തെന്നി മറിഞ്ഞതല്ല, യുവതിയെ ലോറി ഇടിച്ചു തെറിപ്പിച്ചത്; സിസിടിവി ദൃശ്യങ്ങൾ

by

കൂത്താട്ടുകുളം ∙ കഴിഞ്ഞ ദിവസം ടൗണിൽ മീഡിയ കവലയിൽ സ്കൂട്ടർ യാത്രക്കാരിയായ യുവതി അപകടത്തിൽപെട്ട സംഭവത്തിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പുറത്തു വന്നു. എംസി റോഡിലൂടെ സ്കൂട്ടറിൽ വരികയായിരുന്ന തന്നെ പിന്നിലൂടെ വന്ന ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നെന്ന യുവതിയുടെ പരാതിക്കു ബലം പകരുന്ന ദൃശ്യങ്ങളാണ് അടുത്തുള്ള കടയിലെ നിരീക്ഷണ ക്യാമറയിൽ നിന്ന് ലഭിച്ചത്.

ലോറി ഇടിച്ചിട്ടില്ലെന്നും സ്കൂട്ടർ തെന്നി മറിയുകയായിരുന്നെന്നുമുള്ള വിവരമാണ് സംഭവസ്ഥലത്തുണ്ടായിരുന്ന ചിലർ പൊലീസിന് നൽകിയത്. പിടിച്ചിട്ടിരുന്ന ലോറി ഇതെത്തുടർന്ന് ഉപാധികളോടെ പൊലീസ് വിട്ടയയ്ക്കുകയും ചെയ്തു. കറുകച്ചാൽ സ്വദേശിയുടേതാണ് ലോറി. പുതിയ വിവരത്തെ തുടർന്ന് യുവതിയുടെ പരാതിയിൽ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. ആവശ്യമെങ്കിൽ സിസിടിവി ഹാർഡ് ഡിസ്ക് പരിശോധിക്കും.

എംസി റോഡിൽ നിന്ന് പാലാ, ശബരിമല എന്നിവിടങ്ങളിലേക്ക് തിരിയുന്ന പ്രധാന കവലയിൽ നേരെ പോവുകയായിരുന്ന സ്കൂട്ടറിന്റെ പിന്നിലേക്ക് ലോറി വേഗത്തിൽ എത്തുന്നതും സ്കൂട്ടർ തെറിച്ചു നിരങ്ങി വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. കൂത്താട്ടുകുളത്ത് സ്വകാര്യബാങ്കിൽ ജീവനക്കാരിയായ യുവതിയാണ് അപകടത്തിൽപെട്ടത്.

സ്കൂട്ടറിൽ നിന്ന് തെറിച്ചു വീണ യുവതി നട്ടെല്ലിനേറ്റ ക്ഷതത്തെ തുടർന്ന് ആംബുലൻസ് എത്തുന്നതു വരെ എഴുന്നേൽക്കാൻ കഴിയാതെ റോഡിൽ കിടക്കേണ്ടി വന്നു. കടുത്ത വേദന മൂലം കാലുകൾ ചലിപ്പിക്കാൻ പോലും കഴിയാത്ത നിലയിലായിരുന്നു. തലയ്ക്കും നടുവിനും തോൾഭാഗത്തും സാരമായി ചതവേറ്റ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

English Summary: Koothattukulam accident, CCTV Footage