https://images.assettype.com/mediaone%2F2019-11%2F2df7aed8-c264-4e56-a22e-cfb8676fc7bf%2Fksu_president_abhijith.jpg?w=640&auto=format%2Ccompress&fit=max

എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി; കെ.എസ്.യു. ഉപരോധം അവസാനിപ്പിച്ചു

ബുധനാഴ്ച യൂനിവേഴ്‌സിറ്റി കോളജില്‍വെച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം.

by

യൂണിവേഴ്‌സിറ്റി കോളജിനു മുന്നില്‍ എസ്.എഫ്.ഐ–കെ.എസ്.യു സംഘര്‍ഷം. കെ.എസ്.യു മാര്‍ച്ചിനുനേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിന്റെ തലയ്ക്ക് പരുക്കേറ്റു. കെ.എസ്.യു പ്രവര്‍ത്തകരും കോളജിലേക്കു കല്ലേറു നടത്തി. തുടര്‍ന്ന് ഇരുപക്ഷത്തും വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്ന് മുദ്രാവാക്യം മുഴക്കിയതോടെ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് എസിപി അടക്കമുളള ഉന്നത ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയതോടെയാണ് കെ.എസ്.യു പ്രതിഷേധം അവസാനിച്ചത്. തുടര്‍ന്ന് സ്ഥലത്ത് പ്രകടനം നടത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.

ബുധനാഴ്ച യൂനിവേഴ്‌സിറ്റി കോളജില്‍വെച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. അമല്‍, നിധിന്‍ രാജ് എന്നിവരടക്കം മൂന്ന് വിദ്യാര്‍ഥികള്‍ക്കാണ് എസ്.എഫ്.ഐയുടെ മര്‍ദനമേറ്റത്. ഇതേതുടര്‍ന്ന് വ്യാഴാഴ്ച കെ.എസ്.യു പ്രവര്‍ത്തകര്‍ കോളേജിനകത്ത് പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധിച്ച വനിത പ്രവര്‍ത്തകരെയടക്കം വീണ്ടും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ആക്രമിക്കപ്പെട്ട നിധിന്‍ രാജിന്റെയ സര്‍ട്ടിഫിക്കറ്റുകള്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കത്തിച്ചതായും കെ.എസ്.യു പ്രവര്‍ത്തകര്‍ പറയുന്നു. കൂടാതെ, മര്‍ദനമേറ്റ മൂന്ന് വിദ്യാര്‍ഥികളെയും പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തതായും കെ.എസ്.യു ആരോപിക്കുന്നു.