രക്തത്തിലെ ലിഥിയവും ലാത്തിയേറും തമ്മില്‍; മനോനില അറിഞ്ഞ് പൊലീസാക്കണം
by എൻ. രാമചന്ദ്രൻ (ജില്ലാ പൊലീസ് മുൻ മേധാവി, കോട്ടയം)ബ്രിട്ടിഷ് ഭരണകാലം മുതലിങ്ങോട്ട് പൊലീസിന്റെ പ്രധാന ആയുധങ്ങളിലൊന്നായിരുന്നു ലാത്തി. മുളയിൽനിന്നു ഫൈബറിലേക്കു ലാത്തി രൂപം മാറിയെങ്കിലും അതു പ്രയോഗിക്കുന്നവരുടെ മനോനിലയിൽ കാര്യമായ മാറ്റമില്ലെന്നാണ് കഴിഞ്ഞ ദിവസം കൊല്ലത്തു നടന്ന സംഭവം തെളിയിക്കുന്നത്.
വാഹന പരിശോധനയ്ക്കിടെ, ഹെൽമറ്റ് ധരിക്കാതെ പോയ യുവാവിനെ പൊലീസുകാരൻ ലാത്തിയെറിഞ്ഞു വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ച ശേഷം പൊലീസുകാർ സ്ഥലംവിട്ടതായും ആരോപണമുണ്ട്.
ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 387 ഉദ്യോഗസ്ഥർ സേനയിലുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിൽ 59 പേരെ പിരിച്ചുവിടാനാകുമോയെന്നു നിയമോപദേശം തേടിയിരിക്കുകയാണ് സർക്കാർ. മനുഷ്യത്വം എന്ന വാക്ക് പൊലീസുകാരിൽ ചിലർ മറക്കുന്നത് എന്തുകൊണ്ടാണ്? മാനസികപിരിമുറുക്കവും ജോലിഭാരവുമെല്ലാം കാരണങ്ങളാണ്. 2016 നു ശേഷം 50 പൊലീസുകാരാണ് ആത്മഹത്യ ചെയ്തത്. പൊലീസുകാർ മാനസിക ആരോഗ്യമുള്ളവരാണെങ്കിൽ കൊല്ലത്തേതുപോലുള്ള സംഭവങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാനാകും. അതിനുള്ള ഒരു മാർഗമാണ് ലിഥിയം പരിശോധന. പൊലീസ് സേനയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ലിഥിയം പരിശോധന അനിവാര്യമാക്കണം.
ലിഥിയം പരിശോധനയുടെ പ്രസക്തി
1989 ൽ ഷ്‌റോസർ, ശ്രെയസ്ഥ എന്നീ ശാസ്ത്രജ്ഞർ ‘കുടിവെള്ളത്തിൽ ലിഥിയത്തിന്റെ അളവും കുറ്റകൃത്യങ്ങളും ആത്മഹത്യയും’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ, മനുഷ്യന്റെ മാനസികാരോഗ്യത്തിൽ രക്തത്തിലുള്ള ലിഥിയത്തിന്റെ അളവിന്റെ പ്രസക്തി കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്. താഴ്ന്ന ലിഥിയം ലെവൽ ഉള്ള ഒരു വ്യക്തി കുറ്റം ചെയ്യാനുള്ള പ്രവണതയും ആത്മഹത്യാ സ്വഭാവവും വലിയ അളവിൽ കാണിക്കുമെന്ന് ഇതിനുശേഷം നടന്ന ശാസ്ത്രീയ പഠനങ്ങളിൽ വെളിവായിട്ടുണ്ട്.
പൊലീസ്‌സേനയിലേക്കു തിരഞ്ഞെടുക്കുന്നതിനു മുൻപ് ഒരു വ്യക്തിയിലുള്ള ലിഥിയത്തിന്റെ അളവ് പരിശോധിച്ചറിഞ്ഞ് അയാൾക്കു സേനയിൽ ജോലി ചെയ്യുവാൻ പ്രാപ്തിയുണ്ടോയെന്നു മനസ്സിലാക്കണം. ഇന്ന് പൊലീസ് സേനാംഗങ്ങളുടെ അസാധാരണ പ്രവൃത്തി മൂലം മനുഷ്യജീവന് അപകടമുണ്ടാകുന്നത് സാധാരണ വാർത്തയായിക്കഴിഞ്ഞു. കുറ്റം ചെയ്യുന്ന പൊലീസുകാരനെ പിരിച്ചുവിട്ടതു കൊണ്ടോ അയാളുടെ പേരിൽ നിയമനടപടികൾ എടുത്തതുകൊണ്ടോ ഇത്തരം പ്രവൃത്തികൾക്ക് ശാശ്വത പരിഹാരമാവില്ല. മാനസികാരോഗ്യമുള്ള പൊലീസ് സേനയെ വാർത്തെടുക്കാനുള്ള പ്രാരംഭ നടപടിയായി വിവിധ തലത്തിലുള്ള മാനസികാരോഗ്യ പരിശോധനകൾക്ക് ഓരോ ഉദ്യോഗാർഥിയെയും വിധേയമാക്കേണ്ടതുണ്ട്.
പല വിദേശ രാജ്യങ്ങളിലും മാനസികാരോഗ്യനില പരിശോധിക്കുന്നതിന്റെ അവിഭാജ്യ ഭാഗമാണ് ലിഥിയം പരിശോധന. ഫൈറ്റർ പൈലറ്റുമാർ, യുഎസ് നേവി സീൽസ്, സ്പെറ്റ്സ്നാസ് എന്ന് അറിയപ്പെടുന്ന റഷ്യൻ സ്പെഷൽ ഫോഴ്‌സ്, ഇസ്രയേലിന്റെ കൗണ്ടർ ടെററിസം ഫോഴ്‌സ് (സയറേത് മട്കൽ) തുടങ്ങിയ സേനകളിൽ ഈ പരിശോധനയുണ്ട്. ഒരു വ്യക്തിയെ തിരഞ്ഞെടുക്കുന്നതിനു മുൻപ് അയാളുടെ രക്തത്തിലെ ലിഥിയം പരിശോധന അവിടങ്ങളിലെല്ലാം കർശനമായി നടപ്പിൽ വരുത്തുന്നുണ്ട്. ഇന്ത്യൻ പൊലീസ് സർവീസിലേക്കു നടത്തുന്ന തിരഞ്ഞെടുപ്പിൽ മാനസികാരോഗ്യ പരിശോധനകൾക്ക് അർഹമായ പരിഗണന നൽകുന്നില്ലെന്നു നിസ്സംശയം പറയാം.
മികച്ച മാനസികാരോഗ്യ വിദഗ്ധരുടെ പാനൽ തയാറാക്കി ചോദ്യാവലികളും രക്തനിർണയവും ഉൾപ്പെടെയുള്ള ആധുനിക പരിശോധനകൾ നടത്തിയാൽ മാത്രമേ പൊലീസ് സേനയിൽനിന്ന് സൈക്കോപാത്തുകളെയും സോഷ്യോപാത്തുകളെയും ജീനുകളിൽതന്നെ ക്രിമിനൽവാസനയുള്ളവരെയും ആത്മഹത്യാ പ്രവണതയുള്ളവരെയും മാറ്റിനിർത്താൻ സാധിക്കൂ.
പല ലോക്കപ്പ് മർദനങ്ങളും പൊതുവഴിയിലെ അസാധാരണ പ്രവർത്തന ശൈലികളും തുടച്ചു മാറ്റണമെങ്കിൽ ഓരോ പൊലീസ് ഉദ്യോഗസ്ഥനും മാനസികാരോഗ്യമുള്ളവനാണ് എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ലിഥിയം പരിശോധനകളുടെ പ്രാധാന്യവും അനിവാര്യതയും പ്രശസ്ത മാനസികാരോഗ്യ വിദഗ്ധരുമായി ചർച്ച ചെയ്തു സർക്കാരിനു തീരുമാനിക്കാവുന്നതാണ്. അർധവാർഷിക മാനസിക പരിശോധനകൾ കൃത്യമായി നടത്താൻ സർക്കാർ തയാറാകണം. പൊലീസുകാരന്റെ മനസ്സിലെ താളപ്പിഴകൾ മനുഷ്യജീവൻ പന്താടുന്ന തലത്തിലേക്കു മാറാതിരിക്കാനുള്ള കഠിനയത്നം യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കേണ്ടിയിരിക്കുന്നു.