https://images.assettype.com/mediaone%2F2019-11%2F1851e3ac-d690-4dd2-a3d6-20a7003d6860%2FEKXuoHQX0AANc1u.jpg?rect=0%2C325%2C675%2C380&w=640&auto=format%2Ccompress&fit=max

കാലിസ് പാതി താടിയും മീശയുമെടുത്തത് എന്തിനായിരുന്നു?

ഓണ്‍ലൈനില്‍ ഒരു ചലഞ്ചിന്റെ ഭാഗമായാണ് ജാക്ക് കാലിസ് ഈ കടുംകൈ ചെയ്തത്...

by

സോഷ്യല്‍ മീഡിയയില്‍ പാതി താടിയും മീശയും വടിച്ച ചിത്രമിട്ടാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ഏവരേയും ഞെട്ടിച്ചിരിക്കുന്നത്. എന്തിനായിരുന്നു കാലിസ് അത് ചെയ്തതെന്നായിരുന്നു എല്ലാവരുടേയും ചോദ്യം. അതിന് കാലിസിന് വ്യക്തമായ കാരണവും ഉത്തരവുമുണ്ടായിരുന്നു.

'കാണ്ടാമൃഗങ്ങളെ രക്ഷിക്കൂ' എന്ന പേരില്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന പ്രചരണത്തിന്റെ ഭാഗമായാണ് 44കാരനായ കാലിസ് ആ കടുംകൈ ചെയ്തത്. പാതിമീശയും താടിയും മാത്രമല്ല നെഞ്ചിലെ രോമങ്ങളും കാലിസ് ഈ ചലഞ്ചിന്റെ ഭാഗമായി വടിച്ചു. കാണ്ടാമൃഗങ്ങളുടെ രക്ഷക്കായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയാണ് 'സേവ് ദ റൈനോ'. ഇതേ പേരിലാണ് അവര്‍ സോഷ്യല്‍മീഡിയയില്‍ കാണ്ടാമൃഗങ്ങളെ രക്ഷിക്കുന്നതിനുള്ള ബോധവല്‍ക്കരണത്തിനായി കാമ്പയിന്‍ തുടങ്ങിയത്. അതില്‍ പങ്കെടുത്തുകൊണ്ടാണ് കാലിസ് ഈ ചിത്രം ട്വിറ്ററില്‍ പോസ്റ്റു ചെയ്തത്.

ക്രിക്കറ്റില്‍ നിരവധി തലമുറകള്‍ക്ക് ഓള്‍ റൗണ്ടര്‍ എന്ന വിശേഷണത്തിന് തുല്യമായ പേരായിരുന്നു ജാക് കാലിസിന്റേത്. 166 ടെസ്റ്റുകളും 328 ഏകദിനങ്ങളും 25 ടി20 മത്സരങ്ങളും കാലിസ് പ്രോട്ടീസിന് വേണ്ടി കളിച്ചിട്ടുണ്ട്. 10000ത്തിലേറെ റണ്‍സും 250 വിക്കറ്റും ടെസ്റ്റില്‍ ഏകദിനത്തിലും നേടിയ സമ്പൂര്‍ണ്ണ ഓള്‍ റൗണ്ടറാണ് കാലിസ്.

13,289, 11,579, 666 എന്നിങ്ങനെയാണ് ടെസ്റ്റിലും ഏകദിനത്തിലും ടി 20യിലും നേടിയ റണ്‍സ് ടെസ്റ്റില്‍ 292 വിക്കറ്റും ഏകദിനത്തില്‍ 273 വിക്കറ്റും ടി20യില്‍ 12 വിക്കറ്റും കാലിസ് വീഴ്ത്തി. ടെസ്റ്റില്‍ സച്ചിന്(51) പിറകിലാണ് സെഞ്ചുറികളുടെ എണ്ണത്തില്‍ ഓള്‍ റൗണ്ടറായ കാലിസിന്റെ(45) സ്ഥാനം.