https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2019/11/29/pragya-singh-thakur.jpg
ബിജെപി എംപി പ്രജ്ഞ സിങ് ഠാക്കൂർ

ഗോഡ്സെ ‘രാജ്യസ്നേഹി’ പരാമർശം ; മാപ്പ് പറഞ്ഞ് പ്രജ്ഞ

by

ന്യൂഡൽഹി ∙ ഗാന്ധിജിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയെ അനുകൂലിച്ച് നടത്തിയ പരാമർശങ്ങളിൽ ബിജെപി എംപി പ്രജ്ഞ സിങ് ഠാക്കൂർ പരസ്യമായി മാപ്പ് പറഞ്ഞു. ഗാന്ധിജിയെ ഇകഴ്ത്തുകയോ ഗോഡ്‌സെയെ പുകഴ്ത്തുകയോ ചെയ്തിട്ടില്ലെന്നും തന്റെ പ്രസ്‌താവന തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും പ്രജ്ഞ സിങ് ഠാക്കൂർ പറഞ്ഞു.

ദേശഭക്തനെന്ന് താൻ ഗോഡ്‌സെയെ വിളിച്ചിട്ടില്ല. എന്റെ പരാമർശങ്ങളിൽനിന്ന് ചില ഭാഗങ്ങൾ അടർത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. രാഷ്ട്രത്തിനു ഗാന്ധിജി നൽകിയ സംഭാവനകളെ മാനിക്കുന്നു. പ്രസ്‌താവന ആരെയും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിയായ വേദനയുണ്ടെന്നും പ്രജ്ഞ സിങ് ഠാക്കൂർ പറഞ്ഞു. 

തന്നെ തീവ്രവാദിയെന്നു പരാമര്‍ശിച്ചതിന്റെ പേരില്‍ രാഹുൽ ഗാന്ധിയെ ഉന്നമിട്ടു പ്രജ്ഞ സിങ് ഠാക്കൂർ ആരോപണം ഉയർത്തി. യാതൊരു തെളിവുകളില്ലാതെ എങ്ങനെയാണ് ഇത്തരമൊരു ആരോപണം ഉയർ‌ത്താൻ കഴിയുകയെന്നും പ്രജ്ഞ ചോദിച്ചു.‘ഡൗണ്‍ ഡൗണ്‍ ഗോഡ്‌സെ..മഹാത്മാ ഗാന്ധി കീ ജയ്’ എന്നിങ്ങനെ മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് പ്രജ്ഞയുടെ മാപ്പിനെ പ്രതിപക്ഷം സ്വീകരിച്ചത്.

കോണ്‍ഗ്രസിന്‍റെ ശാസന പ്രമേയ നോട്ടിസ് സ്പീക്കര്‍ തള്ളി. രാഷ്ട്രപിതാവിന്‍റെ കൊലപാതകിയെ പാര്‍ലമെന്‍റിനകത്ത് പ്രകീര്‍ത്തിക്കുന്നത് രാജ്യത്തിന് അപമാനകരമാണെന്ന് കോണ്‍ഗ്രസ് ലോക്സഭ കക്ഷിനേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. കോണ്‍ഗ്രസ് എംപിമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങിയാണ് ഗാന്ധിജിക്ക് ജയ് വിളിച്ചത്. തെളിവുകളില്ലാതെ പ്രജ്ഞയെ തീവ്രവാദിയെന്നു വിളിച്ച രാഹുല്‍ ഗാന്ധിക്കെതിരെ അവകാശലംഘനത്തിനു നടപടിയെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഗോഡ്സെ രാജ്യസ്നേഹിയാണെന്ന് പാര്‍ട്ടി മുഖപത്രത്തില്‍ എഡിറ്റോറിയല്‍ എഴുതിയ ശിവസേനയുമായി സര്‍ക്കാരുണ്ടാക്കിയ കോണ്‍ഗ്രസിന്‍റേത് ഇരട്ടത്താപ്പാണെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ പരിഹസിച്ചു.

കഴിഞ്ഞ ദിവസം ലോക്സഭയിൽ എസ്പിജി ബിൽ ചർച്ചയ്ക്കിടെയാണ് ഗോഡ്സെയെ പ്രജ്ഞ പ്രശംസിച്ചത്. പ്രജ്ഞ നടത്തിയ പരാമർശം വിവാദമായതോടെ അവരെ ഈ സമ്മേളനത്തിൽ ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്നു വിലക്കിയിരുന്നു. പ്രതിരോധ വകുപ്പിന്റെ പാർലമെന്ററി സമിതിയിൽ നിന്ന് ഒഴിവാക്കിയതായും പാർട്ടി വർക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡ അറിയിച്ചു. രക്തസാക്ഷി ഉധം സിങ്ങിനെ അവഹേളിച്ചതിനെതിരെയാണു പ്രതികരിച്ചതെന്നും പെരുങ്കള്ളങ്ങൾ കൊടുങ്കാറ്റു പോലെ വരുമ്പോൾ പകലും രാത്രിയായി തോന്നുമെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രജ്ഞ പ്രതികരിച്ചത്.

പാർട്ടിയിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കാത്ത സാഹചര്യത്തിലാണ് നിലപാട് മാറ്റം. ഡിഎംകെ അംഗം എ. രാജ, ഗോഡ്സെ കോടതിയിൽ നൽകിയ മൊഴി പരാമർശിച്ചപ്പോഴാണ് പ്രജ്ഞ വിവാദ പരാമർശം നടത്തിയത്. കോൺഗ്രസ് ബഹളമുണ്ടാക്കിയപ്പോൾ സ്പീക്കർ ഇതു രേഖകളിൽ നിന്നു നീക്കിയിരുന്നു. ‘ഗോഡ്സെ ദേശഭക്താണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതിനെ പാർട്ടി അപലപിക്കുന്നു. ഗാന്ധിജി ഞങ്ങൾക്കു വഴിവിളക്കാണ്. അതങ്ങനെ തന്നെ തുടരും’– എന്നായിരുന്നു വിഷയത്തിൽ രാജ്നാഥ് സിങ്ങിന്റെ പ്രതികരണം.

ഗോഡ്സെ ദേശഭക്തനാണെന്ന പ്രജ്ഞ സിങ് ഠാക്കൂറിന്റെ വാക്കുകൾ ബിജെപിയുടെയും ആർഎസ്എസിന്റെയും ഹൃദയമാണ് പുറത്തു കൊണ്ടുവരുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി ആരോപിച്ചിരുന്നു.. ഇതേക്കുറിച്ച് എന്തു പറയാനാണ്? അത് ബിജെപിയുടെ ഹൃദയമാണ്, ആർഎസ്എസിന്റെ ഹൃദയമാണ്. അവരുടെ ഉള്ളിലുള്ളതാണ് പ്രജ്ഞ പറഞ്ഞത്. അവർ എത്രത്തോളം ഗാന്ധിജിയെ ആരാധിക്കുന്നുവെന്നു പറഞ്ഞാലും അവരുടെ ആത്മാവ് ഇതാണ് എന്നായിരുന്നു കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പ്രതികരിച്ചത്.

English Summary: My Remarks Twisted, Was Called Terrorist": Pragya Thakur Amid Godse Row