https://img-mm.manoramaonline.com/content/dam/mm/mo/movies/movie-news/images/2019/11/29/shane-prem-nazir.jpg

പ്രേം നസീർ, മമ്മൂട്ടി, മോഹൻലാൽ; പുതുതലമുറ മാതൃകയാക്കേണ്ട ജീവിതങ്ങൾ

by

ഷെയ്ൻ നിഗം വിവാദം ചർച്ചയാകുമ്പോൾ സിനിമയിലെ ആദ്യകാല സൂപ്പർതാരം പ്രേംനസീറിന്റെ ജീവിതകഥ പറഞ്ഞ് പ്രൊഡക്‌ഷൻ കണ്‍ട്രോളർ സിദ്ധു പനയ്ക്കൽ. ത്യാഗപൂർണമായ ആ ജീവിതം ഈ തലമുറ മാതൃകയാക്കണമെന്ന് സിദ്ധു പറയുന്നു. സിദ്ധു പനയ്ക്കലിന്റെ കുറിപ്പ് താഴെ:

മാതൃകയാക്കേണ്ട ജീവിതങ്ങൾ

പത്തും പന്ത്രണ്ടും ദിവസംകൊണ്ട് സിനിമ തീർന്നിരുന്ന, നായകന്മാരും സഹനടീനടന്മാരും പ്രൊഡ്യൂസർക്കൊരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ ഓടിനടന്ന് അഭിനയിച്ചിരുന്ന കാലത്ത് സിനിമയിൽ വന്ന ആളാണ് ഞാൻ. ഊണും ഉറക്കവും കാറിൽ തന്നെയായിരുന്നു. ഒരു കാലഘട്ടം മുഴുവൻ ഇന്നത്തെ നമ്മുടെ സൂപ്പർ താരങ്ങൾക്ക്‌. ഇത് കേട്ടുകേൾവിയല്ല അനുഭവമാണ്. 

അതിനൊപ്പം നിന്നു അന്നത്തെ ടെക്നീഷ്യന്മാരും. പ്രൊഡ്യൂസർക്കൊരു ബുദ്ധിമുട്ടുണ്ടാവാതിരിക്കാൻ, ബാധ്യതയുണ്ടാവാതിരിക്കാൻ പരമാവതി ശ്രമിച്ചു നമ്മുടെ സൂപ്പർ താരങ്ങൾ അടക്കം എല്ലാവരും . പി.ജി. വിശ്വംഭരൻ സാർ പറഞ്ഞിട്ടുണ്ട് അദ്ദേഹം സംവിധായകൻ ആയ കഥ. നസീർ സാറിന്റെ കാൾഷീറ്റുണ്ടെങ്കിൽ പടം റെഡി. അദ്ദേഹം സാറിനെ സമീപിച്ചു. നിലം തൊടാതെ 3 കാൾഷീറ്റിൽ അഭിനയിച്ചുകൊണ്ടിരുന്ന നസീർ സറിന് വിശ്വംഭരൻ സാറിന്റെ ദയനീയതയിൽ മനസ്സലിഞ്ഞു. 

രാവിലെ 7 മുതൽ 9 വരെയും രാത്രി 12 മണിക്ക് ശേഷവും അഭിനയിക്കാനെത്തി നസീർ സർ. നായകനായി വർഷം 30 ഉം 35 ഉം സിനിമകളിൽ അഭിനയിക്കുന്ന കാലത്താണ് ഇത്. ത്യാഗപൂർണമായ ആ ജീവിതം മാതൃകയാക്കണം ഈ തലമുറ. നമ്മുടെ താരങ്ങൾക്കു പ്രത്യേകമായി താമസിക്കാൻ മുറിപോലും കിട്ടാത്തകാലമുണ്ടായിരുന്നു. റൂം ഷെയർ ചെയ്താണ് എല്ലാവരും താമസിച്ചിരുന്നത്. ആർക്കും പരാതി ഉണ്ടായിരുന്നില്ല. ഒരാൾ പോലും എവിടെയും തങ്ങൾക്കു വേണ്ടി കാത്തിരിക്കേണ്ടി വരരുത് എന്ന് കരുതുന്നവരായിരുന്നു നസീർ സാറും, മധുസാറും, ലാലേട്ടനും, മമ്മൂട്ടിസാറും, സോമൻ സാറും, സുകുമാരൻ സാറും എല്ലാം. 

അമ്പിളിച്ചേട്ടൻ എന്ന ജഗതിശ്രീകുമാറിനെ നോക്കു. ചുക്കില്ലാത്ത കഷായമില്ല എന്ന് പറഞ്ഞപോലെ അദ്ദേഹം അഭിനയിച്ചിരുന്ന കാലത്ത് ആർക്കും ഒരു പരാതിക്കും ഇടനൽകിയിരുന്നില്ല. എവിടെയെങ്കിലും എത്താൻ വൈകിയിട്ടുണ്ടെങ്കിൽ അതിലെ ന്യായം എല്ലാവർക്കും മനസിലാകുമായിരുന്നു. തുറന്ന പുസ്തകം പോലെ ഇപ്പോൾ നമുക്ക് മുന്നിലുള്ള മമ്മൂട്ടി സാറിന്റെയും ലാലേട്ടന്റെയും ജീവിതം കണ്ടുപഠിക്കണം... വായിച്ചു പഠിക്കണം. 

അവർ സിനിമയിൽ എത്തിപ്പെട്ട വഴികൾ, സ്ട്രഗിൾ ചെയ്തു നേടിയ മുന്നേറ്റം, കഠിനമായ അധ്വാനത്തിന്റെ വിളവായ സുസ്ഥിരത, നിർമാതാവുണ്ടെങ്കിലേ സിനിമയുള്ളു എന്ന് അവർക്കുള്ള തിരിച്ചറിവ് ഇതാണ് പാഠമാകേണ്ടത്. ഒരു ദിവസം കൊണ്ട് താരമാകുന്നവർക്ക്‌ ഉത്തമമായ പാഠപുസ്‌തകമാകണം ഇവരുടെ ജീവിതം. നമ്മൾ കണ്ണ് തുറന്നുകാണേണ്ട മറ്റൊന്നുകൂടിയുണ്ട്. 

7 കൊല്ലം മുൻപുവരെ ജഗതിച്ചേട്ടൻ ഇല്ലാത്ത ഒരു സിനിമാലോകത്തെപ്പറ്റി ചിന്തിക്കാൻ പോലും ആർക്കും കഴിയുമായിരുന്നില്ല. വിധി ആ നല്ല കലാകാരനോട്... നല്ല മനുഷ്യനോട് കാട്ടിയ ക്രൂരത ആരൊക്കെ ഇല്ലെങ്കിലും സിനിമ മുന്നോട്ടുതന്നെപോകും എന്ന് നമുക്ക് കാണിച്ചു തരുന്നു. രണ്ട് നാല് ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ, മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പുകേറ്റുന്നതും ഭവാൻ ഈ വരികൾ ജ്ഞാനപ്പാനയിലാണെന്ന് തോനുന്നു.എല്ലാവരും ഓർത്തിരിക്കേണ്ട അർത്ഥവത്തായ വരികൾ. പ്രൊഡ്യൂസർ എന്ന ചുമരുണ്ടെങ്കിലേ സിനിമ എന്ന ചിത്രമെഴുതാൻ പറ്റു എന്ന ബോധ്യമുണ്ടാവുന്നതും നല്ലതാണ്.