https://janamtv.com/wp-content/uploads/2019/11/police-4.jpg

കൈകാണിക്കാതെ ലാത്തി കൊണ്ട് എറിഞ്ഞു; ആശുപത്രിയിലെത്തിച്ച ശേഷം പൊലീസുകാര്‍ മുങ്ങിയെന്നും സിദ്ദിഖ്

by

തിരുവനന്തപുരം: കൊല്ലം കടയ്ക്കലില്‍ വാഹന പരിശോധനയ്ക്കിടെ ബൈക്ക് യാത്രികനെ ലാത്തി കൊണ്ട് എറിഞ്ഞു വീഴ്ത്തിയ സംഭവത്തില്‍ യുവാവിന്റെ മൊഴി എടുത്തു. പൊലീസ് കൈകാണിക്കാതെ ലാത്തി എറിയുകയായിരുന്നുവെന്ന് യുവാവ് മൊഴി നല്‍കി. ബൈക്കുമായി താന്‍ വരുമ്പോള്‍ പൊലീസുകാര്‍ കൈ കാണിച്ചിരുന്നില്ല.

ബൈക്ക് അടുത്തെത്തിയപ്പോള്‍ കണ്‍ട്രോള്‍ റൂമിന്റെ വാഹനത്തിന് മുന്നിലുണ്ടായിരുന്ന പൊലീസുകാരന്‍ പെട്ടെന്ന് ചാടിയിറങ്ങി ലാത്തി എറിയുകായിരുന്നു. ലാത്തി ബൈക്കിന്റെ ടയറില്‍ കുരുങ്ങിയാണ് അപകടമുണ്ടായതെന്നും സിദ്ദിഖ് മൊഴി നല്‍കി.

വാഹനം നിര്‍ത്താന്‍ പൊലീസുകാര്‍ ആവശ്യപ്പെട്ടിരുന്നില്ല. കൈകാണിച്ചിട്ടും വാഹനം നിര്‍ത്തിയില്ല എന്ന പൊലീസിന്റെ വാദം കളവാണെന്നും സിദ്ദിഖ് പറഞ്ഞു. ലാത്തി ടയറില്‍ കുരുങ്ങിയതോടെ നിയന്ത്രണം വിട്ട് എതിരെ വന്ന വാഹനത്തിലിടിക്കുകയായിരുന്നു. പരിക്കേറ്റ സിദ്ദിഖ് അല്‍പ നേരം റോഡില്‍ കിടന്നു.

സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് പൊലീസുകാര്‍ യുവാവിനെ ആശുപത്രിയിലെത്തിച്ചത്. താലൂക്ക് ആശുുപത്രിയിലെത്തി സിദ്ദിഖിനെ ഒരു കമ്പൗണ്ടറിനെ ഏല്‍പ്പിച്ച ശേഷം പൊലീസുകാര്‍ മുങ്ങിയെന്നും തുടര്‍ന്ന് അര മണിക്കൂറോളം തനിക്ക് ചികിത്സ വൈകിയെന്നും സിദ്ദിഖ് പറഞ്ഞു.