‘സ്ത്രീ ആയിപ്പോയി അല്ലെങ്കിൽ ചേംബറിൽ നിന്ന് വലിച്ചിട്ടു ചവിട്ടിയേനേ’ – എഫ്ഐആർ

by

തിരുവനന്തപുരം∙‘സ്ത്രീ ആയിപ്പോയി അല്ലെങ്കിൽ ചേംബറിൽനിന്ന് വലിച്ച് പുറത്തിട്ടു ചവിട്ടുമെന്ന്’ വഞ്ചിയൂർ കോടതിയിലെ അഭിഭാഷകർ വനിതാ മജിസ്ട്രേറ്റിനെ ഭീഷണിപ്പെടുത്തിയതായി എഫ്ഐആർ. വാഹനാപകടക്കേസിലെ പ്രതിക്ക് ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് അഭിഭാഷകർ മജിസ്ട്രേറ്റിനെതിരെ തിരിഞ്ഞത്.

മജിസ്ട്രേറ്റിനെ പൂട്ടിയിടാനും ജോലി തടസപ്പെടുത്താനും ശ്രമം നടന്നു. മജിസ്ട്രേറ്റിന്റെ പരാതിയിലാണ് വഞ്ചിയൂർ പൊലീസ് കേസെടുത്തത്. ബാർ അസോസിയേഷൻ നേതാക്കളായ അഡ്വ. കെ.പി.ജയചന്ദ്രൻ, പാച്ചല്ലൂർ ജയകൃഷ്ണൻ, കണ്ടാലറിയാവുന്ന പത്ത് അഭിഭാഷകർ തുടങ്ങിയവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുത്തത്. 

ബാർ അസോസിയേഷൻ പ്രസിഡൻറ് കെ. പി. ജയചന്ദ്രനാണ് ഒന്നാം പ്രതി. സെക്രട്ടറി പാച്ചല്ലൂർ രാധാകൃഷ്ണന്‍ രണ്ടാം പ്രതി. ഒന്നാം പ്രതിയാണ് ആദ്യം ചേംബറിലെത്തി കയർത്തു സംസാരിച്ചത്. ‘ഓഡർ ചലഞ്ച് ചെയ്യണോ വേണ്ടയോ എന്ന് അഭിഭാഷകർ‌ക്ക് അറിയാം. അത് നിങ്ങൾ (മജിസ്ട്രേറ്റ്) പറഞ്ഞു തരേണ്ട കാര്യമില്ല. നിങ്ങളുടെ ഓർഡറിൽ മാറ്റമുണ്ടാകുമോ എന്നാണു ഞങ്ങൾക്ക് അറിയേണ്ടത്. 

പത്തു നാൽപ്പത് വർഷം പ്രാക്ടീസുള്ള വക്കീലൻമാരാണ്. അവരെയാണ് പേടിപ്പിക്കാൻ നോക്കുന്നത്. ആദ്യം പോയി നിയമം പഠിക്കണം. സ്ത്രീ ആയിപ്പോയി അല്ലെങ്കിൽ ചേംബറിൽനിന്ന് വലിച്ച് പുറത്തിട്ട് ചവിട്ടിയേനെ’– അഭിഭാഷകർ ഇങ്ങനെ ആക്രോശിച്ചതായി എഫ്ഐആറിൽ പറയുന്നു. ഇനി കോടതിയിൽ ആരെങ്കിലും വരണോ എന്ന് ഞങ്ങൾ തീരുമാനിക്കുമെന്നു പറഞ്ഞു മജിസ്ട്രേറ്റിനെ ഭീഷണിപ്പെടുത്തി. ചേംബറിൽനിന്ന് പുറത്തിറങ്ങിയ കെ.പി. ജയചന്ദ്രൻ, ഇനി നിങ്ങൾ പുറത്തിറങ്ങുന്നതു കാണണം എന്ന് ആക്രോശിച്ച് മജിസ്ട്രേറ്റിൻറെ ചേംബറിന്റെ വാതിൽ അടച്ചതായും എഫ്ഐആറിൽ പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമം 143, 147, 149, 506, 342, 353 വകുപ്പുകളനുസരിച്ചാണ് കേസ്.

പാപ്പനംകോട് ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവർ രഘുകുമാറിന്റെ ജാമ്യമാണ് മജിസ്ട്രേറ്റ് റദ്ദാക്കിയത്.  2015ൽ രഘു ഓടിച്ചിരുന്ന കെഎസ്ആർടിസി ബസ് ബ്രേക്കിട്ടപ്പോൾ യാത്രക്കാരി ലതാകുമാരിക്ക് പരുക്കേറ്റതിന്റെ പേരിലുള്ളതാണ് കേസ്. പ്രതി തന്നെ ഭീഷണിപ്പെടുത്തിയെന്നു ലതാകുമാരി അറിയിച്ചതോടെയാണ് മജിസ്ട്രേറ്റ് രഘുവിന്റെ ജാമ്യം റദ്ദാക്കിയത്. കെഎസ്ആർടിസി ഡ്രൈവർക്ക് ജില്ലാ സെഷൻസ് കോടതി പിന്നീട് ജാമ്യം അനുവദിച്ചു.

English Summary: Group of advocates gherao woman magistrate, protesting her order, FIR registered