെന്നും യുവാവ് പറഞ്ഞു. തലയ്ക്കും മുഖത്തുമാണ് ഗുരുതരമായി പരിക്കേറ്റത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കടയ്ക്കല്‍-മടത്തറ പാതയില്‍ കാഞ്ഞിരത്തുംമൂട് ഭാഗത്തെ വളവിലായിരുന്നു സംഭവം. പോലീസിന്റെ സ്ഥിരം വാഹന പരിശോധന കേന്ദ്രമാണ് ഈ വളവെന്ന് നാട്ടുകാരും പറയുന്നു.