സിനിമാസെറ്റിലെ മയക്കുമരുന്ന് ഉപയോഗത്തിന് തെളിവുണ്ടെങ്കില്‍ റെയ്ഡിന് സര്‍ക്കാര്‍ തയ്യാറെന്ന് മന്ത്രി എ.കെ ബാലന്‍

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2019/11/354460/a-k-balan.jpg

തിരുവനന്തപുരം : സിനിമാ മേഖലയില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന ആരോപണത്തോട് പ്രതികരിച്ച് മന്ത്രി എ.കെ ബാലന്‍. സിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണെന്നും ഈ മേഖലയില്‍ കുറേ അരാജകത്വങ്ങള്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു.

സിനിമാ സെറ്റുകളില്‍ റെയ്ഡ് നടത്താന്‍ സര്‍ക്കാരിന് ഒരു ബുദ്ധിമുട്ടുമില്ല. ലഹരി മരുന്ന് ഉപയോഗം സംബന്ധിച്ച് ആധികാരികമായ തെളിവോടെ പറഞ്ഞാല്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ വര്‍ത്തമാനം മാത്രം പോരാ, വ്യക്തമായ പരാതി ലഭിക്കണം. ഇക്കാര്യങ്ങള്‍ നേരത്തെ വെളിപ്പെടുത്തേണ്ടിയിരുന്നുവെന്നും പ്രശ്‌നം വരുമ്പോള്‍ മാത്രമല്ല ഇക്കാര്യങ്ങള്‍ പുറത്തു പറയേണ്ടതെന്നും മന്ത്രി കുറ്റപ്പെടുത്തി.

ഇന്നലെ നടന്‍ ഷെയിന്‍ നിഗത്തിന് എതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടത്തിയ പത്ര സമ്മേളനത്തില്‍ നിര്‍മാതാക്കളുടെ സംഘടനാ പ്രസിഡന്റ് രഞ്ജിത്താണ് പുതതലമുറയിലെ നടന്മാരില്‍ ചിലര്‍ മയക്കു മരുന്നിന് അടിമകളാണെന്നും സെറ്റില്‍ ഉള്‍പ്പെടെ മയക്കുമരുന്ന് ഉപയോഗമുണ്ടെന്നും ഗുരുതര ആരോപണം ഉന്നയിച്ചത്. ഈ ആരോപണത്തിന് ഏറെ പഴക്കമുണ്ടെങ്കിലും ഇക്കാര്യം സിനിമാ മേഖലയിലുള്ളവര്‍ തന്നെ പരസ്യമാക്കുന്നത് ഇതാദ്യമാണ്.