വാക്കുകള്‍ വളച്ചൊടിച്ചു, എന്നെ തീവ്രവാദിയാക്കി: 'ഗോഡ്‌സെ' പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് പ്രഗ്യാ സിങ് ഠാക്കൂര്‍
ന്യൂഡല്‍ഹി: 'ഗോഡ്‌സെ' പരാമര്‍ശത്തില്‍ ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂര്‍ മാപ്പ് പറഞ്ഞു. മഹാത്മഗാന്ധിയുടെ ഘാതകന്‍ നാഥൂറാം ഗോഡ്‌സയെ രാജ്യസ്‌നേഹി എന്ന് വിശേഷിപ്പിച്ച പ്രസ്താവനയിലാണ് പ്രഗ്യാ സിങ് ലോക്‌സഭയില്‍ ഖേദം പ്രകടിപ്പിച്ചത്. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും, സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റി പ്രതിപക്ഷം വളച്ചൊടിച്ചുവെന്നും പ്രഗ്യാ സിങ് സഭയില്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി തന്നെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ചത് വേദനയുളവാക്കി. തനിക്കെതിരെ ഒരു തെളിവുപോലും ഇല്ലാതിരുന്നിട്ടും എന്നെ തീവ്രവാദിയാക്കി. തീവ്രവാവദിയായ പ്രഗ്യാ തീവ്രവാദിയായ ഗോഡ്‌സയെ രാജ്യസ്‌നേഹിയെന്ന് വിളിക്കുന്നു. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ദു:ഖകരമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. അതേസമയം പ്രഗ്യയുടെ വിശദീകരണം അംഗീകരിക്കില്ലെന്ന നിലപാടുമായി പ്രതിപക്ഷം സഭയില്‍ പ്രതിഷേധമുയര്‍ത്തി
. സഭയുടെ നടുത്തളത്തിലിറങ്ങിയാണ് പ്രതിപക്ഷ പ്രതിഷേധം.
വിവാദ പ്രസ്താവനയെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അജയ് രഞ്ജന്‍ ചൗധരി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് പ്രഗ്യാ സിങ്ങിന്റെ ഖേദപ്രകടനം. മഹാത്മാഗാന്ധി രാജ്യത്തിന് നല്‍കിയ സംഭാവനകളെ വലിയ തോതില്‍ താന്‍ ബഹുമാനിക്കുന്നുണ്ടെന്നും പ്രഗ്യാ സിങ് പറഞ്ഞു. പ്രഗ്യാ സിങ്ങിന്റെ വിശദീകരണത്തോടെ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് പാര്‍ലിമെന്ററികാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി പ്രതിപക്ഷത്തോട് അഭ്യര്‍ത്ഥിച്ചുവെങ്കിലും പ്രതിപക്ഷം പ്രതിഷേധം അവസാനിപ്പിച്ചില്ല.