താലിബാനുമായുള്ള സമാധാനചർച്ചകൾ പുനരാരംഭിച്ചതായി അമേരിക്കൻ പ്രസിഡന്റ്
by Ruhasina J Rവാഷിംഗ്ടൺ: താലിബാനുമായുള്ള സമാധാനചർച്ചകൾ പുനരാരംഭിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ അപ്രഖ്യാപിത അഫ്ഗാൻ സന്ദർശനത്തിനിടെയാണ് ട്രംപിന്റെ പ്രഖ്യാപനം. അഫ്ഗാനിസ്ഥാനിലെ വിവിധ യുഎസ് സൈനിക കേന്ദ്രങ്ങളിൽ ട്രംപ് സന്ദർശനം നടത്തി. അഫ്ഗാനിസ്ഥാനിൽ തുടരുന്ന യുഎസ് സൈനികർക്ക് നന്ദി രേഖപ്പെടുത്തുന്നതിനായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ അപ്രതീക്ഷിത സന്ദർശനം. അമേരിക്കയുമായി ചേർന്ന് സമാധാനക്കരാറുണ്ടാക്കാൻ താലിബാൻ താൽപര്യം പ്രകടിപ്പിച്ചതായി ബഗ്രാം വ്യോമത്താവളത്തിൽ സൈന്യവുമായുള്ള സംവാദത്തിൽ ട്രംപ് അറിയിച്ചു.
മികച്ചൊരു കരാർ യാഥാർഥ്യമാക്കാൻ സാധിക്കുന്നില്ലെങ്കിൽ അന്തിമ വിജയം വരെ സൈന്യം അവിടെത്തന്നെ തുടരാനുള്ള തീരുമാനമെടുക്കേണ്ടിവരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. നന്ദി പ്രകാശിപ്പിച്ച് സൈന്യത്തിന് വിഭവസമൃദ്ധമായ ഭക്ഷണവും നൽകിയാണ് ട്രംപ് മടങ്ങിയത്. സന്ദർശനത്തിനിടെ അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗാനിയുമായും ട്രംപ് കൂടിക്കാഴ്ച നടത്തി. സമാധാനക്കരാറുണ്ടാക്കാൻ താലിബാന് താൽപര്യമുണ്ടെങ്കിൽ വെടിനിർത്തൽ കരാറും അംഗീകരിക്കേണ്ടിവരുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം അഷ്‌റഫ് ഗാനി ട്വിറ്ററിൽ കുറിച്ചു.
അഫ്ഗാനിസ്ഥാനിലേക്കുള്ള അമേരിക്കൻ പ്രസിഡന്റിന്റെ ആദ്യ സന്ദർശനമാണിത്. എന്നാൽ, വിദേശരാജ്യങ്ങളിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കൻ സൈന്യത്തെ ട്രംപ് സന്ദർശിക്കുന്നത് ഇത് രണ്ടാം തവണയാണ്. കഴിഞ്ഞ വർഷം ഇറാഖിലെ യുദ്ധമുഖത്ത് വിന്യസിച്ച അമേരിക്കൻ സൈന്യത്തെ ട്രംപ് സന്ദർശിച്ചിരുന്നു. സൈനിക ഉദ്യോഗസ്ഥരിൽ ചിലരുമായി അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ട്രംപിന്റെ സന്ദർശനമെന്നതും ശ്രദ്ധേയമാണ്.