https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2019/11/5/sanjay-raut-3.jpg
സഞ്ജയ് റാവുത്ത്

മഹാരാഷ്ട്ര പോലെ ഗോവയിലും അത്ഭുതം സംഭവിക്കും; ബിജെപിക്ക് ഭരണം പോകും: സഞ്ജയ് റാവുത്ത്

by

മുംബൈ∙ മഹാരാഷ്ട്രയ്ക്കു പുറമേ ഗോവയും ബിജെപിക്കു നഷ്ടമാകുമെന്ന് ശിവസേന എംപി സഞ്ജയ് റാവുത്ത്. ഒരു അത്ഭുതം സംഭവിക്കുമെന്നും ബിജെപിക്കുള്ളിലുണ്ടാകുന്ന ഒരു രാഷ്ട്രീയ ഭൂകമ്പത്തിൽ ഗോവ നഷ്ടമാകുമെന്നും റാവുത്ത് പറഞ്ഞു. 

വെള്ളിയാഴ്ച രാവിലെ ഗോവ ഫോർവേഡ് പാർട്ടി നേതാവ് വിജയ് സർദേശായിയെയും മൂന്ന് എംഎൽഎമാരെയും മുംബൈയിലേക്കു വിളിച്ച് ഗോവയിലെ രാഷ്ട്രീയ സാഹചര്യം റാവുത്ത് വിലയിരുത്തിയിരുന്നു. 'വിജയ് സർദേശായ് ഉൾപ്പെടെ ഗോവയിലെ നാല് എംഎൽഎമാർ ശിവസേനയുമായി ബന്ധം പുലർത്തുന്നുണ്ട്. മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി നേതാവ് സുധിൻ ധവലിക്കറുമായും ചർച്ച നടത്തി. ഗോവയിൽ ബിജെപി സർക്കാരിനെ പിന്തുണയ്ക്കുന്ന ചില എംഎൽഎമാരുമായും നല്ല ബന്ധത്തിലാണ്'– സഞ്ജയ് പറഞ്ഞു.

ഗോവയിൽ അനധികൃതമായാണ് സർക്കാർ രൂപികരിച്ചതെന്നും ചില പാർട്ടികളുമായി ചേർന്ന് മറ്റൊരു സഖ്യം രൂപീകരിക്കാനാണ് പദ്ധതിയെന്നും ഗോവയിൽ ഉടനൊരു അത്ഭുതം പ്രതീക്ഷിക്കാമെന്നും സഞ്ജയ് മുന്നറിയിപ്പു നൽകി. കോൺഗ്രസും സഖ്യത്തിലുണ്ടാകുമെന്നാണ് സൂചന. 

ബിജെപി ഇതര സഖ്യമെന്ന ആശയം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. അത് രാജ്യത്തുടനീളം ആവർത്തിക്കപ്പെടും. മഹാരാഷ്ട്രയ്ക്കു ശേഷം ഗോവ. പിന്നീട് മറ്റ് സംസ്ഥാനങ്ങൾ. രാജ്യത്താകമാനം ഒരു ബിജെപി ഇതര സഖ്യമെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും റാവുത്ത് വ്യക്തമാക്കി. 

ഗോവയിൽ മഹാരാഷ്ട്ര ആവർത്തിക്കുമെന്ന് മുൻ ഗോവ ഉപമുഖ്യമന്ത്രി വിജയ് സർദേശായിയും മാധ്യമങ്ങളോട് പറഞ്ഞു. മഹാരാഷ്ട്രയിൽ എന്താണോ സംഭവിച്ചത് അതു തന്നെ മറ്റ് സംസ്ഥാനങ്ങളിലും ആവർത്തിക്കപ്പെടും. ശിവസേനയും എൻസിപിയും യോജിച്ച് ഒരു ശക്തമായ സഖ്യം ഉണ്ടാക്കുമെന്ന് സർദേശായി മുന്നറിയിപ്പു നൽകി. 

40 അംഗ ഗോവ നിയമസഭയില്‍ ബിജെപിക്ക് 27 എംഎൽഎമാരാണുള്ളത്. ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിക്ക് മൂന്നും കോണ്‍ഗ്രസിന് അഞ്ചും എന്‍സിപിക്കും മഹാരാഷ്ട്രവാദി ഗോമന്ത് പാര്‍ട്ടിക്കും ഓരോ അംഗങ്ങൾ വീതവും ഉണ്ട്. മഹാരാഷ്ട്രയിൽ ബിജെപിയെ അട്ടിമറിച്ച് ശിവസേനയുടെ നേതൃത്വത്തിൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിറ്റേന്നാണ് അതിന് ചരടുവലിച്ച സഞ്ജയ് റാവുത്തിന്റെ പ്രഖ്യാപനം. 

English Summary : After Maharashtra, BJP may lose Goa too in political earthquake: Sanjay Raut