http://anweshanam.com/anw-images-1/anw-uploads-1/_anw-homemain/shane-nigam-2_1.jpg

ഷെയ്ൻ നിഗം ഒത്തുതീർപ്പിന് തയ്യാറാണെന്ന് സൂചന; സുഹൃത്തുക്കൾ ഡയറക്ടേഴ്സ്  അസോസിയേഷൻ പ്രതിനിധികളുമായി അനൗപചാരിക ചർച്ചകൾ കൊച്ചിയിൽ നടത്തി

by

 കൊച്ചി:  മലയാളസിനിമയിൽ നിന്ന് വിലക്കിയ നടപടിയിൽ നടൻ ഷെയ്ൻ നിഗം ഒത്തുതീർപ്പിന് തയ്യാറാണെന്ന് സൂചന. വെയിൽ, കുർബാനി എന്നീ ചിത്രങ്ങൾ പൂർത്തിയാക്കാൻ തയ്യാറാണെന്ന് കാട്ടി ഷെയ്‍നിന്‍റെ സുഹൃത്തുക്കൾ ഡയറക്ടേഴ്സ്  അസോസിയേഷൻ പ്രതിനിധികളുമായി അനൗപചാരിക ചർച്ചകൾ കൊച്ചിയിൽ നടത്തി വരികയാണ്. പ്രമുഖ നടൻമാരുമായും ഷെയ്‍നിന്‍റെ സുഹൃത്തുക്കൾ സംസാരിക്കുന്നുണ്ട്. 'അമ്മ' ഭാരവാഹികളുമായും അനൗദ്യോഗിക ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് വിവരം. അതേസമയം, വെറും 16 ദിവസത്തെ ചിത്രീകരണമേ ബാക്കിയുള്ളൂ എന്നും സിനിമ പൂർത്തിയാക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഉപേക്ഷിക്കപ്പെട്ട വെയിൽ എന്ന ചിത്രത്തിന്‍റെ സംവിധായകൻ ശരത് ഡയറക്ടേഴ്സ് അസോസിയേഷനെ സമീപിച്ചു. 

 താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, തന്നെ അപമാനിക്കുന്ന തരത്തിലുള്ള സമീപനമാണ് തുടർച്ചയായി വെയിൽ എന്ന ചിത്രത്തിന്‍റെ സെറ്റിൽ നിന്നുണ്ടായതെന്നും ഷെയ്ൻ നിഗം വിലക്കിനെത്തുടർന്ന് പ്രതികരിച്ചിരുന്നു. തുടർച്ചയായി ദിവസം 18 മണിക്കൂർ വരെ ചിത്രീകരണത്തിന് ചെലവാക്കുന്നുണ്ട്. നിരവധി സിനിമകൾ ഒരേ സമയം അഭിനയിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ തന്നെ അനാവശ്യമായി സമ്മർദ്ദത്തിലാക്കുകയാണ് ചിത്രത്തിന്‍റെ അണിയറക്കാരും സംവിധായകനും ചെയ്തത് എന്നായിരുന്നു ഷെയിനിന്‍റെ ആരോപണം. ഫെഫ്കയുടെ നേതൃത്വത്തിൽ നടന്ന ഒത്തുതീർപ്പ് ചർച്ചയ്ക്ക് ശേഷം സെറ്റിലെത്തിയപ്പോഴും വളരെ മോശം അനുഭവമാണ് സെറ്റിൽ നിന്നുണ്ടായത്. സഹിക്കാൻ വയ്യാതെയാണ് ഇറങ്ങിപ്പോയതെന്നും ഷെയ്ൻ  ദ ക്യൂ  എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ   പ്രതികരിച്ചു.