വിലക്ക് ഏര്‍പ്പെടുത്തി ഷെയിന്റെ ജീവിതം വഴിമുട്ടിക്കാന്‍ നോക്കേണ്ട, ഞാന്‍ അസിസ്റ്റന്റാക്കും, നായകനുമാക്കും ; കൊച്ചുപയ്യനെ മമ്മൂട്ടിയോടും മോഹന്‍ ലാലിനോടും ഉപമിക്കുന്നത് ശരിയല്ലെന്ന് രാജീവ് രവി

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2019/11/354464/rajeev-ravi.jpg

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടയിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് വിവാദം തുടരുമ്പോള്‍ ഷെയിന്‍ നിഗത്തിന് പിന്തുണയുമായി കമ്മട്ടിപ്പാടം സംവിധായകന്‍ രാജീവ് രവി. സിനിമാ സംഘടനകള്‍ വിലക്ക് ഏര്‍പ്പെടുത്തി ജീവിതം വഴി മുട്ടിച്ചാല്‍ യുവതാരത്തെ സ്വന്തം അസിസ്റ്റന്റായി വെയ്ക്കുമെന്നും നായകനാക്കി സിനിമ ചെയ്യുമെന്നും സംവിധായകനും ക്യാമറാമേനുമായ രാജീവ് രവി പറഞ്ഞു.

ഷെയിനെതിരേ നടക്കുന്നത് ഒറ്റപ്പെടുത്തിയുള്ളതും ഏകപക്ഷീയവുമായ ആക്രമണം ആണെന്നും ഒരു മികച്ച പ്രതിഭയെ തല്ലിക്കെടുത്താന്‍ അനുവദിക്കരുത്. ഷെയിന്റെ പ്രായം പരിഗണിക്കണം. ഷെയിനെ മമ്മൂട്ടിയോടും മോഹന്‍ലാലിനോടുമാണ് ഉപമിക്കുന്നത്. വെറും 22 വയസ്സ് മാത്രം പ്രായമുള്ള പയ്യനെ മമ്മൂട്ടിയോടും മോഹന്‍ലാലിനോടും ഉപമിക്കുന്നത് ശരിയല്ല. പ്രായം പരിഗണിച്ച് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി വളരാന്‍ അനുവദിക്കുകയാണ് വേണ്ടത്. 22 വയസ്സുള്ള പയ്യനെ 50-60 വയസ്സുള്ളവര്‍ ചേര്‍ന്ന് വിചാരണ ചെയ്യുകയാണ്. തങ്ങളുടെ 20 കളില്‍ എന്താണ് ചെയ്തിരുന്നതെന്ന് ഓരോരുത്തരും ചിന്തിക്കണം.

കൃത്യമായി വേതനം കൊടുക്കാതിരിക്കുക, സ്ത്രീകളോട് മോശമായി പെരുമാറുക, തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങള്‍ സിനിമാ വ്യവസായത്തില്‍ നടക്കുന്നുണ്ട്. അത്തരം പ്രശ്‌നങ്ങളൊന്നും ചര്‍ച്ച ചെയ്യാത്തവരാണ് പക്വതയില്ലാത്ത ഒരു പയ്യന് നേരെ കയറുന്നത്. സംഘടനകള്‍ കുറേക്കൂടി ജനാധിപത്യപരമായ രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം. ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് പറഞ്ഞു തീര്‍ക്കാവുന്ന വിഷയം വെറും ഇഗോയുടെ പേരില്‍ ഒരു കലാകാരന്റെ ഭാവി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്.

സെറ്റില്‍ അവന്‍ അച്ചടക്കമില്ലാതെ പെരുമാറിയിതിനെ ന്യായീകരിക്കില്ല. അത് തെറ്റു തന്നെയാണ്. എന്നാല്‍ അതിന്റെ പേരില്‍ വിലക്കേണ്ട ആവശ്യമില്ല. അവന്‍ വളരെ കഴിവുള്ള കുട്ടിയാണ്. അഭിമാനിക്കാന്‍ കഴിയുന്ന താരം. അതുകൊണ്ടു തന്നെ പലര്‍ക്കും പേടിയുണ്ടാകും. അവനെ വിലക്കിയാല്‍ അവനെ നായകനാക്കി ഞാന്‍ സിനിമ ചെയ്യും. വളരെ കഴിവുള്ള ഒരു നടനാണ്. അവനെ ജനങ്ങള്‍ കൈവിടില്ലെന്ന് എനിക്കുറപ്പുണ്ട്. അവനെ എന്റെ അസിസ്റ്റന്റാക്കും. അവനില്‍ എനിക്ക് ഏറെ പ്രതീക്ഷയുണ്ട്. അവനെ വിലക്കാന്‍ ആര്‍ക്കും കഴിയില്ല. വിലക്കുന്നവര്‍ തന്നെ അവനെ വെച്ച് ഇനിയും സിനിമ ഉണ്ടാക്കുകയും ചെയ്യും.

അവന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ അവന്റെ സ്വന്തം കാര്യമാണ്. അതവന്‍ പറയുന്നതിനെ തടയാന്‍ ആര്‍ക്കും സാധിക്കില്ല. എന്തിനാണ് ഇത്ര വാശി കാട്ടുന്നതെന്നും ഈഗോ കളഞ്ഞ് അവനെ വിളിച്ചിരുത്തി സംസാരിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളല്ലോയെന്നും രാജീവ് രവി പറയുന്നു. അന്നയും റസൂലും, കമ്മട്ടിപ്പാടം തുടങ്ങിയ ഹിറ്റു ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച രാജീവ് രവി ഭാര്യ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ ഉള്‍പ്പെടെ മലയാളത്തിലും തമിഴിലും ഹിന്ദിയിലുമായി ഒട്ടേറെ സിനിമകള്‍ക്ക് ക്യാമറയും ചലിപ്പിച്ചിട്ടുണ്ട്.