വിചാരണ തടസ്സം നീങ്ങും; ദീലീപ് ഉൾപ്പെടെയുള്ളവർക്കെതിരെ കുറ്റം ചുമത്താം
by വെബ് ഡെസ്ക്ന്യൂഡൽഹി > നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ കാണാൻ ദിലീപിന് അനുമതി നൽകിയതോടെ വിചാരണ നടപടികളിലേക്ക് പോകുന്നതിന് അന്വേഷണ സംഘത്തിനുള്ള തടസ്സം നീങ്ങി. സുപ്രീംകോടതിയിലെ കേസ് നീണ്ടുപോയതിനാൽ ദിലീപ് ഉൾപ്പടെയുള്ളവര്‍ക്കെതിരെ കുറ്റംചുമത്താൻ ഇതുവരെ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല. ദൃശ്യങ്ങൾ കൈമാറാതെ കാണാനുള്ള അനുമതിയാണ് ദീലീപിന് നൽകിയിരിക്കുന്നത്. ഇതുവരെ സാങ്കേതിക കാരണങ്ങൾകൊണ്ട് വിചാരണ നടപടികളിലേക്കോ, പ്രതികൾക്കെതിരെ കുറ്റം ചുമത്താനോ കഴിഞ്ഞിരുന്നില്ല. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ മുഗുൾ റോത്തഗിയാണ് ദിലീപിന് വേണ്ടി കേസിൽ ഹാജരായത്.
അതേസമയം ഉപാധികളോടെ പോലും ദൃശ്യങ്ങൾ കൈമാറരുതെന്നാണ് ആക്രമണത്തിന് ഇരയായ നടി ആവശ്യപ്പെട്ടത്. സ്വകാര്യതയും സുരക്ഷയും കണക്കിലെടുക്കണമെന്നും അവർ കോടതിയിൽ അഭ്യര്‍തഥിച്ചിരുന്നു. ദൃശ്യങ്ങൾ കൈമാറണമെന്ന ആവശ്യത്തെ സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയിൽ ശക്തമായി എതിര്‍ത്തിരുന്നു. ദൃശ്യങ്ങൾ ദിലീപിന് നൽകാൻ കോടതി തീരുമാനിച്ചാൽ മറ്റ് പ്രതികളും ഇതേ ആവശ്യവുമായി എത്താമെന്ന് സർക്കാർ കോടതിയിൽ വാദിച്ചിരുന്നു.
ദൃശ്യങ്ങളുടെ പകര്‍പ്പ് കൈമാറുന്നത് തന്‍റെ സ്വകാര്യതയേയും സുരക്ഷയേയും ബാധിക്കുമെന്ന നടിയുടെ വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്. ദൃശ്യങ്ങൾ കേസിലെ പ്രധാന രേഖയായതിനാൽ അത് ലഭിക്കാൻ തനിക്ക് അര്‍ഹതയുണ്ടെന്നായിരുന്നു ദിലീപിന്‍റെ വാദം. സ്വകാര്യത കണക്കിലെടുത്ത് ദൃശ്യങ്ങൾ കൈമാറരുതെന്ന് സംസ്ഥാന സര്‍ക്കാരും ആക്രമണത്തിന് ഇരയായ നടിയും കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.