ശബരിമലയില്‍ രാഷ്ട്രീയമില്ലാത്ത ഭരണ സംവിധാനം വേണം; ആചാര ലംഘന നീക്കങ്ങള്‍ ഉണ്ടായാല്‍ വിശ്വാസികള്‍ ചെറുക്കുമെന്ന് കുമ്മനം രാജശേഖരന്‍
by Janam TV Web Deskപത്തനംതിട്ട: ശബരിമലയില്‍ രാഷ്ട്രീയം ഇല്ലാത്ത ഭരണ സംവിധാനം വേണമെന്ന് മുന്‍ മിസോറാം ഗവര്‍ണറും മുതിര്‍ന്ന ബിജെപി നേതാവുമായ കുമ്മനം രാജശേഖരന്‍. ശബരിമലയിലെ വിശ്വാസവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന തന്ത്രി, പന്തളം കൊട്ടാരം തുടങ്ങിയവര്‍ ആയിരിക്കണം ഭരണ സംവിധാനത്തില്‍ വരേണ്ടത്. ആചാര ലംഘന നീക്കങ്ങള്‍ ഉണ്ടായാല്‍ അതിനെ വിശ്വാസികള്‍ ചെറുക്കുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. സന്നിധാനത്തു ദര്‍ശനം നടത്തിയ ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആചാരങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് ഭക്ത ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കണം. കഴിഞ്ഞ തവണ 50,000ത്തില്‍ അധികം ഭക്തരെ ആണ് കള്ളക്കേസില്‍ കുടുക്കിയത്. ഈ കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമലയില്‍ ഇനിയും ഏതെങ്കിലും തരത്തില്‍ ആചാര ലംഘനം ഉണ്ടായാല്‍ അതിനെ വിശ്വാസികള്‍ ചെറുക്കും. സൗജന്യമായി ഭക്ഷണം നല്‍കാന്‍ തയ്യാറാകുന്ന സംഘടനകള്‍ക്ക് അതിനുള്ള അനുമതി നല്‍കണം. ഭക്തര്‍ക്ക് സുഗമമായ ദര്‍ശന സൗകര്യം ഒരുക്കുന്നുന്നതില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും അലംഭാവം കാട്ടുകയാണെന്നും അദ്ദേഹം ആരോപിച്ചു.