https://janamtv.com/wp-content/uploads/2019/11/delhi-2.jpg

തുടര്‍ച്ചയായ ദിവസങ്ങളില്‍ മഴ; ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടു

by

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടു. ഏറ്റവും രൂക്ഷമായ വായു മലിനീകരണത്തിന് സാക്ഷ്യം വഹിച്ച ശേഷമാണ് രാജ്യ തലസ്ഥാനത്തെ വായുവിന്റെ
ഗുണനിലവാരം മെച്ചപ്പെട്ടിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിംഗിന്റെ (സഫാര്‍) കണക്കനുസരിച്ച് ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) 97 ആയി രേഖപ്പെടുത്തി. തുടര്‍ച്ചയായ ദിവസങ്ങളില്‍ വ്യാപകമായി മഴ പെയ്തതാണ് വായുവിന്റെ ഗുണനിലവാരം ഉയരാന്‍ കാരണമായതെന്ന് സഫാര്‍ അറിയിച്ചു.

ഇക്കഴിഞ്ഞ ദീപാവലിക്ക് ശേഷമാണ് ഡല്‍ഹിയിലെ വായു വലിയ തോതില്‍ മലിനീകരിക്കപ്പെട്ടത്. അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കാഴ്ച മറയ്ക്കുന്ന തരത്തില്‍ പുകമഞ്ഞ് രൂപം കൊണ്ടിരുന്നു. ഇതേ തുടര്‍ന്ന് ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതോടെ നിരവധി ഓക്സിജന്‍ കേന്ദ്രങ്ങളാണ് ഡല്‍ഹിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അഞ്ച് മിനിട്ട് ശുദ്ധവായു ശ്വസിക്കുന്നതിന് 299 രൂപയാണ് ഈടാക്കിയതെങ്കിലും നിരവധി ആളുകളാണ് ഓക്സിജന്‍ പാര്‍ലറുകളിലെത്തിയത്.