https://img.manoramanews.com/content/dam/mm/mnews/news/india/images/2019/11/29/marath-N.jpg

'മറാത്ത ഗെരിന്‍ഗോണ്‍സ’ ഇടിച്ചുനില്‍ക്കുമോ കുതിച്ചുപായുമോ..?

by

സാമ്പത്തികമാന്ദ്യത്തില്‍ തകര്‍ന്നടിഞ്ഞ പോര്‍ച്ചുഗലിനെ കൈപിടിച്ചുയര്‍ത്തിയത് ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയും അദ്ദേഹത്തിന്‍റെ സര്‍ക്കാരുമാണ്. തീവ്രവലതുപക്ഷത്തെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍്ത്താന്‍ കോസ്റ്റയുടെ സോഷ്യലിസ്ററ് പാര്‍ട്ടി, ഒരു തരത്തിലും പരസ്പരം യോജിക്കാത്ത ഇടതുപക്ഷത്തിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും പിന്തുണയോടെയാണ്  പാർലമെന്റിൽ ഭൂരിപക്ഷം നേടിയത്.

ഗെരിന്‍ഗോണ്‍സ എന്നാണ് ഈ സഖ്യത്തെ പരിഹാസരൂപേണ വിളിച്ചത്. തട്ടിക്കൂട്ടുവണ്ടിയെന്നോ സൂത്രപ്പണിവണ്ടിയെന്നോയെല്ലാം മലയാളത്തില്‍  പറയാം ഈ വാക്കിന്. അധികകാലം ഓടാനിടയില്ല എന്നതായിരുന്നു പരിഹാസത്തിന് അടിസ്ഥാനം.  2015ലെ പൊതു തിരഞ്ഞെടുപ്പില്‍ പൊതുതിരഞ്ഞെടുപ്പിൽ വലതുപക്ഷ സഖ്യം കൂടുതൽ വോട്ടുകൾ നേടിയെങ്കിലും പാർലമെന്റിൽ കേവലഭൂരിപക്ഷം തെളിയിക്കാനായില്ല. തീവ്രദേശീയതയും കുടിയേറ്റവിരോധവും ഉയര്‍ത്തിക്കാട്ടി ഇറ്റലിയി്ലും ഫ്രാന്‍സിലും ഇംഗ്ലണ്ടിലുമെല്ലാം വലതുപക്ഷം പിടിമുറുക്കുമ്പോഴാണ് വലതുസഖ്യത്തിനെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ പോര്‍ച്ചുഗീസ് പാര്‍ട്ടികള്‍ തീരുമാനിച്ചത്.  

ഇടതുബ്ലോക്കും കമ്യൂണിസ്റ്റ് പാർട്ടിയും സോഷ്യലിസ്റ്റുകൾക്കൊപ്പം ചേർന്നതോടെ ബദൽ സഖ്യത്തിനു രൂപമായി. ശത്രുവിന്‍റെ ശത്രു മിത്രം എന്നതായിരുന്നു സഖ്യത്തിന്‍റെ അടിസ്ഥാനം. അധികാരമേറ്റു രണ്ടാഴ്ച പിന്നിടും മുമ്പെ വലതുപക്ഷ സഖ്യത്തെ 107ന് എതിരെ 123 വോട്ടുകൾക്കു സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യം പാർലമെന്റിൽ പരാജയപ്പെടുത്തി. 

സാമ്പത്തിക നയങ്ങളിലടക്കം കടുത്ത അഭിപ്രായ ഭിന്നതകളുള്ള സഖ്യം പരാജയപ്പെടുമെന്ന് രാഷ്ട്രീയ പണ്ഡിതര്‍ പ്രവചിച്ചു. സാമ്പത്തിക ഉദാരവൽക്കരണവാദികളെയും കടുത്ത ഇടതുപക്ഷവാദികളെയും സമരസപ്പെടുത്തി മുന്നോട്ടുപോകൽ അസാധ്യമെന്ന വിലയിരുത്തലുകളുണ്ടായി. 

എന്നാല്‍ ഏവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ' ഗെരിന്‍ഗോണ്‍സ' മുന്നേറി.  ധനകമ്മി കുറച്ചു, തൊഴിലില്ലായ്മ നിരക്ക് പകുതിയായി കുറഞ്ഞു. നിക്ഷേപസൗഹൃദ അന്തരീക്ഷം സൃഷ്ടിച്ച സഖ്യസര്‍ക്കാര്‍ ബ്രസല്‍സിന്‍റെയും കയ്യടി നേടി. വലതുസർക്കാർ  പ്രഖ്യാപിച്ച സ്വകാര്യവൽക്കരണ നടപടികള്‍  നിർത്തിവച്ചു.  ഇടതുപക്ഷത്തിന്‍റെ ഇടപെടലുകള്‍ ദാരിദ്ര്യനിര്‍മാര്‍ജനം വേഗത്തിലാക്കി. സഖ്യം ഭരണം പൂര്‍ത്തിയാക്കുകയും ചെയ്തു.

മഹാരാഷ്ട്രയിലെ മഹാവികാസ് അഘാടിയും 'ഗെരിന്‍ഗോണ്‍സ'യാണെന്ന വിമര്‍ശനം ശക്തമാണ്. ജമ്മു കശ്മീരിലെ ബിജെപി–പിഡിപി സഖ്യം കഴിഞ്ഞാല്‍ ഏവരെയും അദ്ഭുതപ്പടുത്തിയ സഖ്യനീക്കം. ഹിന്ദുത്വവാദി പാര്‍ട്ടിയായ ശിവസേനയുമായി കൈകോര്‍ത്തതില്‍ കോണ്‍ഗ്രസിലും എന്‍സിപിയിലും അസ്വസ്ഥര്‍ ഏറെയുണ്ട്. മറിച്ചും. പോര്‍ച്ചുഗീസ് ഗെരിന്‍ഗോണ്‍സയെപ്പോലെ 'തട്ടിക്കൂട്ടുവണ്ടി' ഓട്ടം പൂര്‍ത്തിയാക്കുമെന്ന് തെളിയിക്കേണ്ട ബാധ്യത ശിവസേന, കോണ്‍ഗ്രസ് എന്‍സിപി പാര്‍ട്ടികള്‍ക്കുണ്ട്. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് ഭരണം. 

മഹാരാഷ്ട്രക്കാര്‍ക്ക് 80 ശതമാനം തൊഴില്‍  സംവരണം  എന്നത് കോണ്‍ഗ്രസ് നിര്‍ദേശമായാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വര്‍ഷങ്ങളായി ശിവസേന മുന്നോട്ടുവച്ച ആശയമാണിത് എന്നതാണ് കൗതുകകരം. ജനപ്രിയ പദ്ധതികളും കര്‍ഷകക്ഷേമം മുന്‍നിര്‍ത്തിയുള്ള പ്രഖ്യാപനങ്ങളും ഏറയെുണ്ട്. മഹാരാഷ്ട്ര ആഗ്രഹിക്കുന്ന സുപ്രധാന ഇടപെടല്‍ ഉണ്ടാകേണ്ടത് കാര്‍ഷിക മേഖലയില്‍ത്തന്നെ. 

2015–2018 കാലയളവില്‍ 12,021 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കര്‍ഷികകടം എഴുതിത്തള്ളും എന്ന മഹാവികാസ്അഘാടി പ്രഖ്യാപനം മേഖലയ്ക്ക് പ്രതീക്ഷയേകുന്നതാണ്. വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് വേഗത്തില്‍ വിളഇന്‍ഷുറന്‍സ് ലഭിക്കാന്‍ നടപടിയുണ്ടാകുമെന്ന് പരിപാടി പറയുന്നു. 

സഖ്യങ്ങളുടെ ശരി തെറ്റുകള്‍ തീരുമാനിക്കപ്പെടുന്നത് ജനക്ഷേമം അടിസ്ഥാനമാക്കിയാണ്. ആശയപരമായ പൊരുത്തക്കേടുകളും സ്വാര്‍ഥതാല്‍പര്യങ്ങളും ഭരണസ്ഥിരതയെ ബാധിക്കുന്നുണ്ടോ എന്നതാണ് പ്രശ്നം. ജനാധിപത്യസംരക്ഷണവും ഭരണഘടനാ സംരക്ഷണവും പറയുന്നവര്‍ അത് പ്രായോഗികമാക്കി കാണിക്കുക കൂടി വേണം. മത, ഭാഷാ ന്യൂനപക്ഷങ്ങളും സ്ത്രീകളും ദളിതരും  മറ്റ് ദുര്‍ബലവിഭാഗങ്ങളും പരിഗണിക്കപ്പെടണം. 

ജനാധിപത്യരാജ്യങ്ങളില്‍ ഭിന്നപ്രത്യയശാസ്ത്രങ്ങളുടെ കൂടിച്ചേരലുകള്‍ പതിവായിരിക്കുന്നു. രാഷ്ട്രീയ വൈരികളായ ചെറുപാര്‍ട്ടികള്‍ വലതുപക്ഷത്തിനെതിരെ തിരിഞ്ഞ് ഒറ്റക്കെട്ടായതാണ് ഫ്രാന്‍സില്‍ ഇമ്മാനുവല്‍ മക്രോയെ അധികാരത്തിലെത്തിച്ചത്. 

പക്ഷേ ഇത്തരം ഭരണങ്ങളെല്ലാക്കാലത്തും കല്ലും മുള്ളും നിറ​ഞ്ഞതാണ്. ആശയപരമായും നയപരമായും വ്യക്തിപരമായും ഉള്ള അഭിപ്രായഭിന്നതകളെന്ന  വെല്ലുവിളിയെ അതിജീവിച്ച് മുന്നേറുന്നിടത്താണ് യഥാര്‍ഥ ചാണക്യതന്ത്രമിരിക്കുന്നത്.  എവിടെയെങ്കിലും ചോര്‍ച്ചയുണ്ടായാല്‍ ഗെരിന്‍ഗോണ്‍സകള്‍ എക്കാലത്തേക്കുമായി തട്ടിന്‍പുറത്താവും. കാത്തിരുന്ന് കാണുക തന്നെ.