https://janamtv.com/wp-content/uploads/2018/05/ramesh-chennithala.jpg

സാമ്പത്തിക പ്രതിസന്ധിക്കും പദ്ധതികള്‍ തുടങ്ങാത്തതിനും കാരണം കേന്ദ്രസര്‍ക്കാരാാണെന്ന ധനകാര്യ മന്ത്രിയുടെ നിലപാടിനോട് യോജിക്കുന്നില്ല: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് രമേശ് ചെന്നിത്തല

by

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്കും പദ്ധതികള്‍ തുടങ്ങാത്തതിനും കാരണം കേന്ദ്രസര്‍ക്കാരാണെന്ന ധനകാര്യ മന്ത്രിയുടെ നിലപാടിനോട് യോജിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരടങ്ങുന്ന സംഘത്തിന്റെയും വിദേശയാത്ര അനാവശ്യ ധൂര്‍ത്താണ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ അംഗീകരിക്കാന്‍ സാധിക്കാത്ത നടപടിയാണ് മുഖ്യമന്ത്രിയുടെതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യാഗസ്ഥരുമുള്‍പ്പടെയുള്ള 13 അംഗ സംഘത്തിന്റെ യാത്രയെയാണ് പ്രതിപക്ഷ നേതാവ് രൂക്ഷമായി വിമര്‍ശിച്ചത്. ഖജനാവില്‍ നിന്ന് പണം ചെലവാക്കി മുഖ്യമന്ത്രിയും സംഘവും ഉല്ലാസയാത്രക്ക് പോയത് ശരിയല്ല. യാത്ര എന്തിന് വേണ്ടിയെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

പാഴ് ചെലവുകള്‍ നിയന്ത്രിക്കാനോ കിട്ടാനുള്ള നികുതി പിരിച്ചെടുക്കാനോ സര്‍ക്കാരിന് കഴിയുന്നില്ല. കടം വാങ്ങി ജീവിക്കുന്ന സര്‍ക്കാരായി ഇടത് പക്ഷ സര്‍ക്കാര്‍ മാറിയെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. സി പിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ മകള്‍ക്കും ഡ്രൈവര്‍ക്കും സംസ്ഥാന സഹകരണ യൂണിയനില്‍ സ്ഥിര നിയമനം നല്‍കിയതും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കോലിയക്കോട് കൃഷ്ണന്‍ നായരുടെ ഡ്രൈവറെ അനധികൃതമായി നിയമിച്ചതും അനുഭാവികളെ തിരുകിക്കയറ്റിയതാണെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

ചില്‍ഡ്രന്‍സ് ലൈബ്രറി പൊളിച്ച് മാറ്റി ഇഎംഎസ് സ്മൃതി വിഭാഗം നിര്‍മ്മിക്കാന്‍ പണം ചെലവാക്കുന്നതിനെയും ലോക കേരള സഭക്ക് കെട്ടിടം ഉണ്ടാക്കാന്‍ ശങ്കര നാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ച് പൊളിച്ച് അധിക ചെലവുകള്‍ ഉണ്ടാക്കുന്നതിനെയും പ്രതിപക്ഷ നേതാവ് രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.