https://www.doolnews.com/assets/2019/11/pragya-399x227.jpg

'ഗോഡ്‌സെ ദേശഭക്തന്‍'; ലോക്‌സഭയില്‍ പരസ്യമായി മാപ്പ് പറഞ്ഞ് പ്രജ്ഞ സിങ്

by

ന്യൂദല്‍ഹി: മഹാത്മാ ഗാന്ധി ഘാതകനായ ഗോഡ്സെയെ ദേശഭക്തനെന്ന് വിളിച്ചതില്‍ മാപ്പ് പറഞ്ഞ് ബി.ജെ.പി എം.പി പ്രജ്ഞാ സിങ് താക്കൂര്‍.

തന്റെ പ്രസ്താവന ആരെയെങ്കലും വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നും ഗാന്ധിജിയെ ഒരിക്കലും താന്‍ ഇകഴ്ത്തിപ്പറഞ്ഞിട്ടില്ലെന്നുമായിരുന്നു പ്രജ്ഞ പറഞ്ഞത്.

എന്റെ പ്രസ്താവന ചിലര്‍ വളച്ചൊടിച്ചു. എന്നെ തീവ്രവാദിയായി ചിത്രീകരിച്ചു. അതില്‍ അതിയായ വേദനയുണ്ട്. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റുകയായിരുന്നു. രാഷ്ട്രത്തിന് വേണ്ടി ഗാന്ധിജി നല്‍കിയ സംഭാവനങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു. -പ്രജ്ഞ പറഞ്ഞു.

തന്നെ തീവ്രവാദിയെന്ന് പരാമര്‍ശിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയും പ്രജ്ഞ സിങ് രംഗത്തെത്തി.

തനിക്കെതിരെ ഒരു കേസ് പോലും സുപ്രീം കോടതിയില്‍ തെളിയിക്കപ്പെട്ടിട്ടില്ലെന്നും പിന്നെ ഇത്തരത്തിലുള്ള പരാമര്‍ശനങ്ങള്‍ എന്തടിസ്ഥാനത്തിലാണ് പറയുകയെന്നുമായിരുന്നു പ്രജ്ഞ സിങ് ചോദിച്ചത്.

എന്നാല്‍ പ്രജ്ഞയുടെ ഈ മറുപടിക്കിടെ പ്രതിപക്ഷം വലിയ പ്രതിഷേധം ഉയര്‍ത്തി. ‘ഡൗണ്‍ ഡൗണ്‍ ഗോഡ്‌സെ..മഹാത്മാ ഗാന്ധി കീ ജയ്’ എന്നിങ്ങനെ മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് പ്രജ്ഞയുടെ മാപ്പിനെ പ്രതിപക്ഷം സ്വീകരിച്ചത്.

ഗോഡ്‌സെയെ ദേശഭക്തനെന്ന് വിളിച്ച ബി.ജെ.പി എം.പിയുടെ പരാമര്‍ശത്തില്‍ കടുത്ത നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
പ്രജ്ഞ സിങ്ങിനെ പാര്‍ട്ടി പോലും കൈവിട്ട സാഹചര്യത്തിലാണ് ഒടുവില്‍ മാപ്പ് പറഞ്ഞ് പ്രജ്ഞ രംഗത്തെത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ലോക്സഭയില്‍ എസ്.പി.ജി ബില്ലിനെകുറിച്ചുള്ള പ്രത്യേക ചര്‍ച്ചക്കിടെയായിരുന്നു പ്രജ്ഞാസിംഗ് താക്കൂറിന്റെ ഗോഡ്‌സെ പരാമര്‍ശം. പ്രസ്താവന വിവാദമായതോടെ ഇവരെ പ്രതിരോധ സമിതിയില്‍ നിന്ന് ഒഴിവാക്കുന്നതായി ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡ അറിയിച്ചിരുന്നു.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളത്തിനിടെ നടക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങളില്‍ പ്രജ്ഞയെ പങ്കെടുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ സഭാ രേഖകളില്‍ നിന്ന് പ്രജ്ഞയുടെ പരാമര്‍ശം നീക്കം ചെയ്തിട്ടുണ്ട്.

ഡി.എം.കെ അംഗമായ എ. രാജ മഹാത്മാ ഗാന്ധിയെ എന്തുകൊണ്ടു താന്‍ വധിച്ചുവെന്ന ഗോഡ്സെയുടെ വാക്കുകള്‍ ഉദ്ധരിച്ചിരുന്നു. ഗാന്ധിയെ വധിക്കുന്നതിനും 32 വര്‍ഷങ്ങള്‍ക്കു മുന്‍പേ അദ്ദേഹത്തോടു വൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഗോഡ്സെ പറഞ്ഞതായി രാജ പറഞ്ഞിരുന്നു. ഇതിനിടെ രാജയെ ഖണ്ഡിച്ചുകൊണ്ടാണ് പ്രജ്ഞ രംഗത്തെത്തിയത്. ഒരു ദേശഭക്തനെ ഉദാഹരിക്കാന്‍ കഴിയില്ലെന്നായിരുന്നു പ്രജ്ഞാസിംഗിന്റെ പ്രസ്താവന.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ