കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയ്ക്ക് ജ്ഞാനപീഠ പുരസ്‌കാരം
ന്യൂഡല്‍ഹി : ഭാരതത്തിലെ ഉന്നത സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠ പുരസ്‌കാരം കവി അക്കിത്തം അച്യൂതന്‍ നമ്പൂതിരിക്ക്. പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം.
സരസ്വതീ ദേവിയുടെ വെങ്കല ശില്പവും , പ്രശസ്തി പത്രവും 11 ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം.
1926 മാര്‍ച്ച് 18-നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരില്‍ ജനനം. അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജ്ജനവുമാണ് മാതാപിതാക്കള്‍.
1946- മുതല്‍ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി അദ്ദേഹം സമുദായ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങി. പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ച അദ്ദേഹം 1975-ല്‍ ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്ററായി. 1985-ല്‍ ആകാശവാണിയില്‍ നിന്ന് വിരമിച്ചു. അദ്ദേഹത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കൃതിയില്‍ നിന്നാണ് വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം എന്ന വരികള്‍.
കേരള സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം 2008ല്‍ ഇദ്ദേഹത്തിനു ലഭിച്ചു.
ജി.ശങ്കരക്കുറുപ്പ്, എസ്.കെ പൊറ്റക്കാട്, തകഴി ശിവശങ്കരപ്പിള്ള, എം.ടി വാസുദേവന്‍ നായര്‍, ഒഎന്‍വി കുറുപ്പ് എന്നിവരാണ് ജ്ഞാനപീഠം നേടിയിട്ടുള്ള മറ്റ് മലയാളികള്‍.